വര്‍ക്കലയില്‍ ലഹരിമാഫിയക്കെതിരേ നടപടി ശക്തമാക്കി എക്‌സൈസ്
കല്ലമ്പലം: തീര്‍ഥാടന വിനോദസഞ്ചാര കേന്ദ്രമായ വര്‍ക്കലയില്‍ ലഹരിമാഫിയകള്‍ക്കെതിരേ എക്‌സൈസ് ശക്തമായ നടപടി ആരംഭിക്കുന്നു. രണ്ടുമാസത്തിനിടെ പരിശോധനയില്‍ വിവിധ കേസുകളിലായി 25 ഓളം പേരെ അറസ്റ്റ് ചെയ്തിരുന്നു.
ഇരുചക്രവാഹനങ്ങള്‍, മുച്ചക്രവാഹനങ്ങള്‍ തുടങ്ങി ടൂറിസ്റ്റ് ബസുകളടക്കം ലഹരി ഉല്‍പന്നങ്ങള്‍ കടത്തലിന് മാര്‍ഗമായി സ്വീകരിച്ചതോടെ വാഹനപരിശോധനയും എക്‌സൈസ് ഉദ്യോഗസ്ഥര്‍ ശക്തമാക്കിയിട്ടുണ്ട്. ഒരു വര്‍ഷത്തിനിടെ 200 ലിറ്ററിലധികം വിദേശമദ്യവും 600 ലിറ്റര്‍ കോടയും 10 കിലോ കഞ്ചാവും മയക്കുമരുന്ന് ഗുളികകളുമടക്കം പതിനഞ്ചോളം ലഹരികടത്ത് വാഹനങ്ങളും പിടിച്ചെടുക്കുകയും ചെയ്തു. തമിഴ്‌നാട്, ആന്ധ്ര, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ ലഹരിമാഫിയകളാണ് വര്‍ക്കല മേഖലയില്‍ ഇവ എത്തിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. ട്രെയിനുകളിലും ടൂറിസ്റ്റ് ബസുകളിലും കടത്തുന്ന മയക്കുമരുന്നുകള്‍ വര്‍ക്കലയുടെ അതിര്‍ത്തി പ്രദേശങ്ങളായ അയിരൂര്‍, പാരിപ്പള്ളി, നാവായിക്കുളം, കിളിമാനൂര്‍, വെട്ടൂര്‍, തൊടുവെ, തച്ചോട് തുടങ്ങിയ മേഖലകളില്‍ ഇടനിലക്കാര്‍ വഴിയാണ് വിതരണം നടത്തുന്നത്. എസ്.എന്‍ കോളജ്, സി.എച്ച്.എം.എം കോളജ് ഉള്‍പ്പെടെ 10 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും നിരവധി സ്വകാര്യ വിദ്യഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന മേഖലയാണ് വര്‍ക്കല.
കഴിഞ്ഞ 16ന് വാഹന പരിശോധനയിലൂടെ എക്‌സൈസ് ഉദ്യോഗസ്ഥന്‍ തമിഴ്‌നാട് സ്വദേശി ചക്രവര്‍ത്തിയില്‍ നിന്ന് 40,000 രൂപയുടെ പുകയില ഉല്‍പന്നങ്ങളാണ് പിടിച്ചെടുത്തത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വില്‍പന നടത്താന്‍ പദ്ധതിയിട്ടതാണെന്ന് ചോദ്യം ചെയ്യലില്‍ തെളിഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."