മോട്ടോര്‍ വകുപ്പിലെ നിയമനം: തച്ചങ്കരിക്കെതിരേ ഉന്നത അന്വേഷണം വേണം
കൊച്ചി : എ.ഡി.ജി.പി ടോമിന് ജെ. തച്ചങ്കരിക്കെതിരേ ഉന്നത റാങ്കുള്ള സീനിയര്‍ പൊലിസ് ഉദ്യോഗസ്ഥന് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്കി. തച്ചങ്കരി പൊലിസ് ആസ്ഥാനത്ത് സുപ്രധാന പദവി വഹിക്കുന്നതിനാലാണ് ഈ നിര്‍ദേശം നല്‍കുന്നതെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു.
തച്ചങ്കരി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറായിരിക്കെ മോട്ടോര്‍ വാഹന വകുപ്പില്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫായിരുന്ന എസ്.ശ്രീഹരിയെ തൃശൂരില്‍ എ.എം.വി.ഐയായി നിയമിച്ചിരുന്നു. ഇതില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ പ്രാഥമികാന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടതിനെതിരേ ശ്രീഹരി നല്കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
തനിക്ക് മതിയായ യോഗ്യതയുണ്ടെന്ന് വിലയിരുത്തിയശേഷമാണ് എ.എം.വി.ഐ നിയമനം നല്‍കിയതെന്ന് ഹരജിക്കാരന് പറയുന്നുണ്ട്. 2013 ല്‍ രാജസ്ഥാനിലെ പിലാനിയിലുള്ള ശ്രീധര്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് ബി.ടെക് ബിരുദം നേടിയ രേഖകളും ഹാജരാക്കിയിരുന്നു. ഈ ബിരുദം സര്‍ക്കാരോ പി.എസ്.സിയോ മറ്റു സര്‍വകലാശാലകളോ അംഗീകരിച്ചിട്ടുണ്ടോയെന്നോ ബിരുദം സമ്പാദിക്കാന്‍ ഹരജിക്കാരന് അവധിയിലായിരുന്നോയെന്നോ വ്യക്തമല്ല.
വിജിലന്‍സ് ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ടു നല്‍കാനും ഇടക്കാല ഉത്തരവില്‍ പറയുന്നു. ഹരജി രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."