പേരൂര്‍ക്കട എസ്.എ.പി ക്യാംപിലെ ജീവനക്കാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി, പൊലിസില്‍ വീണ്ടും ദാസ്യപ്പണി
അന്‍സാര്‍ മുഹമ്മദ്
തിരുവനന്തപുരം: പൊലിസില്‍ വീണ്ടും ദാസ്യപ്പണി വിവാദം. പൊലിസില്‍ ദാസ്യപ്പണി അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കി ഒരുവര്‍ഷം തികയുന്നതിനു മുന്‍പാണ് ക്യാംപ് ഫോളോവേഴ്‌സിനെ ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളില്‍ അടിമപ്പണി ചെയ്യിക്കുന്നത് വിവാദമായിരിക്കുന്നത്.
അടുത്തിടെ വിവിധ ക്യാംപുകളില്‍ ജോലിക്കായെടുത്ത നാല്‍പതിലേറെ താല്‍കാലിക ജീവനക്കാര്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത് ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിലാണ്. ഇതുകൂടാതെ ബറ്റാലിയനുകളിലെ ക്യാംപ് ഫോളോവേഴ്‌സിനെ നിര്‍ബന്ധിച്ച് ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ ജോലിക്കായി നിയോഗിച്ചിട്ടുണ്ട്. ഐ.പി.എസുകാര്‍ അഞ്ചും പത്തും പൊലിസുകാരെയാണ് വീട്ടുജോലിക്കായി നിയോഗിക്കുന്നത്. ഐ.പി.എസുകാര്‍ക്ക് രണ്ടു ജീവനക്കാരെ വീടുകളില്‍ നിയമിക്കാമെന്നാണ് ചട്ടം.
എന്നാല്‍, ഇത് പുറത്തുനിന്നുള്ളവരായിരിക്കണം. ക്യാംപ് ഫോളോവേഴ്‌സിനെ നിയമിക്കാനാകില്ല. എന്നാല്‍, സംസ്ഥാന പൊലിസ് മേധാവി ഉള്‍പ്പെടെയുള്ളവരുടെ വീടുകളില്‍ പത്തോളം പേരാണ് ജോലി ചെയ്യുന്നത്.
വീട്ടുജോലിക്കാരെ വയ്ക്കാന്‍ ശമ്പളത്തോടൊപ്പം 9,000 രൂപ അലവന്‍സ് കൈപ്പറ്റിയതിനുശേഷമാണ് ഇവര്‍ ക്യാംപ് ഫോളോവേഴ്‌സിനെയും പൊലിസിനെയും ഉപയോഗിച്ച് ദാസ്യപ്പണി ചെയ്യിപ്പിക്കുന്നത്. അതിനിടെ, ക്യാംപ് ഫോളോവേഴ്‌സിനെ അടിമപ്പണി ചെയ്യിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ക്യാംപ് ഫോളോവേഴ്‌സിന്റെ സംഘടന വഴി പേരൂര്‍ക്കട എസ്.എ.പി ക്യാംപിലെ ജീവനക്കാര്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി.
എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകള്‍ പൊലിസ് ഡ്രൈവറെ മര്‍ദിച്ചതോടെയാണ് പൊലിസിലെ ദാസ്യപ്പണി നേരത്തേ വിവാദമായത്. ഉന്നത ഉദ്യോഗസ്ഥന്റെ നായയെ കുളിപ്പിക്കേണ്ട ഗതികേടുവരെ പൊലിസുകാര്‍ തുറന്നുപറഞ്ഞതോടെ മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ച് ദാസ്യപ്പണി അവസാനിപ്പിക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍, വിവാദം അടങ്ങിയതോടെയാണ് ദാസ്യപ്പണി വീണ്ടും സജീവമായിരിക്കുന്നത്. പൊലിസിന്റെ വിവിധ ക്യാംപുകളില്‍ ജോലിക്കായെടുക്കുന്ന പൊലിസുകരല്ലാത്ത ജീവനക്കാരാണ് ക്യാംപ് ഫോളോവേഴ്‌സ്. ക്യാംപിലെ ജോലിക്ക് മാത്രം ഇവരെ ഉപയോഗിച്ചാല്‍ മതിയെന്നാണ് ചട്ടം. ഇത് മറികടന്ന് ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടിലെ അടുക്കളപ്പണിക്കുപോലും ഇവരെ ഉപയോഗിക്കുന്നുവെന്നതിന്റെ തെളിവാണ് പേരൂര്‍ക്കട എസ്.എ.പി ക്യാംപിലെ ജീവനക്കാര്‍ നല്‍കിയ പരാതി. പേരൂര്‍ക്കട ക്യാംപില്‍ ആകെയുള്ള 29 താല്‍കാലിക ജീവനക്കാരില്‍ 16 പേരെയും ചട്ടംലംഘിച്ച് പുറംജോലിക്കായി മാറ്റിയിരിക്കുകയാണ്. ഇതില്‍ ആറുപേര്‍ ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടിലും എട്ടുപേര്‍ ഓഫിസുകളിലുമാണ്.
തിരുവനന്തപുരം പുളിങ്കുടി എ.ആര്‍ ക്യാംപില്‍ നിന്ന് അഞ്ചുപേരും തൃശൂരില്‍ നിന്ന് ആറുപേരും കോഴിക്കോട്ട് നിന്ന് എട്ടുപേരുമാണ് എസ്.പി മുതല്‍ എ.ഡി.ജി.പി വരെയുള്ള ഉന്നതരുടെ വീടുകളില്‍ ജോലി ചെയ്യുന്നത്. ക്യാംപിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരെ സമ്മര്‍ദത്തിലാക്കി എവിടെയും രേഖപ്പെടുത്താതെയാണ് ക്യാംപ് ഫോളോവേഴ്‌സിനെ വീടുകളിലേക്ക് കൊണ്ടുപോകുന്നത്.
ക്യാംപിലുള്ള പൊലിസുകാരെ ജോലിയില്‍ സഹായിക്കാനായി 1,200 ക്യാംപ് ഫോളോവേഴ്‌സാണ് കേരള പൊലിസിലുള്ളത്. 390 ഒഴിവുകളില്‍ ദിവസ വേതനക്കാര്‍ ജോലി ചെയ്യുന്നു.
ക്യാംപിന് പുറത്തുള്ള ജോലികള്‍ക്ക് ഇവരെ നിയമിക്കാന്‍ പാടില്ലെന്നാണു നിയമം. ക്യാംപ് ഫോളോവേഴ്‌സിനെ നിയമാനുസൃതമായ ജോലിക്ക് മാത്രമേ വിടാവൂവെന്ന് 2011ല്‍ ഡി.ജി.പി സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. സര്‍വിസില്‍ നിന്ന് വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥരില്‍ ചിലര്‍ ഇപ്പോഴും വീട്ടുജോലിക്ക് ഉപയോഗിക്കുന്നതായി ക്യാംപ് ഫോളോവേഴ്‌സ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."