മുട്ടഗ്രാമം പദ്ധതിക്കെതിരേ വിജിലന്‍സ് അന്വേഷണം
കോഴിക്കോട്: മുട്ടഗ്രാമം പദ്ധതി നടപ്പാക്കുന്നതിനായി 10,000 രൂപ വീതം വായ്പ അനുവദിച്ചെന്ന പേരില്‍ ജപ്തി ഭീഷണിയുമായി രംഗത്തുവന്ന ബാങ്കിനെതിരേ മനുഷ്യാവകാശ കമ്മിഷന്‍. വടകര ഒഞ്ചിയത്തെ ഒരുകൂട്ടം സ്ത്രീകള്‍ നല്‍കിയ പരാതിയില്‍ ജപ്തി നടപടി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കമ്മിഷന്‍ ഉത്തരവിട്ടു. ഭാരത് സേവക് സമാജ് എന്ന സംഘടനയുടെ കീഴില്‍ 330 സ്ത്രീകള്‍ക്കാണു 10,000 രൂപ വീതം അനുവദിച്ചെന്ന് കാണിച്ച് ബാങ്ക് ജപ്തി നോട്ടിസ് നല്‍കിയത്.
സിന്‍ഡിക്കേറ്റ് ബാങ്ക് ഓര്‍ക്കാട്ടേരി ബ്രാഞ്ചില്‍ നിന്നാണ് 10,000 രൂപ വീതം പണം നേരിട്ടു നല്‍കാതെ യുവതികള്‍ക്ക് സ്വയംതൊഴില്‍ എന്ന രീതിയില്‍ മുട്ടക്കോഴികളെ വാങ്ങിനല്‍കിയത്. എന്നാല്‍ ഗുണമേന്മ കുറഞ്ഞയിനം കോഴിക്കുഞ്ഞുങ്ങളായതിനാല്‍ തന്നെ പദ്ധതി വിജയകരമായില്ല. തുടര്‍ന്ന് ബാങ്ക് ജപ്തി നോട്ടിസ് നല്‍കിയപ്പോഴാണു തങ്ങളുടെ പേരില്‍ പതിനായിരം രൂപ വീതം സംഘത്തിനു വായ്പ നല്‍കിയതായി അറിയുന്നതെന്നാണു യുവതികളുടെ പരാതി. കോഴിക്കോട്ട് നടന്ന സിറ്റിങ്ങിലാണ് പരാതിയില്‍ ജപ്തി നടപടി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കമ്മിഷന്‍ ഉത്തരവിട്ടത്.
പദ്ധതി നടത്തിപ്പ് സംബന്ധിച്ച് അഴിമതിയുണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ അന്വേഷിക്കാന്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് നിര്‍ദേശം നല്‍കിയതായും കമ്മിഷന്‍ അംഗം പി. മോഹനദാസ് അറിയിച്ചു.
നേരത്തെ സംയോജിത മുട്ടഗ്രാമം പദ്ധതിയെക്കുറിച്ച് ആക്ഷേപം ശക്തമായിരുന്നു. സൗകര്യങ്ങളില്ലാത്ത കൂടുകളില്‍ കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതോടെയാണ് പദ്ധതിക്കെതിരേ ഗുണഭോക്താക്കളായ വനിതകള്‍ രംഗത്തുവന്നത്. വടകര ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുമായിരുന്നു ആദ്യം പരാതി ഉയര്‍ന്നത്. പത്തു വനിതകള്‍ അടങ്ങുന്ന സംഘങ്ങള്‍ക്കായിരുന്നു പദ്ധതി വഴി കോഴികുഞ്ഞുങ്ങളെയും കൂടും വിതരണം ചെയ്തിരുന്നത്. ഒരു വ്യക്തിക്ക് ഒരു കൂടും 25 കോഴി കുഞ്ഞുങ്ങളേയുമായിരുന്നു നല്‍കിയിരുന്നത്.
സിറ്റിങ്ങില്‍ 66 പരാതികള്‍ ലഭിച്ചതില്‍ 26 എണ്ണം തീര്‍പ്പാക്കി. മറ്റു കേസുകള്‍ കക്ഷികള്‍ ഹാജരാകാത്തതിനെ തുടര്‍ന്നും കൂടുതല്‍ സമയം വേണമെന്ന അപേക്ഷ ലഭിച്ചതിനെ തുടര്‍ന്നും മറ്റൊരു ദിവസത്തേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."