ഉരുള്‍പൊട്ടലിന്റെ ഞെട്ടല്‍ മാറും മുന്‍പേ; അമ്മാറയില്‍ ക്വാറിയുടെ പ്രവര്‍ത്തനം തുടങ്ങി
ചുണ്ടേല്‍: രണ്ട് മാസം മുന്‍പുണ്ടായ ഉരുള്‍ പൊട്ടലിന്റെ ഞെട്ടലില്‍ നിന്നും ചുണ്ടേല്‍ അമ്മാറ നിവാസികള്‍ ഇനിയും മുക്തരായിട്ടില്ല. ഇതിനിടയിലാണ് പ്രദേശത്ത് വീണ്ടും ക്വാറിയുടെയും ക്രഷറിന്റെയും പ്രവര്‍ത്തനം പുനരാരംഭിച്ചത്.
മഴയെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവച്ച ക്വാറിയും ക്രഷറും കഴിഞ്ഞ ദിവസമാണ് പ്രവര്‍ത്തനം പുനരാരംഭിച്ചത്. ആഗസ്റ്റ് മാസത്തിലുണ്ടായ ഉരുള്‍ പൊട്ടലില്‍ പ്രദേശത്തെ അഞ്ച് വീടുകള്‍ പൂര്‍ണമായും നിരവധി വീടുകള്‍ ഭാഗീകമായും തകര്‍ന്നു. വലിയ നാശം വിതച്ച ഉരുള്‍ പൊട്ടലുണ്ടായ പ്രദേശത്ത് കരിങ്കല്‍ ഖനനത്തിന് അനുമതി നല്‍കിയ തീരുമാനം വിവാദമാകുകയാണ്. ഉരുള്‍പൊട്ടലുണ്ടായ കുന്നിന്റെ മറുവശത്താണ് ക്വാറിയും ക്രഷറും പ്രവര്‍ത്തനം പുനരാരംഭിച്ചത്.
ക്വാറിയുടെ പ്രവര്‍ത്തനം വലിയ ദുരന്തത്തിന് കാരണമാകുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക. എന്നാല്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ക്വാറിക്ക് അനുമതി നല്‍കിയതെന്ന് അധികൃതര്‍ പറയുന്നു. ഇപ്പോള്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ ക്വാറി പ്രവര്‍ത്തിക്കുകയാണ്. അതേസമയം അമ്മാറയിലെ ഉരുള്‍പൊട്ടലിന്റെ കാരണം തേടി വിവിധ വിദഗ്ധ സംഘങ്ങള്‍ ഇപോഴും പഠനത്തിനായി ഈ പ്രദേശത്ത് സന്ദര്‍ശനം നടത്തുന്നുണ്ട്. ഖനനവും ഉരുള്‍ പൊട്ടലുകള്‍ക്ക് ആക്കം കൂട്ടിയതായി പ്രദേശം സന്ദര്‍ശിച്ച വിദഗ്ധര്‍ അഭിപ്രായപെട്ടിരുന്നു. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയവും വലിയ ഉരുള്‍ പൊട്ടലും ഉണ്ടായതിന്റെ ഞെട്ടല്‍ മാറും മുന്‍പായാണ് അധികൃതരുടെ ഒത്താശയോടെ കരിങ്കല്‍ ഖനനം നിര്‍ബാധം നടക്കുന്നത്.
മേപ്പാടിയില്‍ പഞ്ചായത്ത് വക തകൃതിയായ കുന്നിടിക്കല്‍
മേപ്പാടി: കനത്ത മഴയെ തുടര്‍ന്ന് ഇടിഞ്ഞ് വീണ മണ്ണ് നീക്കം ചെയ്യുന്നതിന്റെ മറവില്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് തന്നെ വലിയ കുന്ന് ഇടിച്ചു നിരത്തുന്നു. പഞ്ചായത്ത് മത്സ്യ മാംസ മാര്‍ക്കറ്റിന് സമീപത്തെ വലിയ കുന്നാണ് ഇടിച്ച് നിരത്തുന്നത്.
കുന്നിടിക്കലിന് ഗ്രാമപഞ്ചായത്ത് തന്നെ നേതൃത്വം നല്‍കുന്നതില്‍ പ്രതിഷേധം ശക്തമാണ്. ആഗസ്റ്റ് മാസത്തിലെ കനത്ത മഴയെ തുടര്‍ന്ന് മാര്‍ക്കറ്റ് കെട്ടിടത്തിന് മുകളില്‍ മണ്ണ് ഇടിഞ്ഞ് വീണിരുന്നു.
ഇടിഞ്ഞ് വീണ മണ്ണ് നീക്കം ചെയ്യാന്‍ അനുമതി നല്‍കണമെന്ന് കാണിച്ച് പഞ്ചായത്ത് സെക്രട്ടറി കഴിഞ്ഞ മാസം ഏഴിന് കോട്ടപ്പടി വില്ലേജ് ഓഫിസില്‍ അപേക്ഷ നല്‍കി.തുടര്‍ന്ന് അപേക്ഷ പരിഗണിച്ച് ഇടിഞ്ഞ് വീണ മണ്ണ് നീക്കം ചെയ്യാന്‍ വൈത്തിരി തഹസില്‍ദാര്‍ അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ ഇടിഞ്ഞ് വീണ മണ്ണ് നീക്കം ചെയ്യുന്നതിനൊപ്പം കുന്ന് ഇടിച്ച് നിരത്തുകയാണ്.
ഒരു ജെ.സി.ബിയും ഒരു ഹിറ്റാച്ചിയും ഉപയോഗിച്ചാണ് കുന്നിടിക്കുന്നത്. മാര്‍ക്കറ്റ് കെട്ടിടം അറ്റകുറ്റ പണി നടത്താനാണ് മണ്ണ് നീക്കം ചെയ്യുന്നതിന് ഗ്രാമപഞ്ചായത്ത് അനുമതി തേടിയത്.
എന്നാല്‍ ഇന്നലെ ഒരുദിവസം കൊണ്ട് തന്നെ വലിയ തോതില്‍ മണ്ണ് നീക്കം ചെയ്തു. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് മണ്ണ് നീക്കംചെയ്യുന്നതെന്നാണ് ഗ്രാമപഞ്ചായത്തിന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."