കാട്ടുപന്നിയുടെ ഇറച്ചി പിടികൂടിയ സംഭവം: മൂന്നുപേര്‍ അറസ്റ്റില്‍
ഇരിട്ടി : ആറളംഫാമില്‍ നിന്നു കാട്ടുപന്നിയുടെ ഇറച്ചി പിടികൂടിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി. ആറളംഫാം ആദിവാസി പുനരധിവാസ മേഖലയില്‍ ഒന്‍പതാം ബ്ലോക്കിലെ താമസക്കാരായ പി. മനോജ്(35) , എസ്. ശങ്കരന്(45) , മത്തായി എന്ന കുമാരന്(42 ) എന്നിവരെയാണ് വനപാലക സംഘം ഇന്നലെ അറസ്റ്റുചെയ്തത്. കാട്ടുപന്നിയെ വേട്ടയാടിക്കൊന്നു എന്നതാണ് ഇവരുടെ പേരിലുള്ള കേസ്. അഞ്ചു പ്രതികളുള്ള ഈ കേസില്‍ ഫാമിലെ സെക്യൂരിറ്റി ജീവനക്കാരനായ ജെയ്സണ്‍(47), കീഴ്പ്പള്ളി വട്ടപ്പറമ്പ് സ്വദേശി സുനില്‍(35) എന്നിവര്‍ കൂടി പിടിയിലാവാനുണ്ട്. വനം വകുപ്പിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഞായറാഴ്ച കൊട്ടിയൂര്‍ വനംവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് പാചകം ചെയ്യാനായി തയാറാക്കിവെച്ച കാട്ടുപന്നിയുടെ മാംസം പിടികൂടുന്നത്. പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും ഇവരെ അന്ന് പിടികൂടാനായിരുന്നില്ല. ഇതിനു ശേഷം കീഴ്പ്പള്ളി സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ എം. രാജന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനിടെയാണ് മൂന്നുപേര്‍ പിടിയിലായത്. അറസ്റ്റിലായ മൂന്നുപേരെയും റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."