പശ്ചാതാപത്തിന്റെ പുണ്യ പകലിരവുകള്‍ മായുമ്പോള്‍
മനുഷ്യര്‍ ഒരിക്കലും പാപസുരക്ഷിതരല്ല. തെറ്റുകള്‍ സ്വാഭാവികമായ പ്രകൃതത്തിലാണ് മാനവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. പിശാചിന്റെ ദുര്‍ബോധനങ്ങളെ അതിജയിക്കാത്തവര്‍ തെറ്റുകുറ്റങ്ങളിലേക്ക് വളരെ വേഗം വഴുതിവീഴുന്നു. പ്രത്യേകിച്ച് ആധുനിക സാഹചര്യങ്ങള്‍ നന്‍മകളെ വളര്‍ത്തുന്നവയല്ല, സുകൃതങ്ങളെ ഊഷരമാക്കുകയും തിന്‍മകളിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യങ്ങളാണ് ഇന്ന് കൂടുതല്‍.
പഴയ തലമുറകളുടെ സുന്ദരസുകൃതങ്ങള്‍ നവയുവസമൂഹത്തിന് കൈമോശം വന്നിരിക്കുന്നു.സുഖത്തിന് പിന്നാലെ പായുന്ന മനുഷ്യന്‍ ഇന്ന് തിന്‍മകളുടെ ജീവിത ഉദാഹരണങ്ങളായി സ്വയം മാറുന്ന കാഴ്ചകളാണ്. ഈ പ്രതിസന്ധിയിലാണ് റമദാന്‍ നന്‍മകളുടെ സ്വര്‍ഗീയ പരിമണങ്ങളിലേക്ക് നമ്മെ ക്ഷണിക്കുന്നത്. ഇത് അളവറ്റ പുണ്യങ്ങളുടെ പെരുമഴക്കാലമാണ്. ഈ സുകൃതങ്ങളില്‍ കണ്ണീരൊഴുക്കി സ്വയം ശുദ്ധിയാവുകയെന്നതാണ് വിവേകമുള്ള മനുഷ്യര്‍ ചെയ്യേണ്ടത്. പ്രത്യാശ പൂരിതമായ മിഴികളോടെയും തപിക്കുന്ന ഹൃദയത്തോടെയും ആകാശത്തേക്ക് കരമുയര്‍ത്തുന്നവര്‍ക്ക് പൊറുക്കപ്പെടുന്ന മഗ്ഫിറത്തിന്റെ പത്തിലാണ് നാം നിലകൊള്ളുന്നത്. കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ പൊഴിയുന്ന സുകൃതനിമിഷങ്ങള്‍ ഉപയോഗപ്പെടുത്തി ചെയ്ത് പോയ പാപക്കറകള്‍ കഴുകി കളയാന്‍ നാം സന്നദ്ധരാകണം.
പരിശുദ്ധ ഖുര്‍ആന്‍ നമ്മെ പശ്ചാതാപത്തിന്റെ വിശുദ്ധ വാതായനങ്ങളിലേക്ക് വിശ്വാസികളെ ക്ഷണിക്കുകയാണ്.
' നബിയേ പറയുക.. സ്വന്തത്തോട് അതിക്രമം കാട്ടിയ എന്റെ അടിമകളേ, അല്ലാഹുവിന്റെ അനുഗ്രഹത്തെ കുറിച്ച് നിരാശരാകരുത്. അവന്‍ പാപങ്ങളത്രയും മാപ്പാക്കുക തന്നെ ചെയ്യും. തീര്‍ച്ചയായും അവന്‍ അവന്‍ ഏറെ പൊറുക്കുന്നവനും കാരുണ്യവാനുമാണ് (സൂറത്ത് സുമര്‍-53)
അല്ലാഹു അവന്റെ വിശാലമായ കാരുണ്യത്തിലേക്കും പാപമോചനത്തിലേക്കും ക്ഷണിക്കുമ്പോള്‍ മുഖം തിരിച്ച് കളയുന്നവരെക്കാള്‍ നഷ്ടത്തിലായവര്‍ ആരാണ്...? പ്രത്യേകിച്ച് നാഥന്റെ ഉന്നതമായ ഔദാര്യത്തിന്റെ കവാടങ്ങള്‍ കൊട്ടിയടക്കപ്പെടാത്ത പുണ്യറമദാനില്‍ പൊറുക്കലിനെ തേടുകയും ജീവിതം നന്നാക്കുകയും ചെയ്യാത്തവര്‍ എക്കാലത്തെയും വലിയ പരാജിതരാണ്. ഈ സുരഭിലമായ അനുഗ്രഹ സൗകുമാര്യങ്ങളെ നെഞ്ചോട് ചേര്‍ത്ത് വെച്ച് സല്‍കര്‍മ്മങ്ങളില്‍ വ്യാപൃതരാകണം വിശ്വാസികള്‍.
മരുഭൂമിയുടെ അനന്തതയില്‍ വെച്ച് ഒരാളുടെ മൃഗം (വാഹനം ) നഷ്ടപ്പെട്ടു.അയാളുടെ ഭക്ഷണവും ദാഹജലവും അതിലാണ്.സര്‍വ്വസ്വവും നഷ്ടപ്പെട്ട അയാള്‍ മരണത്തെ മുഖാമുഖം കാണുകയാണ്. ഈ പ്രതിസന്ധി ഘട്ടത്തില്‍ പൊടുന്നനെ നഷ്ടപ്പെട്ട മൃഗത്തെ അയാള്‍ക്ക് തിരിച്ച് കിട്ടി. ഈ സമയത്ത് അയാള്‍ സന്തോഷാധികൃത്താല്‍ വിളിച്ച് പറയും ' നാഥാ.. നീ എന്റെ അടിമയും ഞാന്‍ നിന്റെ യജമാനനുമാണ് ' ഈ വ്യക്തിയെക്കാള്‍ അല്ലാഹുവിന് സന്തോഷമാണ് തന്റെ അടിമ തന്റെ തെറ്റില്‍ നിന്ന് പശ്ചാതപിച്ച് മടങ്ങുന്ന നേരം( ഹദീസ് ശരീഫ്)
അല്ലാഹുലിലേക്ക് ഖേദിച്ച് മടങ്ങുന്നവന് പരലോകത്ത് മാത്രമല്ല ,ധാരാളം നേട്ടങ്ങള്‍ ഭൂമിയിലും ലഭിക്കും. നൂഹ് നബി(അ) പറഞ്ഞു.' നിങ്ങള്‍ റബ്ബിനോട് പൊറുക്കലിനെ തേടുക.നിശ്ചയം അവന്‍ ധാരാളം പാപങ്ങള്‍ പൊറുക്കുന്നവനാണ്. എന്നാല്‍ അവന്‍ നിങ്ങള്‍ക്ക് മഴപെയ്യിപ്പിക്കും.സമ്പത്തും സന്താനങ്ങള്‍ കൊണ്ടും അനുഗ്രഹിക്കുകയും ആരാമങ്ങളും അരുവികളും സംവിധാനിച്ച് തരുകയും ചെയ്യും (സൂറത്തു നൂഹ്-10,11,12)
പാപമോചനം കൊണ്ട് പരമമായ ലക്ഷ്യം പടച്ച റബ്ബിന്റെ തൃപ്തിയും പരലോകമോക്ഷവുമാണ് ലക്ഷ്യമെങ്കിലും ധാരാളം നേട്ടങ്ങള്‍ ഈ ലോകത്തും ലഭിക്കുന്നു. പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന ഈ അനുഗ്രഹീത പകലിരവുകളെ നാം ഉപയോഗപ്പെടുത്തുക. പശ്ചാതപിച്ച് മടങ്ങുന്നവരില്‍ നാഥന്‍ നമ്മെ ഉള്‍പ്പെടുത്തട്ടെ.....
(എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറിയാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."