കോള്‍പടവിലെ പട്ടാളപ്പുഴു; നിയന്ത്രണവിധേയം: കൃഷിവകുപ്പ്
അന്തിക്കാട്: പട്ടാളപ്പുഴുവിനെ കണ്ടെത്തിയ മനക്കൊടി ചേറ്റുപുഴ പടിഞ്ഞാറെ കോള്‍പടവില്‍ സ്ഥിതി നിയന്ത്രണ വിധേയമെന്നു കൃഷിവകുപ്പധികൃതര്‍.
മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ കൃഷിവകുപ്പ് മേധാവി പ്രൊ. മധു സുബ്രഹ്മണ്യന്‍, സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍, അരിമ്പൂര്‍ കൃഷിഭവനിലെ എല്‍ദോ, മറ്റു ജീവനക്കാര്‍, ചേറ്റുപുഴ കര്‍ഷക സഹകരണ സംഘം സെക്രട്ടറി ഇ.എസ് ബാബുരാജ്, ബോര്‍ഡ് മെമ്പര്‍മാരായ സുരേഷ് കുമാര്‍, രാജീവ്, പടവിലെ കര്‍ഷകര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പടവില്‍ സന്ദര്‍ശനം നടത്തി. മനക്കൊടി ചേറ്റുപുഴ പടിഞ്ഞാറെ കോള്‍പടവില്‍ പട്ടാളപ്പുഴുവിനെ കണ്ടെത്തിയ വാര്‍ത്ത സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണു വിദഗ്ധ സംഘം കോള്‍പടവ് സന്ദര്‍ശിക്കാനെത്തിയത്.
പട്ടാളപ്പുഴു നിയന്ത്രണ വിധേയമാണെന്നും കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ പടവില്‍ വ്യാപകമായി ഇലപ്പേനിനെ കണ്ടെത്തി. ഇവയെ നശിപ്പിക്കാന്‍ പാടത്ത് ഒരു ദിവസം മുഴുവന്‍ വെള്ളം കെട്ടി നിര്‍ത്തണമെന്നു സംഘം കര്‍ഷകര്‍ക്കു നിര്‍ദേശം നല്‍കി. എന്നിട്ടും നശിച്ചില്ലെങ്കില്‍ കീടനാശിനി ഉപയോഗിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
പട്ടാളപ്പുഴുവിനെ കണ്ടെത്തിയ ചേറ്റുപുഴ പടിഞ്ഞാറെ കോള്‍പടവിലെ 170 ഏക്കറിലാണു മുണ്ടകന്‍ കൃഷിയിറക്കുന്നത്. പട്ടാളപ്പുഴുവിന്റെ സാന്നിധ്യം കര്‍ഷകരില്‍ ഏറെ ആശങ്ക ഉണ്ടാക്കിയിരുന്നു.
പുഴുവിനെ പ്രതിരോധിക്കാന്‍ എക്കാലക്‌സ് കീടനാശിനി തന്നെ ഉപയോഗിച്ചാല്‍ മതിയെന്നും ഇനി പുഴുവിനെ കണ്ടെത്തിയാല്‍ കൃഷി വകുപ്പധികൃതരെ അറിയിക്കണമെന്നും കര്‍ഷകര്‍ക്കു നിര്‍ദേശം നല്‍കിയാണു സംഘം മടങ്ങിയത്. കൃഷി വിദഗ്ധ സംഘത്തിന്റെ സന്ദര്‍ശനം കര്‍ഷകരില്‍ ഏറെ ആശ്വാസം പകര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."