എലിപ്പനി: ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
ആലപ്പുഴ: ലെപ്ടോസ്പൈറ എന്ന ബാക്ടീരിയ മൂലമാണ് എലിപ്പനി ഉണ്ടാകുന്നത്. എലിപ്പനിക്കതിരേ താഴെപ്പറയുന്ന കാര്യങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. എലി, കന്നുകാലികള്‍ അണ്ണാന്, മരപ്പട്ടി, പട്ടി, പൂച്ച തുടങ്ങിയ മൃഗങ്ങള്‍ ഇതിന്റെ രോഗവാഹകരാണ്.
പനി, പേശിവേദന, തലവേദന, കണ്ണുകള്‍ക്ക് ചുവപ്പുനിറം, ഛര്‍ദ്ദി, മൂത്രത്തിന്റെ അളവ് കുറയുക എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. കെട്ടിക്കിടക്കുന്ന വെള്ളം, മലിനമാക്കപ്പെട്ട കുളങ്ങള്‍, തോടുകള്‍ എന്നിവിടങ്ങളില്‍ കൈകാലുകളും മുഖവും കഴുകരുത്.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കളിക്കാന്‍ കുട്ടികളെ അനുവദിക്കരുത്. മലിനമാക്കപ്പെട്ട കുളങ്ങള്‍, തോടുകള്‍ എന്നിവ വൃത്തിയാക്കുന്നവര്‍, പുല്ല് ചെത്തുന്നവര്, മീന്‍ പിടിക്കാനിറങ്ങുന്നവര് തുടങ്ങിയവര്‍ ജോലിക്കുശേഷം കൈകാലുകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം.
തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍, മീന്‍ പിടിക്കാനിറങ്ങുന്നവര്, മലിനജലവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന മറ്റ് തൊഴിലുകള്‍ ചെയ്യുന്നവര്‍ തുടങ്ങിയവര്‍ ആരോഗ്യപ്രവര്‍ത്തരുടെ നിര്‍ദ്ദേശം അനുസരിച്ച് ഡോക്സിസൈക്ലിന്‍ എന്ന പ്രതിരോധ മരുന്ന് നിര്‍ബന്ധമായും കഴിക്കണം.
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ഭക്ഷണാവശിഷ്ടങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക. സ്വയംചികില്‍സ നടത്താതെ എത്രയും വേഗം അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ തേടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."