വിവാഹമോചനത്തിനും ഇനി രജിസ്‌ട്രേഷന്‍
തിരുവനന്തപുരം: വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതുപോലെ വിവാഹമോചനത്തിനും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു.
വിവാഹമോചനം രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ വിവാഹബന്ധം വേര്‍പെടുത്തിയാലും ഔദ്യോഗിക രേഖകളില്‍ വിവാഹിതരായി തുടരുകയാണ് ചെയ്യുന്നത്. ഇത് മാറ്റാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതുസംബന്ധിച്ച നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നത് പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയമവകുപ്പിനെ ചുമതലപ്പെടുത്തി. 1897 ആക്ട് 21ാം വകുപ്പും 2008ലെ കേരള വിവാഹ രജിസ്‌ട്രേഷന്‍ നിയമവും അനുസരിച്ചാകും വിവാഹമോചനം രജിസ്റ്റര്‍ ചെയ്യുക.
സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം സബ് രജിസ്ട്രാര്‍ ഓഫിസിലും വിവാഹ രജിസ്‌ട്രേഷന്‍ നിയമപ്രകാരം അതത് തദ്ദേശ സ്ഥാപനങ്ങളിലുമാണ് ഇപ്പോള്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത്. വിവാഹം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വിവാഹം നടന്നതായുള്ള രേഖകളും സാക്ഷികളുമാണ് വേണ്ടത്.
എന്നാല്‍, വിവാഹമോചനത്തിന് കോടതിവിധിയുടെ വിശദാംശങ്ങളാകും വേണ്ടിവരിക. മഹല്ലുകളില്‍ വച്ചാണ് വിവാഹമോചനം നേടുന്നതെങ്കില്‍ അവിടെ നിന്നുള്ള രേഖകള്‍ ഹാജരാക്കിയാല്‍ മതിയാകും. വിവാഹമോചനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഇരുവരും തമ്മില്‍ ഒരു ബാധ്യതയും ഇല്ലെന്ന സത്യവാങ്മൂലം വാങ്ങണമോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിയമഭേദഗതിയില്‍ കൊണ്ടുവരണമോയെന്ന് നിയമവകുപ്പ് പരിശോധിക്കും. പലപ്പോഴും വിവാഹമോചനം നേടിയെങ്കിലും ഇരുവരും തമ്മിലുള്ള സാമ്പത്തികബാധ്യത തീര്‍ന്നിട്ടുണ്ടാകില്ല.
പിന്നീട് പരാതി ഉണ്ടാകാതിരിക്കാനാണ് എല്ലാ ബാധ്യതകളും തീര്‍ത്തതിനുശേഷമാണ് വിവാഹമോചനം രജിസ്റ്റര്‍ ചെയ്യുന്നതെന്ന സത്യവാങ്മൂലം വാങ്ങേണ്ടിവരിക.
ജനനം, മരണം, വിവാഹം എന്നിവയ്ക്ക് മാത്രമാണ് ഇപ്പോള്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുള്ളത്. വിവാഹമോചനം രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ എത്രപേര്‍ വിവാഹമോചനം നേടിയിട്ടുണ്ടെന്ന് സര്‍ക്കാരിന്റെ പക്കല്‍ കണക്കില്ല.
ഒരു വിവാഹം കഴിഞ്ഞ് വിവാഹമോചനം നേടി വീണ്ടും വിവാഹിതരാകുന്നവര്‍ക്കും ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കുന്നുണ്ട്. എന്നാല്‍, പുതിയ ഭേദഗതി വന്നാല്‍ വിവാഹമോചനം നേടിയതായി രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ അടുത്ത വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ. വിവാഹമോചനം എന്തുകൊണ്ട് രജിസ്റ്റര്‍ ചെയ്യുന്നില്ലെന്ന ചോദ്യം അടുത്തിടെ ഹൈക്കോടതി ഉന്നയിച്ചിരുന്നു. ഇതിനേതുടര്‍ന്നാണ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഗൗരവമായി ആലോചന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."