കൊച്ചി മെട്രോ തൈക്കൂടത്തേക്ക് ഓടിത്തുടങ്ങി; രണ്ടാഴ്ചത്തേക്ക് പകുതി നിരക്കില്‍ യാത്ര ചെയ്യാം- വീഡിയോ
കൊച്ചി: കേരളത്തിന്റെ വികസനക്കുതിപ്പിന് ആക്കംകൂട്ടി ആകാശ പാതയിലൂടെ പ്രയാണമാരംഭിച്ച കൊച്ചി മെട്രോയുടെ ആദ്യഘട്ടം പൂര്‍ണതയിലേക്ക്. മഹാരാജാസ് കോളജ് മുതല്‍ തൈക്കൂടം വരെ മെട്രോ ഓടിത്തുടങ്ങി.
2017 ജൂണ്‍ 17ന് ആലുവയില്‍നിന്ന് പാലാരിവട്ടത്തേക്കും അതേവര്‍ഷം ഒക്ടോബര്‍ മൂന്നിന് നഗരഹൃദയത്തിലൂടെ മഹാരാജാസ് ഗ്രൗണ്ടിലേക്കും ഓടിയെത്തിയ കൊച്ചി മെട്രോ ഇന്ന് നഗരത്തിലെ ഏറ്റവും തിരക്കേറിയ വൈറ്റിലയും കടന്ന് തൈക്കൂടത്തേക്ക് എത്തി.
രാവിലെ പതിനൊന്നിന് മഹാരാജാസ് സ്റ്റേഷനില്‍നിന്നു മെട്രോയില്‍ കയറി മുഖ്യമന്ത്രിയും വിശിഷ്ടാതിഥികളും കടവന്ത്ര സ്‌റ്റേഷനിലിറങ്ങി. തുടര്‍ന്ന് രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി തൈക്കൂടം വരെയുള്ള സര്‍വിസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്രനഗരവികസന മന്ത്രി ഹര്‍ദീപ് സിങ്ങ് പുരി അധ്യക്ഷനായി. ചടങ്ങില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍) നടപ്പാക്കുന്ന മറ്റ് രണ്ടുപദ്ധതികളുടെ നിര്‍മാണോദ്ഘാടനവും നിര്‍വഹിച്ചു. മെട്രോ പേട്ട എസ്.എന്‍ ജങ്ങ്ഷന്‍ ലൈന്‍ നിര്‍മാണ ഉദ്ഘാടനവും വാട്ടര്‍മെട്രോയുടെ വൈറ്റില ടെര്‍മിനല്‍ ഉദ്ഘാടനവും.
രണ്ടാഴ്ചത്തേക്ക് പകുതി നിരക്കു മാത്രം
തൈക്കൂടം ലൈന്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് യാത്രക്കാര്‍ക്ക് നിരക്കിളവ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ആലുവ മുതല്‍ തൈക്കൂടം വരെ നാളെ മുതല്‍ 14 ദിവസത്തേക്ക് ടിക്കറ്റ് നിരക്ക് പകുതി നല്‍കിയാല്‍ മതി. ഇരുദിശകളിലേക്കും നിരക്കിളവ് ബാധകമായിരിക്കും. 25വരെ മെട്രോ സ്‌റ്റേഷനുകളില്‍ പാര്‍ക്കിങ്ങും സൗജന്യമാക്കിയിട്ടുണ്ട്. കൊച്ചി വണ്‍ കാര്‍ഡ്, ട്രിപ് പാസ് എന്നിവയുപയോഗിച്ച് യാത്ര ചെയ്യുന്നവര്‍ക്കും നിരക്കിളവ് ബാധകമായിരിക്കും.
ഇന്ന് മൂന്ന് സര്‍വിസുകളായിരിക്കും മെട്രോ നടത്തുക. മന്ത്രി കെ.കെ ശൈലജയുടെ നേതൃത്വത്തില്‍ നഴ്‌സുമാര്‍ക്കായും വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കായും സര്‍വിസുണ്ടായിരിക്കും. നാളെ മുതലായിരിക്കും പൊതുജനങ്ങള്‍ക്കായുള്ള യാത്രാസര്‍വിസ് ആരംഭിക്കുക.
ആലുവ മുതല്‍ തൈക്കൂടം വരെ 60രൂപ നിരക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി കര്‍വ് ആകൃതിയില്‍ നിര്‍മിച്ച കാന്‍ഡിലിവര്‍ പാതയും ഇന്ന് ഉദ്ഘാടനം ചെയ്യുന്ന തൈക്കൂടം ലൈനില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
സൗത്ത് റെയില്‍വേ സ്റ്റേഷനുമുകളിലൂടെ 90 മീറ്റര്‍ ദൈര്‍ഘ്യത്തിലാണ് കാന്‍ഡിലിവര്‍ പാത നിര്‍മിച്ചിരിക്കുന്നത്. മഹാരാജാസ് മുതല്‍ തൈക്കൂടം വരെ 5.65 കിലോമീറ്ററില്‍ സൗത്ത്, കടവന്ത്ര, എളംകുളം, വൈറ്റില, തൈക്കൂടം എന്നിങ്ങനെ നാലുസ്‌റ്റേഷനുകളാണുള്ളത്. ഈ വര്‍ഷം അവസാനത്തോടെ പേട്ടവരെയുള്ള നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതോടെ മെട്രോയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാകും.
പേട്ടയില്‍ നിന്ന് എസ്.എന്‍ ജങ്ങ്ഷനിലേക്ക് ഒന്നര കിലോ മീറ്ററില്‍ മെട്രോ നീട്ടിയത് പൊതുജനങ്ങളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ്.
എന്നാല്‍ പേട്ട എസ്.എന്‍ ജങ്ഷന്‍ ലൈനിന്റെ നിര്‍മാണപ്രവര്‍ത്തനത്തില്‍ നിന്ന് ഡി.എം.ആര്‍.സി പിന്മാറിയിട്ടുണ്ട്. മുംബൈയിലെ കെ.ഇ.സി കണ്‍സോര്‍ഷ്യത്തിനാണ് നിര്‍മാണ ചുമതല. പുതിയ പാതയിലൂടെ സര്‍വിസ് ആരംഭിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം ഇരട്ടിയോളമെത്തുമെന്നാണ് കെ.എം.ആര്‍.എല്ലിന്റെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."