കംബോഡിയയില്‍ മലയാളി യുവാക്കള്‍ വീട്ടുതടങ്കലില്‍: പരാതിയുമായി ബന്ധുക്കള്‍
കൊട്ടാരക്കര: കംബോഡിയില്‍ രണ്ട് മലയാളി യുവാക്കള്‍ വീട്ടുതടങ്കലില്‍ കഴിയുകയാണെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്ത്. മൈലംകുളം പ്ലാവിളവീട്ടില്‍ വില്സണ്രാജ്(26), കണ്ണനല്ലൂര്‍ സനില്ഭവനില് സജീവ്(36) എന്നിവരാണ് കഴിഞ്ഞ ഒരുമാസത്തിലധികമായി വീട്ടുതടങ്കലില്‍ കഴിയുന്നത്.
പുത്തൂര്‍ സ്വദേശിയും വ്യവസായിയുമായ ബേബികുട്ടിയുടെ റബര്‍ ഫാക്ടറിയിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്. ബേബിക്കുട്ടിയാണ് ഇരുവരേയും ജോലിക്കായി കംബോഡിയയിലേക്ക് കൂട്ടിക്കൊണ്ടു പോയത്.
ഇക്കഴിഞ്ഞ സെപ്തംബര്‍ 18ന് ഫക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ വലിയ നാശനഷ്ടമുണ്ടായിരുന്നു. ഫാക്ടറി പ്രവര്‍ത്തിച്ചിരുന്ന വാടക കെട്ടിടത്തിനും വലിയ നാശമുണ്ടായി.
കെട്ടിട ഉടമയായ കംബോഡിയ സ്വദേശി ഹോര് നിയൂണിന് നഷ്ടപരിഹാരം നല്‍കാതെ ഫാക്ടറി ഉടമ ബേബിക്കുട്ടിയും മാനേജരും നാട്ടിലേക്കു കടന്നതോടെയാണ് ഇവിടെയുണ്ടായിരുന്ന വില്‍സണ്‍ രാജുവിനേയും സജീവിനേയും കെട്ടിട ഉടമ വീട്ടുതടങ്കലിലാക്കിയത്. ഉടമ നഷ്ടപരിഹാരമായി 55,000 ഡോളറാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇവരെ മോചിപ്പിക്കാനുള്ള നടപടികള്‍ക്കായി ബേബിക്കുട്ടിയെ സമീപിച്ചെങ്കിലും അയാള്‍ ഭീഷണിപ്പെടുത്തിയതായി ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു.
കംബോഡിയയില്‍ കെട്ടിട ഉടമക്കുണ്ടായ നഷ്ടം പരിഹരിക്കാതെ ഇരുവരെയും വിടില്ലന്നാണ് അവര്‍ അറിയിച്ചിട്ടുള്ളത്. വീട്ടുതടങ്കലില്‍ കിടക്കുന്നവര്‍ക്ക് ഭക്ഷണവും ലഭിക്കുന്നില്ല.
ഇവര്‍ക്കു വധഭീഷണിയുണ്ടെന്നും അടിയന്തിരമായി അധികൃതര്‍ ഇടപെടണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, മുഖ്യമന്ത്രി, കൊടിക്കുന്നില്‍ സുരേഷ് എം.പി എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."