പേരാമ്പ്ര മര്‍ചന്റ്‌സ് അസോസിയേഷനില്‍ ഭിന്നത രൂക്ഷം
പേരാമ്പ്ര: പേരാമ്പ്രയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടായ ഭാരവാഹികളുടെ സ്ഥാനമാറ്റം പ്രവര്‍ത്തകരില്‍ അസ്വാരസ്യങ്ങളും പരസ്പര വിശ്വാസ കുറവും ഉണ്ടാക്കിയതായി ആരോപണമുയരുന്നു.
പേരാമ്പ്ര മര്‍ചന്റ്‌സ് അസോസിയേഷന്‍ എന്ന പേരിലറിയപ്പെടുന്ന യൂനിറ്റ് കമ്മിറ്റിയില്‍ എല്ലാകാലത്തും തിരഞ്ഞെടുപ്പില്‍ വീറും വാശിയും ഉണ്ടാവാറുണ്ടെങ്കിലും പിന്നീട് ഭാരവാഹികളെ നിശ്ചയിക്കുമ്പോള്‍ എല്ലാവരേയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി മുന്നോട്ട് പോകാറാണ് പതിവ്.
എന്നാല്‍ ഇത്തവണ രണ്ടു പാനലായി മത്സരിക്കുകയും നേരത്തെ ഭാരവാഹികളും ജില്ലാ സെക്രട്ടറിയും ഉള്‍പ്പെട്ട പാനല്‍ പരാജയപ്പെടുകയും ചെയ്തു. ഇതിനു ശേഷം പരാജയപ്പെട്ട പാനലില്‍പെട്ടവര്‍ക്ക് യാതൊരു പരിഗണനയും നല്‍കാതെയാണ് യൂനിറ്റ് കമ്മിറ്റി സഹഭാരവാഹികളെ നിശ്ചയിച്ചത്.
പരാജയപ്പെട്ട പാനലില്‍ ഉള്‍പ്പെട്ടവര്‍ നേരത്തെ വര്‍ഷങ്ങളായി ഭാരവാഹികളും വ്യാപാരി വ്യവസായി ഏകോപന സമിതിക്കു കീഴില്‍ പേരാമ്പ്ര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ എന്ന സംഘടനയുടെ സജീവ പ്രവര്‍ത്തകരുമായിരുന്നു.
മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കച്ചവടക്കാര്‍ക്ക് വിവിധ സഹായങ്ങളും ക്ഷേമപദ്ധതികളും കഴിഞ്ഞ കാലത്ത് കൂട്ടായ്മയോടെ നടപ്പാക്കിയിരുന്നു.
കൂടതെ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആംബുലന്‍സ് സംവിധാനം ഒരുക്കാന്‍ പ്രവര്‍ത്തിച്ചതും മര്‍ച്ചന്റ്‌സ് നിധിക്ക് രൂപം നല്‍കിയതുമൊക്കെ നേരത്തെയുളള ഭാരവാഹികളുടെ ശ്രമഫലമായിട്ടാണ്.
മര്‍ച്ചന്റ്‌സ് നിധിയില്‍ നിന്ന് പാവപ്പെട്ട കച്ചവടക്കാരെ സഹായിക്കുകയും പ്രായമുളള കച്ചവടക്കാരേയും മുന്‍കാലത്തെ അവശത അനുഭവിക്കുന്ന കച്ചവടക്കാരെയും കണ്ടെത്തി ചികിത്സ, മരുന്നിനുള്ള സഹായം, നിത്യ ചിലവിനായി സഹായം ചെയ്തു വന്നിരുന്നു.
ഇതെല്ലാം വിസ്മരിച്ചാണ് പുതിയ നേതൃത്വത്തിന്റെ നടപടികളും നീക്കങ്ങളും. കഴിഞ്ഞ കാലത്തൊക്കെ പരാജയപ്പെട്ട പാനലില്‍ നിന്ന് ഭാരവാഹികളെ നിശ്ചയിക്കുകയും യോജിച്ചുള്ള പ്രവര്‍ത്തനങ്ങളുമാണ് ഉണ്ടായിരുന്നത്.
ഇത്തവണ പരാജയപ്പെട്ട പാനലിനെ തികച്ചും അവഗണിക്കുകയും ഭാരവാഹികളെ തെരഞ്ഞെടുക്കുമ്പോള്‍ അന്വേഷണമോ സഹകരണ മനോഭാവമോ ഉണ്ടായിട്ടില്ലെന്ന് പറയപ്പെടുന്നു.
കച്ചവടക്കാരുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാന്‍ പോലും പുതിയ നേതൃത്വം തയാറായിട്ടില്ലെന്ന് ബഹു ഭൂരിപക്ഷം കച്ചവടക്കാരും കുറ്റപ്പെടുത്താനും തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിലായി പേരാമ്പ്രയിലെ മെമ്പര്‍ഷിപ്പുളള കച്ചവടക്കാരെ പഞ്ചായത്ത് ഭരണസമിതി നിരന്തരമായി പ്രയാസമുണ്ടാക്കുന്ന തരത്തില്‍ തങ്ങളുടെ ഉന്തുവണ്ടി കച്ചവടവും സാധനങ്ങളും പിടിച്ചെടുത്ത സംഭവമുണ്ടായപ്പോള്‍ ആരും തന്നെ തിരിഞ്ഞു നോക്കുക പോലുമുണ്ടായില്ലെന്ന പരാതിയും വ്യാപകമാണ്.
ഈ ഘട്ടത്തിലാണ് ഒരു പറ്റം കച്ചവടക്കാര്‍ സമാന്തര പ്രവര്‍ത്തനവുമായി രംഗത്ത് വരാന്‍ തയാറാവുന്നത്.ഇവരുടെ ആദ്യ ഘട്ട കൂടി ചേരല്‍ നടന്നു കഴിഞ്ഞു.
റമദാന്‍ വ്രതമവസാനിക്കുന്നതോടെ വിപുലമായ കണ്‍വന്‍ഷന്‍ വിളിച്ചു ചേര്‍ക്കാനാണ് ഇവരുടെ നീക്കമെന്നറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."