യന്ത്രങ്ങളും മനുഷ്യരും കൈകോര്‍ത്തു; കൊങ്കണില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു
ഹമീദ് കുണിയ
കാസര്‍കോട്: മനുഷ്യരും യന്ത്രങ്ങളും രാപകല്‍ ഭേദമില്ലാതെ കൈകോര്‍ത്തതോടെ കൊങ്കണ്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. ഇതിനു പുറമെ മംഗളൂരു, ബംഗളൂരു പാതയിലും ട്രെയിന്‍ ഗതാഗതം തുടങ്ങി.
നിസാമുദ്ധീനില്‍നിന്ന് എറണാകുളത്തേക്കുള്ള മംഗള എക്‌സ്പ്രസ് ട്രെയിനാണ് കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചോടെ കൊങ്കണ്‍ പാതയിലെ മംഗളൂരു കുലശേഖര പ്രദേശത്ത് സമാന്തരമായി സ്ഥാപിച്ച പാളത്തില്‍കൂടി ആദ്യമായി കടന്നുവന്ന യാത്രാ ട്രെയിന്‍. 10 കിലോമീറ്റര്‍ വേഗതയിലാണ് സമാന്തരമായി സ്ഥാപിച്ച 450 മീറ്റര്‍ ദൂരത്തിലുള്ള പാളത്തിലൂടെ സഞ്ചരിച്ചത്.
രാവിലെയോടെ പാള നിര്‍മാണം പൂര്‍ത്തിയായെങ്കിലും തുടര്‍ന്ന് എന്‍ജിന്‍, ചരക്കുകള്‍ ഇല്ലാത്ത ഗുഡ്‌സ് ട്രെയിന്‍,ചരക്കു നിറച്ച ഗുഡ്‌സ് ട്രെയിന്‍ എന്നിവ ഓടിച്ച ശേഷമാണു ഉഡുപ്പിയില്‍ പിടിച്ചിട്ടിരുന്ന മംഗള എക്‌സ്പ്രസ് കടന്നു വന്നത്. തുടര്‍ന്ന് കേരളത്തില്‍ നിന്ന് പോകുന്നതും വരുന്നതുമായ ട്രെയിനുകള്‍,ബാംഗളൂരു, മംഗളൂരു എന്നിവിടങ്ങളില്‍ നിന്നും പോകുന്ന ട്രെയിനുകള്‍ ഉള്‍പ്പെടെ കൊങ്കണ്‍ വഴി ഓടിത്തുടങ്ങിയിട്ടുണ്ട്. അതേ സമയം ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലാകാന്‍ ഇനിയും മൂന്നുദിവസമെടുക്കുമെന്നാണ് റയില്‍വേ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
ഓഗസ്റ്റ് 23 നു പുലര്‍ച്ചെയാണ് കുലശേഖരയില്‍ കുന്നിടിഞ്ഞുവീണ് ട്രെയിന്‍ ഗതാഗതം താറുമാറായത്. പാളത്തില്‍ വീണ മണ്ണും ചെളിയും നീക്കുന്ന ജോലി രണ്ടു ദിവസം തുടര്‍ന്നെങ്കിലും കുന്നിന്‍ മുകളില്‍ നിന്നും തുടരെത്തുടരെ മണ്ണ് നീങ്ങി വന്നതോടെ പഴയപാളം തല്‍ക്കാലം ഉപേക്ഷിച്ചു 450 മീറ്റര്‍ ദൂരത്തില്‍ സമാന്തര പാളം നിര്‍മ്മിച്ച് ഗതാഗതം പുനഃസ്ഥാപിക്കാന്‍ റയില്‍വേ ഉദ്യോഗസ്ഥര്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് പഴയ പാളത്തില്‍ നിന്ന് നീക്കിയ മണ്ണും ചെളിയും വീണ്ടും പഴയ പാളം ഉണ്ടായിരുന്ന സ്ഥലത്തേക്ക് മാറ്റിയാണ് സമാന്തര പാളം നിര്‍മിച്ചത്.
മൂന്നു ഷിഫ്റ്റുകളിലായി 400 ജോലിക്കാരും, ഇരുപത് യന്ത്രങ്ങളും ഇതിനു പുറമെ ലോറി ഉള്‍പ്പെടെയുള്ള വാഹനങ്ങളും കൈകോര്‍ത്തതോടെയാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്. കുലശേഖരയില്‍ മാത്രം 3200 ആളുകളുടെ ജോലിയാണ് കഴിഞ്ഞ എട്ടു ദിവസത്തിനിടയില്‍ നടന്നത്.
ദക്ഷിണ റയില്‍വേ അഡീഷണല്‍ ജനറല്‍ മാനേജര്‍ പി.കെ.മിശ്ര, പാലക്കാട് ഡിവിഷന്‍ മാനേജര്‍ പ്രതാപ് സിങ് ഷാമി എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നത സംഘം ക്യാംപ് ചെയ്താണ് ഗതാഗത തടസ്സം നീക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."