ചാംപ്യന്‍ സ്‌കൂളുകളുടെ പോരാട്ടത്തിന് വാശിയേറും
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ ചാംപ്യന്‍ സ്‌കൂളുകളുടെ പോരാട്ടത്തിന് വാശിയേറും. മികച്ച തയാറെടുപ്പുകളുമായാണ് ടീമുകള്‍ തലസ്ഥാനത്ത് എത്തിയിട്ടുള്ളത്. ചാംപ്യന്‍ സ്‌കൂള്‍ പട്ടം നിലനിര്‍ത്താന്‍ മാര്‍ ബേസിലും തിരിച്ചു പിടിക്കാന്‍ സെന്റ് ജോര്‍ജും പൊരുതാനിറങ്ങുമ്പോള്‍ ട്രാക്കിലും ഫീല്‍ഡിലും കൗമാര പോരാട്ടത്തിന് വാശിയേറും. ഏറ്റവും കൂടുതല്‍ താരങ്ങളുമായി എത്തിയിട്ടുള്ള സ്‌കൂള്‍ കടകശ്ശേരി ഐഡിയലും പുല്ലൂരാംപാറയുമാണ്. 33 വീതം താരങ്ങളാണ് ഇരു ടീമുകളിലും ഉള്ളത്. മാര്‍ ബേസിലില്‍ 26 താരങ്ങളുണ്ട്.
മാര്‍ ബേസില്‍
നിലവിലെ ചാംപ്യന്‍ സ്‌കൂളായ കോതമംഗലം മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി കിരീടം നിലനിര്‍ത്താനുള്ള പോരാട്ടത്തിനാണ് ഇറങ്ങുന്നത്. 26 അംഗ സംഘത്തില്‍ 12 ആണ്‍കുട്ടികളും 14 പെണ്‍കുട്ടികളുമാണുള്ളത്. കഴിഞ്ഞ തവണ 13 സ്വര്‍ണവും ഒരു വെള്ളിയും ഏഴ് വെങ്കലവും ഉള്‍പ്പെടെ നേടി 75 പോയിന്റുമായാണ് ചാംപ്യന്‍ സ്‌കൂളായത്. ആദര്‍ശ് ബേബിയും അഭിഷേക് മാത്യുവുമാണ് ഇത്തവണത്തെ ഉറച്ച മെഡല്‍ പ്രതീക്ഷകള്‍.
പുല്ലൂരാംപാറ
കോഴിക്കോട് ജില്ലാ ചാംപ്യന്‍മാരായ പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കഴിഞ്ഞ തവണ സംസ്ഥാന മീറ്റിലെ രണ്ടാം സ്ഥാനക്കാരായിരുന്നു. ഏഴ് സ്വര്‍ണവും ഒന്‍പത് വെള്ളിയും രണ്ട് വെങ്കലവും ഉള്‍പ്പെടെ 63 പോയിന്റുമായാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. 33 കായിക താരങ്ങളാണ് ഇത്തവണ മത്സരിക്കാനിറങ്ങുന്നത്. 21 പെണ്‍കുട്ടികളും 12 ആണ്‍കുട്ടികളും.
പറളി
പി.ജി മനോജിന്റെ ശിഷ്യര്‍ ഇത്തവണ മികച്ച പോരാട്ടം നടത്താന്‍ തയാറായാണ് എത്തിയിട്ടുള്ളത്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനക്കാരായിരുന്ന പറളി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഏഴ് സ്വര്‍ണവും ആറ് വെള്ളിയും നാല് വെങ്കലവുമായി 57 പോയിന്റ് നേടിയിരുന്നു. 19 താരങ്ങളാണ് ഇത്തവണ ടീമിലുള്ളത്.
കല്ലടി
പാലായില്‍ നാലാം സ്ഥാനക്കാരായിരുന്ന കല്ലടി കുമരംപുത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പാലക്കാട് ജില്ലാ ചാംപ്യന്മാരായാണ് തലസ്ഥാനത്ത് എത്തിയിട്ടുള്ളത്. കഴിഞ്ഞ തവണ ഏഴ് സ്വര്‍ണവും നാല് വെള്ളിയും ആറ് വെങ്കലവും ഉള്‍പ്പെടെ 53 പോയിന്റ് നേടിയിരുന്നു. 29 താരങ്ങളാണ് ഇത്തവണ സ്‌ക്വാഡിലുള്ളത്. 15 ആണ്‍കുട്ടികളും 14 പെണ്‍കുട്ടികളും.
സെന്റ് ജോര്‍ജ്
കഴിഞ്ഞ തവണ ആറാം സ്ഥാനക്കാരായിരുന്ന കോതമംഗലം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എറണാകുളം ജില്ലാ ചാംപ്യന്മാരായാണ് അനന്തപുരിയില്‍ എത്തിയിട്ടുള്ളത്. ഒന്‍പത് തവണ സംസ്ഥാന സ്‌കൂള്‍ ചാംപ്യന്മാരായിരുന്ന സെന്റ് ജോര്‍ജ് കൈവിട്ടു പോയ കിരീടം ലക്ഷ്യമിട്ടാണ് തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. പാലായില്‍ ഏഴ് സ്വര്‍ണവും ഒരു വെള്ളിയും നാല് വെങ്കലവും കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നിരുന്നു. 25 താരങ്ങളാണ് ഇത്തവണ ടീമിലുള്ളത്. 18 ആണ്‍കുട്ടികളും ഏഴ് പെണ്‍കുട്ടികളും. ഇവരില്‍ എട്ടു ആണ്‍താരങ്ങള്‍ മണിപ്പൂര്‍ സ്വദേശികളാണ്.
നാട്ടിക ഫിഷറീസ്
മികച്ച മെഡല്‍ പ്രതീക്ഷയുമായാണ് നാട്ടിക ഫിഷറീസ് സ്‌കൂളിലെ താരങ്ങളുടെ വരവ്. ദേശീയ സ്‌കൂള്‍ താരങ്ങളായ ആന്‍സി സോജനും പി.എ അതുല്യയും ഉള്‍പ്പെടെ ഒരു പിടിതാരങ്ങള്‍ ഇത്തവണയും നാട്ടികയുടെ കരുത്താണ്. ഇത്തവണ 11 താരങ്ങളുള്ള ടീമില്‍ ഒരാള്‍ മാത്രമാണ് ആണ്‍കുട്ടി. പാലായില്‍ മൂന്ന് വീതം സ്വര്‍ണവും വെള്ളിയും നേടിയിരുന്നു നാട്ടിക.
ഐഡിയല്‍ കടകശ്ശേരി
മലപ്പുറം കടകശ്ശേരി ഐഡിയല്‍ ഇ.എം.എച്ച്.എസ്.എസ് 33 താരങ്ങളുമായാണ് തിരുവനന്തപുരത്ത് പോരാട്ടത്തിനിറങ്ങുന്നത്. 20 പെണ്‍കുട്ടികളും 13 ആണ്‍കുട്ടികളുമാണുള്ളത്. ഒരു ഡസനിലേറെ മെഡല്‍ പ്രതീക്ഷയാണ് ടീമിനുള്ളത്. മലപ്പുറം ജില്ലാ ചാംപ്യന്മാരായ ഐഡിയല്‍ പാലായില്‍ രണ്ട് സ്വര്‍ണവും ഏഴ് വെള്ളിയും രണ്ട് വെങ്കലവും നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."