ഷിന്‍ജിയാങ്ങില്‍ 'തൊഴില്‍' കേന്ദ്രങ്ങളല്ല; ഉയിഗൂര്‍ പീഡന കേന്ദ്രങ്ങള്‍!
ബെയ്ജിങ്: ഷിന്‍ജിയാങ്ങിലെ ഉയിഗൂര്‍ തടങ്കല്‍ കേന്ദ്രങ്ങളെ തൊഴില്‍ കേന്ദ്രങ്ങളെന്നാണ് ചൈനീസ് സ്റ്റേറ്റ് ടെലിവിഷന്‍ പരസ്യങ്ങളിലൂടെ വിശേഷിപ്പിക്കുന്നത്. അത്യാധുനിക കെട്ടിടങ്ങള്‍ക്കകത്തു യൂനിഫോം ധരിച്ചു സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ ഒരുമിച്ചു പഠിക്കുന്ന നിരവധി പേര്‍. തൊഴിലധിഷ്ടിത കോഴ്‌സുകളാണ് ഇവിടെ പഠിപ്പിക്കുന്നതെന്നാണ് അധികൃതരുടെ വാദം.
എന്നാല്‍, വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയുടെ മാധ്യമപ്രവര്‍ത്തകരുടെ അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ ഉയിഗൂര്‍ തടങ്കല്‍ കേന്ദ്രങ്ങളിലെ ക്രൂരതകളാണ് പുറത്തുവിട്ടിരിക്കുന്നത്. ഷിന്‍ജിയാങ്ങിലെ നിരവധി തടങ്കല്‍ കേന്ദ്രങ്ങളിലൊന്നായ ഹോട്ടണ്‍ പ്രദേശത്തെ തടങ്കല്‍ കേന്ദ്രത്തിലേക്കു മേധാവി ഈ വര്‍ഷം വാങ്ങിയ ഉപകരണങ്ങള്‍ ഇവയാണ്, 2,768 പൊലിസ് വടികള്‍, ഷോക്കടിപ്പിക്കാനുള്ള 550 ഇലക്ട്രിക് കാറ്റില്‍ പ്രോഡ്‌സ്, 1,367 കൈയാമങ്ങള്‍, 2,792 മുളക് സ്‌പ്രേകള്‍..!
പത്തു ലക്ഷത്തോളം ഉയിഗൂറുകളെ തടങ്കല്‍ കേന്ദ്രങ്ങളില്‍ പീഡിപ്പിക്കുന്നുവെന്ന് ആംനെസ്റ്റി ഇന്റര്‍നാഷനല്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ തെളിവുകള്‍ സഹിതം വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര സമ്മര്‍ദത്തെ തുടര്‍ന്നു പ്രതിരോധത്തിലായ ചൈന ആദ്യഘട്ടത്തില്‍ ഇതു നിഷേധിച്ചെങ്കിലും പിന്നീട് ഇവ വിദ്യാഭ്യാസ കേന്ദ്രങ്ങളാണെന്ന് അവകാശപ്പെടുകയായിരുന്നു. മത തീവ്രവാദത്തില്‍നിന്നു മുക്തമാക്കി മികച്ച തൊഴില്‍ നേടാന്‍ പരിശീലനം നല്‍കുന്ന കേന്ദ്രങ്ങളാണിതെന്നും അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍, തടങ്കല്‍ കേന്ദ്രങ്ങളില്‍ മതപരിവര്‍ത്തനത്തിനായി ക്രൂരമായ പീഡനങ്ങളാണ് നടക്കുന്നതെന്ന് 1,500 സര്‍ക്കാര്‍ രേഖകള്‍ പരിശോധിച്ച് എ.എഫ്.പി മാധ്യമപ്രര്‍ത്തക സംഘം കണ്ടെത്തി.
കാമറകള്‍, ഇലക്ട്രിക് വേലികള്‍, തോക്കുകള്‍, ആയിരക്കണക്കിനു ടിയര്‍ഗ്യാസുകള്‍, വൈദ്യുത തോക്കുകള്‍ തുടങ്ങിയ സജ്ജീകരണങ്ങളോടെ നിയന്ത്രിക്കുന്നതാണ് തടങ്കല്‍ കേന്ദ്രങ്ങള്‍. ഷിന്‍ജിയാങ്ങില്‍ ഇത്തരത്തിലുള്ള 181 തടങ്കല്‍ കേന്ദ്രങ്ങളുണ്ട്. 2014ല്‍ ആരംഭിച്ച ഇവ കഴിഞ്ഞ വര്‍ഷത്തോടെ വ്യാപിപ്പിക്കുകയായിരുന്നു.
വിചാരണയോ കാരണംകാണിക്കലോ ഇല്ലാതെ പത്തു ലക്ഷത്തിലേറെ പേരാണ് ഇത്തരം കേന്ദ്രങ്ങളിലുള്ളതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ആഴ്ചകള്‍ക്കു മുന്‍പ് ഇത്തരം കേന്ദ്രങ്ങള്‍ക്കു ഭരണഘടനാ അംഗീകാരം നല്‍കുന്നതിനുള്ള നിയമനിര്‍മാണം ഷിന്‍ജിയാങ് സര്‍ക്കാര്‍ നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."