ലക്ഷങ്ങള്‍ മുടക്കിയുള്ള പാഠ്യപദ്ധതി മെച്ചപ്പെടുത്തല്‍ വെറുതെയായി
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ രംഗത്തെ പാഠ്യപദ്ധതി പരിഷ്‌കരിക്കാന്‍ തീരുമാനിച്ചതോടെ നിലവില്‍ നടന്നുകൊണ്ടിരുന്ന പാഠ്യപദ്ധതി മെച്ചപ്പെടുത്തല്‍ പരിപാടി വെറുതെയായി.
എല്‍.ഡി.എഫ് അധികാരത്തിലേറിയതിന് ശേഷം നിലവില്‍ വിനിമയശേഷി കുറവുള്ള പാഠഭാഗങ്ങള്‍ കണ്ടെത്തി തിരുത്തി മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ സമഗ്രപാഠ്യപദ്ധതി പരിഷ്‌കരിക്കാന്‍ ഇക്കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തീരുമാനിച്ചതോടെ നടന്നുവന്നിരുന്ന മെച്ചപ്പെടുത്തല്‍ പരിപാടി ഫലംകാണാത്ത സ്ഥിതിയായിരിക്കുകയാണ്.
2009ല്‍ എല്‍.ഡി.എഫ് നടപ്പിലാക്കിയ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ അപാകതകള്‍ പരിഹരിക്കാനായി 2013ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ പാഠ്യപദ്ധതി പരിഷ്‌കരിച്ചിരുന്നു.
നിലവിലുള്ള പാഠപുസ്തകങ്ങളില്‍ 2009ലെ കാഴ്ചപ്പാടുകള്‍ അനുസരിക്കാത്ത ഘടകങ്ങള്‍ ഉണ്ടെങ്കില്‍ അത് തിരുത്തുന്നതിന് പിന്നീട് വന്ന എല്‍.ഡി.എഫ് സര്‍ക്കാരും നടപടികള്‍ സ്വീകരിച്ചു.
ഇതിന്റെ ഭാഗമായി 2017 മുതല്‍ എസ്.സി.ഇ.ആര്‍.ടിയുടെ നേതൃത്വത്തിലെ പാഠ്യപദ്ധതി വിനിമയത്തിലെ തടസം നില്‍ക്കുന്ന ഭാഗങ്ങള്‍ കണ്ടെത്തി തിരുത്തുന്നതിന് ശില്‍പ്പശാലകള്‍ ആരംഭിച്ചു.
തുടര്‍ന്ന് ഒന്ന്, അഞ്ച്, ഒന്‍പത്, 10 ക്ലാസുകളിലെ 41 പാഠപുസ്തകങ്ങള്‍ തിരുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഉന്നത കരിക്കുലം കമ്മിറ്റി മുന്നോട്ടുവച്ചു. വിനിമയ പാഠ്യപദ്ധതി രൂപീകരണം എന്ന പേരില്‍ നൂറുകണക്കിന് അധ്യാപകരുടെ ഒട്ടേറെ ദിവസങ്ങളിലെ ഗവേഷണവും പഠനവുമൊക്കെയാണ് ഇതിനുവേണ്ടി നടന്നത്. ലക്ഷക്കണക്കിന് രൂപയും ഇതിനായി ചെലവഴിച്ചു.
എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന കരിക്കുലം കമ്മിറ്റിയില്‍ ഈ ഭേദഗതികള്‍ അംഗീകരിച്ചെങ്കിലും ഇങ്ങനെയൊരു പരിഷ്‌കരണമല്ല നടപ്പാക്കേണ്ടതെന്നും സമഗ്ര പരിഷ്‌കരണമാണ് അനിവാര്യമെന്നുമുള്ള അഭിപ്രായം ഉയര്‍ന്നുവരികയായിരുന്നു. ഇത് അംഗീകരിച്ച വിദ്യാഭ്യാസ മന്ത്രി ഉടന്‍ തന്നെ സമഗ്രവും ശാസ്ത്രീയവുമായ പരിഷ്‌കരണം നടപ്പിലാക്കുമെന്നു വ്യക്തമാക്കുകയായിരുന്നു.
അഞ്ചുവര്‍ഷത്തിലൊരിക്കല്‍ പാഠ്യപദ്ധതി പരിഷ്‌കരണം നടത്താമെന്നിരിക്കെ അതിന് മുതിരാതെ വിനിമയ പാഠ്യപദ്ധതിയെന്ന പേരില്‍ ശില്‍പ്പശാലകള്‍ സംഘടിപ്പിച്ച് ലക്ഷങ്ങള്‍ ചെലവഴിച്ചതെന്തിനായിരുന്നെന്ന ചോദ്യം ബാക്കിയാവുകയാണ്. ഭരണകക്ഷി അധ്യാപക സംഘടനയുടെ അംഗങ്ങള്‍ക്ക് ശില്‍പ്പശാല നടത്തി യാത്രപ്പടിയും മറ്റുമായി ലക്ഷങ്ങള്‍ വീതിച്ചുനല്‍കാനുള്ള ഏര്‍പ്പാടായിരുന്നെന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."