കണ്ണീരുപ്പിന്റെ 'നഷ്ടപരിഹാരം' ചികിത്സാ സഹായത്തിന്
വി.കെ പ്രദീപ്
കണ്ണൂര്‍: സദാചാര പൊലിസിന്റെ മര്‍ദനത്തെ തുടര്‍ന്ന് കണ്ണീരുപ്പു രുചിച്ചതിനു ലഭിച്ച നഷ്ടപരിഹാരം രക്താര്‍ബുദത്തെ തുടര്‍ന്ന് മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്ന യുവതിയുടെ ചികിത്സാ സഹായനിധിയിലേക്ക് കൈമാറി രണ്ട് ഇതര സംസ്ഥാന യുവാക്കള്‍.
ഊരും പേരും വെളിപ്പെടുത്താനാഗ്രഹിക്കാത്ത, ഹിന്ദി മാത്രം സംസാരിക്കുന്ന 25നും 30നും മധ്യേ പ്രായമുള്ള രണ്ടു പേരാണ് പയ്യന്നൂര്‍ മഹാദേവ ഗ്രാമത്തിലെ ആനിടില്‍ പടിഞ്ഞാറ്റയില്‍ രമാദേവി (45) യുടെ ചികിത്സാ സഹായ കമ്മിറ്റിയ്ക്ക് പണം കൈമാറി മടങ്ങിയത്. കണ്ണൂര്‍ നഗരത്തില്‍ വച്ച് മര്‍ദനമേറ്റതിനെ തുടര്‍ന്ന്, മര്‍ദിച്ചവരില്‍ നിന്ന് നാട്ടുകാര്‍ യുവാക്കള്‍ക്ക് വാങ്ങി നല്‍കിയ നഷ്ടപരിഹാരമാണ് പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തി ചികിത്സാ സഹായകമ്മിറ്റി കണ്‍വീനര്‍ വി. ശിവകുമാറിന് കൈമാറിയത്. മര്‍ദനമേറ്റതിന് ലഭിച്ച പിഴത്തുകയുമായി നാടുവിടാതെ ചികിത്സാ സഹയാകമ്മിറ്റിയ്ക്ക് കൈമാറിയ വലിയ മനസുകള്‍ ഉറവ വറ്റാത്ത നന്മ അവസാനിച്ചിട്ടില്ലെന്ന് തെളിയിക്കുകയായിരുന്നു.
രമാദേവിയുടെ ചികിത്സാ സഹായ നിധിയിലേക്ക് നന്മയുടെ കരുതല്‍ ധനമെത്തിച്ച സംഭവം നടക്കുന്നത് മൂന്ന് ദിവസം മുന്‍പാണ്. തൊഴില്‍ സംബന്ധമായ ആവശ്യത്തിനാണ് രണ്ടു ഇതര സംസ്ഥാന യുവാക്കള്‍ കണ്ണൂര്‍ നഗരത്തിലെത്തുന്നത്. പാതിരാത്രിയില്‍ ഒരു സംഘം യുവാക്കള്‍ ഇവരെ മര്‍ദിക്കുകയായിരുന്നു. മലയാളമറിയാത്ത, ഹിന്ദി മാത്രം സംസാരിക്കുന്ന ഇതര സംസ്ഥാനക്കാരായ യുവാക്കള്‍ക്ക് പൊതിരെ മര്‍ദനമേറ്റു.
ചെറുത്തു നില്‍ക്കാന്‍ പോലും കഴിയാതിരുന്ന യുവാക്കളെ മര്‍ദിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പരിസരവാസികള്‍ പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു. സത്യാവസ്ഥ ബോധ്യപ്പെട്ട നാട്ടുകാര്‍, മര്‍ദനമേറ്റതിന്റെ ചികിത്സയ്ക്കും മറ്റുമായാണ് മര്‍ദിച്ചവരില്‍ നിന്ന് 10000 രൂപ നഷ്ടപരിഹാരമായി വാങ്ങി നല്‍കിയത്. ഈ തുകയാണ് തങ്ങളുടെ ചികിത്സയ്ക്കു പോലും ഉപയോഗിക്കാതെ, രമാദേവിയുടെ ചികിത്സയ്ക്കായി കൈമാറിയത്.
മര്‍ദനമേറ്റതിനു ലഭിച്ച നഷ്ടപരിഹാരം ഏതെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനത്തിലേക്ക് സംഭാവന ചെയ്യുന്നതിന് യുവാക്കള്‍ താല്‍പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് രമാദേവി ചികിത്സാ സഹായ കമ്മിറ്റിയുടെ കണ്‍വീനറായ ശിവകുമാറിന്റെ ഫോണ്‍ നമ്പര്‍ കൂട്ടത്തിലാരോ ഇവര്‍ക്ക് നല്‍കിയത്. കണ്ണൂരില്‍ നിന്ന് ശിവകുമാറിനെ വിളിച്ച ഇരുവരും പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തി അവിടേക്ക് ശിവകുമാറിനെ വിളിച്ചു വരുത്തി 10000 രൂപയും നല്‍കി മടങ്ങുകയായിരുന്നു. ഒരു സെല്‍ഫിക്കോ, ഒരു ചായ കുടിയ്ക്കാനോ, നന്ദി വാക്കുകള്‍ക്കോ കാത്തു നില്‍ക്കാതെ അവര്‍ മടങ്ങുകയായിരുന്നുവെന്ന് ശിവകുമാര്‍ പറയുന്നു.
പയ്യന്നൂരിലെ രമാദേവി രക്താര്‍ബുദത്തെത്തുടര്‍ന്ന് ചികിത്സാ സഹായം തേടുകയാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. മജ്ജ മാറ്റിവയ്ക്കലിനും തുടര്‍ ചികിത്സകള്‍ക്കുമായി 30 ലക്ഷത്തോളം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഇവരുടെ ചികിത്സാ സഹായ നിധിയിലേക്കാണ് ഇതര സംസ്ഥാന യുവാക്കള്‍ സഹായമെത്തിച്ച് മടങ്ങിയത്. ചികിത്സാ സഹായകമ്മിറ്റിയുടെ പേരില്‍ പയ്യന്നൂര്‍ ഫെഡറല്‍ ബാങ്കില്‍ ആരംഭിച്ച അക്കൗണ്ടിലേക്കാണ് സഹായങ്ങള്‍ നല്‍കേണ്ടത്. അക്കൗണ്ട് നമ്പര്‍: 11260100699088. ഐ.എഫ്.എസ്.സി കോഡ്: എഫ്.ഡി.ആര്‍.എല്‍ 0001126, ഫോണ്‍: 9961475993.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."