പാലായിലെ സ്ഥാനാര്‍ഥിത്വം: കേരള കോണ്‍ഗ്രസ് ഏഴംഗ സമിതിക്ക് രൂപം നല്‍കി
ഭൂരിഭാഗം നേതാക്കളും നിഷയ്ക്ക് അനുകൂലം
പാലാ: പാലാ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതിനായി കേരള കോണ്‍ഗ്രസ് (എം) ഏഴംഗ സമിതിക്ക് രൂപംനല്‍കി. ഇന്നലെ പാലായില്‍ ചേര്‍ന്ന കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റിയിലാണ് തീരുമാനമുണ്ടായത്. സ്റ്റിയറിങ് കമ്മിറ്റിയില്‍ മാണി വിഭാഗത്തിലെ 58 അംഗങ്ങള്‍ പങ്കെടുത്തു.
തോമസ് ചാഴക്കാടന്‍ എം.പി അധ്യക്ഷനായുള്ള ഏഴംഗ കമ്മിറ്റിയെ സ്ഥാനാര്‍ഥിയെക്കുറിച്ച് തീരുമാനമെടുക്കാന്‍ സ്റ്റിയറിങ് കമ്മിറ്റി ചുമതലപ്പെടുത്തി. പി.റ്റി തോമസ്, എം. ജയരാജ് എം.എല്‍.എ, പി.കെ സജീവ്, ജോസഫ് എം. പുതുശേരി, കെ.ഐ ആന്റണി, സ്റ്റീഫന്‍ ജോര്‍ജ് എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. ഇവര്‍ ശനിയാഴ്ച രാത്രി 12 മണിവരെ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കും.
റിപ്പോര്‍ട്ട് ഞായറാഴ്ച യു.ഡി.എഫിന് സമര്‍പ്പിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യു.ഡി.എഫ് യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാണ് സ്റ്റിയറിങ് കമ്മിറ്റിയിലെ തീരുമാനം.
അതേസമയം, നിഷ ജോസ് കെ. മാണി സ്ഥാനാര്‍ഥിയാകാനാണ് സാധ്യത. പാര്‍ട്ടിയിലെ ഭൂരിഭാഗം നേതാക്കളും നിഷയെ മത്സരിപ്പിക്കുന്നതിനാണ് പിന്തുണ നല്‍കുന്നത്. പോഷക സംഘടനകളായ കേരള വനിതാ കോണ്‍ഗ്രസ് (എം), യൂത്ത് ഫ്രണ്ട് (എം) എന്നീ സംഘടനകള്‍ കഴിഞ്ഞ ദിവസം നിഷ മത്സരിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. അതേസമയം, തലമുതിര്‍ന്ന നേതാക്കളെ തഴഞ്ഞ് മാണിയുടെ കുടുംബത്തില്‍ നിന്നുതന്നെ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. ഇവരെ അനുനയിപ്പിക്കുകയെന്നതും ഏഴംഗകമ്മിറ്റിയുടെ ചുമതലയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."