തകരാനിടമില്ലാതെ കല്‍പ്പറ്റ-പിണങ്ങോട് റോഡ്; അപകടക്കെണിയായി ഗര്‍ത്തങ്ങളും
കല്‍പ്പറ്റ: അതിവര്‍ഷത്തിനും പ്രളയത്തിനും മുന്നേ തകര്‍ന്നിരുന്ന കല്‍പ്പറ്റ-പിണങ്ങോട് റോഡില്‍ ഗതാഗതം ഇപ്പോള്‍ സാഹസികം.
നിലവില്‍ റോഡ് പാടെ തകര്‍ന്ന് വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. ഇതോടെ വാഹന കുരുക്കും അപകടങ്ങളും പതിവായിട്ടുണ്ട്. കല്‍പ്പറ്റ ഫാത്തിമ ആശുപത്രി മുതല്‍ പടിഞ്ഞാറത്തറ വരെ രണ്ടടിയിലേറെ ആഴമുള്ള കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.
കലുങ്ക് നിര്‍മാണത്തിന് വേണ്ടി വൈത്തിരി-തരുവണ റോഡ് പാറത്തോട് ഭാഗം വരെ അടച്ചതോടെ വൈത്തിരി ഭാഗത്തു നിന്നും പടിഞ്ഞാറത്തറയിലേക്കുള്ള വലിയ വാഹനങ്ങളടക്കം കല്‍പ്പറ്റ-പിണങ്ങോട് റോഡിലൂടെ പോകണമെന്നാണ് ബന്ധപ്പെട്ട അധികൃതരുടെ അറിയിപ്പ്.ഇതേതുടര്‍ന്ന് വലിയ വാഹങ്ങള്‍ ഇപ്പോഴും ഇതുവഴി കടന്നുപോകുമ്പോള്‍ ഗതാഗത തടസ്സമുണ്ടാകുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം സ്‌കൂട്ടറിന്റെ മുന്‍ചക്രം കുഴിയിലകപ്പെട്ട് യാത്രക്കാരന്‍ തെറിച്ചുവീണിരുന്നു. വീണത് റോഡില്‍ കെട്ടികിടക്കുന്ന വെള്ളത്തിലായതിനാല്‍ ഗുരുതര പരിക്കുകളൊന്നും സംഭവിച്ചില്ല. എന്നാല്‍ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചു.
കര്‍ലാട്, ബാണാസുര സാഗര്‍ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരുന്നതിനുള്ള പ്രധാന റോഡ് കൂടിയാണിത്. സംസ്ഥാനപാത 54-ല്‍ പെട്ട ഈ റോഡില്‍ കല്‍പ്പറ്റ മുതല്‍ പടിഞ്ഞാറത്തറ വരെയും വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.
റോഡിന്റെ ശോച്യാവസ്ഥക്കെതിരേ കനത്ത പ്രതിഷേധമുയര്‍ന്നപ്പോള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ക്വാറിവേസ്റ്റിട്ട് താല്‍ക്കാലികമായി കുഴികള്‍ നികത്തിയിരുന്നു. കുഴികള്‍ പൂര്‍ണമായും നികത്തിയില്ലെന്ന ആക്ഷേപവുമുയര്‍ന്നിരുന്നു. എന്നാല്‍ ശക്തമായ മഴയില്‍ ഇത് ഒലിച്ചുപോകുകയും, കല്ലുകള്‍ റോഡില്‍ ചിന്നിചിതറി കിടക്കുകയുമാണ്. ഇതുമൂലം ഇരുചക്രവാഹനങ്ങള്‍ തെന്നി വീഴുന്നതും, കല്ലുകള്‍ തെറിച്ച് മറ്റുവാഹനങ്ങളില്‍ പതിച്ച് കേടുപാടുകള്‍ സംഭവിക്കുന്നതും, ഓടകളില്ലാത്തതിനാല്‍ മഴവെള്ളം റോഡില്‍ കെട്ടികിടക്കുന്നതും പതിവായിരിക്കുകയാണ്.
വെള്ളം കെട്ടികിടക്കുന്ന കുഴികളില്‍ വാഹനം വീഴുന്നതോടെ കാല്‍നടയാത്രക്കാരുടെയും, ഇരുചക്രവാഹന യാത്രകാരുടെയും മേല്‍ വെള്ളം തെറിച്ചു വീഴുന്നതും പതിവ് കാഴ്ച്ചയാണ്.
റോഡിന്റെ ശോച്യാവസ്ഥ കാണിച്ച് ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫണ്ട് പാസായി ഉടന്‍ പ്രവൃത്തി ആരംഭിക്കും എന്ന ഒഴുക്കന്‍ മറുപടിയല്ലാതെ റോഡ് പ്രവൃത്തിക്ക് ആവശ്യമായ യാതൊരു ഒരുക്കങ്ങളും നാളിതുവരെയായും സ്വീകരിച്ചിട്ടില്ല. ഇനിയൊരു അപകടം വരുന്നതുവരെ കാത്തിരിക്കാതെ എത്രയും വേഗത്തില്‍ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ഇതോടെ ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."