പറമ്പിക്കുളം ഡാമിന് താഴെയുള്ള പാലം തകര്‍ന്നു; ആദിവാസി കുടുംബങ്ങളുടെ വീട് നിര്‍മാണം പ്രതിസന്ധിയില്‍
പാലക്കാട്:ശക്തമായ പ്രളയത്തില്‍ പറമ്പിക്കുളം ഡാമിന് താഴെയുളള പാലം തകര്‍ന്നതും,വാഹനയാത്രാ സൗകര്യകുറവും പറമ്പിക്കുളം പൂപ്പാറയിലെ ആദിവാസി കുടുംബങ്ങളുടെ വീട് നിര്‍മാണം പ്രതിസന്ധിയിലായി.പട്ടികവര്‍ഷ വകുപ്പ് ഒരു വീടിന് മൂന്നര ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇപ്പോള്‍ 32 വീടുകള്‍ നിര്‍മിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്.
രണ്ടു വര്‍ഷം മുന്‍പാണ് ഇവിടെ വീട് പണികള്‍ ആരംഭിച്ചത് . ഇപ്പോള്‍ നിര്‍മ്മാണ സാമഗ്രികളുടെ വില ഇരട്ടിയായതും വീട് നിര്‍മാണത്തിന് തിരിച്ചടിയായി. ഇപ്പോള്‍ അഞ്ചു ലക്ഷം രൂപയെങ്കിലും ലഭിച്ചെങ്കില്‍ മാത്രമേ വീട് പണി പൂര്‍ത്തീകരിക്കാന്‍ കഴിയുകയുള്ളു പറമ്പികുളത്തു നിന്നും കൊടുംകാടിനുള്ളിലൂടെ 14 കിലോമീറ്റര്‍ യാത്ര ചെയ്തു വേണം പൂപ്പാറയില്‍ എത്താന്‍.കോളനിയിലേക്ക് വലിയ വാഹനങ്ങള്‍ക്ക് കയറിപോകാന്‍ കഴിയാത്തതിനാല്‍ താഴെയാണ് വീടുപണിക്കുള്ള സാധനങ്ങള്‍ ഇറക്കാറുള്ളത്. ഇവിടന്ന് തലച്ചുമടായി കോളനിയില്‍ എത്തിക്കണം.
കുത്തനെയുള്ള കയറ്റമായതിനാല്‍ കൂലി ചെലവ് കൂടുതല്‍ നല്‍കേണ്ടി വരുന്നു. ഒന്നര യൂനിറ്റ് സാധനങ്ങള്‍ കയറ്റിക്കൊണ്ടു വരുന്ന ടിപ്പറിന് 15,000 രൂപ വാടക നല്‍കണം. വാടകയായി മാത്രം ഒരു ലക്ഷത്തോളം രൂപ നല്‍കണം. കെട്ടിടം പണിക്കെത്തുന്നവര്‍ക്കും കൂലിയിനത്തില്‍ നല്ലൊരു തുക ചെലവാകും. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന മൂന്നര ലക്ഷം കൊണ്ട് ടെറസ് വീടിന്റെ പണി പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നാണ് ഇവിടത്തെ ആദിവാസികള്‍ പറയുന്നത്. പട്ടികവര്‍ഗവകുപ്പ് ഫണ്ട് നല്‍കുന്നതെങ്കിലും, പണികള്‍ നടത്തുന്നതിന് വനംവകുപ്പാണ് നേതൃത്വം നല്‍കുന്നത്. കടുവ സംരക്ഷണ കേന്ദ്രമായതിനാല്‍ കാട്ടില്‍ നിന്നും ഒരു കല്ലോ, തടിയോ എടുക്കാന്‍ കഴിയില്ല. വീട് പണിക്കായി ആകെ എടുക്കാന്‍ പറ്റുന്നത് മണല്‍മാത്രം. വീട് പണിക്കുള്ള സകല സാധനങ്ങളും ആനമല, പൊള്ളാച്ചി എന്നിവിടങ്ങളില്‍ നിന്നാണ് കൊണ്ടു വരുന്നത്.
കൂനിന്മേല്‍ കുരുവെന്ന പോലെ പേമാരിയില്‍ പറമ്പിക്കുളം ഡാമിന് താഴെയുളള പാലത്തിന്റെ തകര്‍ച്ച കൂടിയായതോടെഇവര്‍ വീട് നിര്‍മിക്കാന്‍ ഏറെ കഷ്ടപ്പെടുകയാണ്. പ്രത്യേകിച്ചു് യാത്രാ സൗകര്യം കുറവുള്ള കോളനികളില്‍ താമസിക്കുന്ന ആദിവാസികുടുംബങ്ങള്‍ക്ക് വീടിനു് കൂടുതല്‍ തുക അവനുവദിക്കണമെന്നാണ് ഇവിടത്തെ ആദിവാസി കുടുംബങ്ങള്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."