പഞ്ചവത്സര പദ്ധതി അട്ടിമറിക്കാന്‍ ജില്ലാഭരണകൂടവും കൂട്ടുനിന്നു: എല്‍.ഡി.എഫ്
മഞ്ചേരി: മഞ്ചേരി നഗരസഭയിലെ പതിമൂന്നാം പഞ്ചവത്സര പദ്ധതി അട്ടിമറിക്കാന്‍ ജില്ലാ ഭരണകൂടവും കൂട്ടു നില്‍ക്കുകയാണെന്ന് എല്‍.ഡി.എഫ് മഞ്ചേരി മുനിസിപ്പല്‍ കമ്മറ്റി പത്രസമ്മേളനത്തില്‍ ആരോപിച്ചു.
സംസ്ഥാന സര്‍ക്കാറിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് പദ്ധതി തയാറാക്കിയത്. ജില്ലാ പ്ലാനിങ് കമ്മിറ്റി ഇതിനു അംഗീകാരം നല്‍കിയതിലൂടെ ജില്ലാ ഭരണകൂടവും ഇതിനു കൂട്ടുനില്‍ക്കുന്ന കാഴ്ചയാണ് കാണാനായത്. സര്‍ക്കാറിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ തയാറാക്കിയ പദ്ധതിക്കെതിരേ എല്‍.ഡി.എഫ് മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.
പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണോ എന്നുപോലും പരിശോധിക്കാന്‍ തയാറാകാതെ മുനിസിപ്പല്‍ സെക്രട്ടറിയില്‍ നിന്നും വാങ്ങിയ കള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡി.പി.സിക്കു അംഗീകാരം നല്‍കിയിരിക്കുന്നത്. എല്ലാ വര്‍ക്കിങ് ഗ്രൂപ്പുകളും ചേര്‍ന്ന് തയാറാക്കേണ്ട 12-ാം പഞ്ചവത്സര പദ്ധതിയുടെ അവലോകന റിപ്പോര്‍ട്ട് ,സ്റ്റാറ്റസ് റിപ്പോര്‍ട്ട് ,വികസനരേഖ, കരട്പദ്ധതിരേഖ ഇവയൊന്നും തയാറാക്കാതെയാണ് പഞ്ചവല്‍സര പദ്ധതിയുമായി മുന്നോട്ടുപോവുന്നത്.
വാര്‍ഡ്‌സഭകള്‍ ചേരുന്നതിന് കൗണ്‍സില്‍ യോഗത്തില്‍ തിയതി നിശ്ചയിക്കുകയോ ആവശ്യമായ പ്രചാരണങ്ങള്‍ നടപ്പിലാക്കുകയോ ചെയ്തിട്ടില്ല. ആര്‍ദ്രം പദ്ധതി,സമഗ്രവ്യവസായം, ലൈഫ്, മാലിന്യനിര്‍മാര്‍ജനം, കുടിവെള്ള പ്രശ്‌നം എന്നിവ പദ്ധതിയുമായി ബന്ധപ്പെടുത്തിയിട്ടില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. പത്രസമ്മേളനത്തില്‍ അസൈന്‍കാരാട്, കെ ഉബൈദ്, നിസാറലി എന്ന കുട്ടിയാന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."