സന്നിധാനത്ത് നിയന്ത്രണം വരുന്നു
തിരുവനന്തപുരം: തുലാംമാസ പൂജക്ക് സന്നിധാനത്തും നിലയ്ക്കലും പമ്പയിലും സംഘ്പരിവാര്‍ ആക്രമണം അഴിച്ചു വിട്ടതിനെ തുടര്‍ന്നും സുപ്രിം കോടതി വിധി പ്രകാരം യുവതീ പ്രവേശനം തടയാന്‍ അയ്യായിരത്തോളം സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ വിവിധ പ്രദേശങ്ങളില്‍ തമ്പടിച്ചതിനെ തുടര്‍ന്നും കര്‍ശന നിയന്ത്രണവുമായി പൊലിസ്.
മണ്ഡല-മകരവിളക്ക് തീര്‍ഥാടന സമയത്ത് സന്നിധാനത്ത് ഒരു ദിവസത്തിനപ്പുറം ആരെയും വിരിവയ്ക്കാന്‍ അനുവദിക്കേണ്ടെന്ന് പൊലിസ് തീരുമാനം. ഒരു ദിവസത്തിനപ്പുറം മുറികളും നല്‍കില്ല. തുലാമാസ പൂജ സമയത്ത് അതിക്രമം ഉണ്ടാക്കിയ മുഴുവന്‍ പ്രതികളെയും കണ്ടെത്താനായി എല്ലാ ജില്ലയിലും പ്രത്യേക സംഘത്തെ നിയോഗിക്കാനും ഇന്നലെ ചേര്‍ന്ന പൊലിസ് ഉന്നതതല യോഗം തീരുമാനിച്ചു.
തുലാമാസ പൂജാ സമയത്ത് യുവതീപ്രവേശം സാധ്യമായില്ലെങ്കിലും മണ്ഡല തീര്‍ഥാടനകാലത്ത് ഇതിന് അവസരം ഒരുക്കുന്ന നടപടികളുമായി മുന്നോട്ടുപോകാനാണ് ഉന്നതതല യോഗത്തിനു മുന്‍പ് ഡി.ജി.പിക്ക് മുഖ്യമന്ത്രി നല്‍കിയ നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ക്ക് പൊലിസ് ആസ്ഥാനത്ത് ചേര്‍ന്ന പ്രത്യേകയോഗം രൂപം നല്‍കി. തുലാമാസ പൂജ സമയത്ത് സംഘ്പരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തകര്‍ വന്‍ തോതില്‍ സന്നിധാനത്തടക്കം തമ്പടിച്ചതാണ് യുവതികളുമായെത്തിയപ്പോള്‍ പ്രതിഷേധം ശക്തമാകാന്‍ കാരണമെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. ഇതൊഴിവാക്കാനായി ഒരു തീര്‍ഥാടകനെപ്പോലും 16 മുതല്‍ 24 മണിക്കൂറിനപ്പുറം സന്നിധാനത്ത് താമസിക്കാന്‍ അനുവദിക്കില്ല.
മുറികളെടുക്കുമ്പോള്‍ ഒരു ദിവസത്തിനപ്പുറം നല്‍കരുതെന്ന് ദേവസ്വം ബോര്‍ഡിനോടും നിര്‍ദേശിക്കും. വനങ്ങളില്‍ തങ്ങുന്നത് ഒഴിവാക്കാന്‍ കര്‍ശന നിരീക്ഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് വനംവകുപ്പിനോട് ആവശ്യപ്പെടും. കൂടാതെ തീര്‍ഥാടകരുടെ തിരക്കും അനധികൃത വരവും നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ നിലയ്ക്കലില്‍ ഒരുക്കി നല്‍കണമെന്ന് ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെടും. തുലാമാസ പൂജക്ക് മുന്‍പ് ആവശ്യപ്പെട്ട പല സൗകര്യങ്ങളും ദേവസ്വം ബോര്‍ഡ് ഒരുക്കിയില്ലെന്ന വിമര്‍ശനവും ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ ഉയര്‍ത്തി.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഘര്‍ഷങ്ങളിലും യുവതികളെ തടഞ്ഞതിലും പ്രതികളായ മുഴുവനാളുകളെയും അറസ്റ്റ് ചെയ്യാന്‍ ഡി.ജി.പി നിര്‍ദേശിച്ചു. 146 കേസുകളിലായി എഴുന്നൂറോളം പേര്‍ക്കെതിരെയാണ് കേസ്. ഇവരെ കണ്ടെത്താന്‍ ഓരോ ജില്ലയിലും ജില്ലാ പൊലിസ് മേധാവിയുടെ നേതൃത്വത്തിലാണ് പ്രത്യേകസംഘം രൂപീകരിച്ചത്. ഭക്തരുടെ വേഷത്തില്‍ സന്നിധാനത്ത് തങ്ങിയ ഇവരെ കണ്ടെത്താന്‍ പൊലിസ് നിരീക്ഷണ കാമറകള്‍ പരിശോധിച്ചു തുടങ്ങി.
തിങ്കളാഴ്ച സന്ധ്യക്ക് യുവതി വേഷം മാറി എത്തിയെന്നു പ്രചാരണം നടത്തി സന്നിധാനത്ത് പ്രതിരോധ വലയം തീര്‍ത്തവരുടെ മുഖങ്ങള്‍ നിരീക്ഷണ കാമറകളില്‍ വ്യക്തമാണ്. ഇവരെ തിരിച്ചറിയാനാണ് ആദ്യശ്രമം. പ്രതികളാക്കപ്പെട്ടവരെയും തിരിച്ചറിഞ്ഞവരെയും അറസ്റ്റ് ചെയ്യും. നിലയ്ക്കലില്‍ നടന്ന ഏറ്റുമുട്ടലില്‍ 92 വാഹനങ്ങള്‍ തകര്‍ന്നതായാണ് ഔദ്യോഗിക കണക്ക്. മാധ്യമങ്ങളുടേതടക്കം 60 വാഹനങ്ങളും 12 പൊലിസ് വാഹനങ്ങളും 20 കെ.എസ്.ആര്‍.ടി.സി ബസുകളും ഇതില്‍പ്പെടും. കൂടാതെ പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ തെറ്റായ പ്രചാരണം സാമൂഹ്യ മാധ്യമങ്ങളില്‍ നടത്തുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാനും ഉന്നതതല യോഗം തീരുമാനിച്ചു.
ചിത്തിര ആട്ടവിശേഷത്തിനായി നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചു മുതല്‍ ആറിന് രാത്രി 10 വരെ നട തുറക്കും. ഈ സമയം യുവതികള്‍ ആരെങ്കിലും പ്രവേശനത്തിനെത്തിയാല്‍ സുരക്ഷ ഒരുക്കണമെന്നും ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. മണ്ഡലകാല സമയത്ത് കൂടുതല്‍ വനിതാ പൊലിസുകാരെ വിന്യസിക്കേണ്ടതിനെ കുറിച്ച് അടുത്ത യോഗത്തില്‍ തീരുമാനമെടുക്കും. ഇന്നലെ ഉന്നതതല യോഗത്തിനു ശേഷം ഡി.ജി.പി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് ഒരാഴ്ചക്കുള്ളില്‍ ദേവസ്വം ബോര്‍ഡിന് പൊലിസ് റിപ്പോര്‍ട്ട് നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."