മുത്തൂറ്റ് സമരം: ചാനല്‍ ചര്‍ച്ചയിലും മാനേജ്‌മെന്റിനു പ്രതിനിധിയില്ല; ശാഖകള്‍ പൂട്ടുന്നതായി പരസ്യം നല്‍കി അടുത്ത ഭീഷണി
തിരുവനന്തപുരം: തൊഴിലാളി സമരം തുടരുന്നതിനിടെ മുത്തൂറ്റ് ഫിനാന്‍സിന്റെ ശാഖകള്‍ പൂട്ടുന്നതായി പരസ്യം. 15 ശാഖകള്‍ പൂട്ടുന്നതായുള്ള പരസ്യമാണ് പ്രത്യക്ഷപ്പെട്ടത്. ഇവിടെ പുതിയതായി ഗോള്‍ഡ് ലോണുകള്‍ ഇനി സ്വീകരിക്കില്ല.15 ശാഖകള്‍ പൂട്ടുന്നുവെന്നുമാണ് പരസ്യം.
എറണാകുളം കതൃക്കടവ്, പനങ്ങാട്, കങ്ങരപ്പടി, പൊന്നാരിമംഗലം, തിരുവനന്തപുരം ഉള്ളൂര്‍, പെരിങ്ങമല, പുനലൂര്‍, കൊട്ടാരക്കര, ഭരണിക്കാവ്, തെങ്ങണ,കുമളി കൊളുത്ത് പാലം, പതിരിപാല, പാലക്കാട് സുല്‍ത്താന്‍പേട്ട, കോട്ടക്കല്‍ ചങ്കുവെട്ടി, മലപ്പുറം എന്നീ ശാഖകളാണ് നിര്‍ത്തുന്നത്. പണയം വച്ച വസ്തുക്കള്‍ തിരിച്ചെടുത്ത് വായ്പ തീര്‍ക്കാന്‍ ഇടപാടുകാര്‍ക്ക് മൂന്ന് മാസത്തെ സമയമുണ്ടെന്നാണ് അറിയിപ്പ്.
ഇത് ഉപബോക്താക്കളെക്കൂടി ആശങ്കയിലാക്കാനുള്ള ശ്രമമാണെന്നാണ് സമരക്കാര്‍ നല്‍കുന്ന സൂചന.
ബോണ്ട് അടക്കമുള്ള എല്ലാ ഇടപാടുകളെക്കുറിച്ചും വ്യക്തിപരമായി അറിയിക്കുമെന്നും ഉപഭോക്താക്കള്‍ നേരിട്ട പ്രയാസത്തില്‍ വേദനയുണ്ടെന്നുമാണ് പരസ്യത്തിന്റെ ഉള്ളടക്കം.
മുത്തൂറ്റ് ഫിനാന്‍സിലെ തൊഴിലാളി സമരത്തിനെതിരേ മറ്റൊരു വിഭാഗത്തെ സമരത്തിനിറക്കിയതോടെ ഹെഡ് ഓഫീസിന് മുന്നില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു. സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഉപരോധ സമരത്തിനെതിരേയാണ് പ്രതിഷേധ സമരവുമായി മുത്തൂറ്റിലെ മറ്റൊരു വിഭാഗം ജീവനക്കാരെ മാനേജ്‌മെന്റ് രംഗത്തെത്തിറക്കിയത്. ജോലി ചെയ്യാന്‍ സമരക്കാര്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് തങ്ങളുടെ സമരമെന്നായിരുന്നുഇവരുടെ വാദം. മുത്തൂറ്റിലെ ജീവനക്കാര്‍ സമരം നടത്തുന്നില്ലെന്ന് മാധ്യമങ്ങള്‍ക്ക് വാര്‍ത്താകുറിപ്പ് നല്‍കിയായിരുന്നു ജീവനക്കിരില്‍ ഒരു വിഭാഗത്തെ എതിര്‍ സമരത്തിനിറക്കിയത്. ജീവനക്കാരുടെ സമരത്തെ പൊളിക്കുക എന്നുതന്നെയാണിതിനു പിന്നിലെന്നും സമരത്തിലുള്ള ജീവനക്കാര്‍ പറയുന്നു.
അതേ സമയം ഇന്നലെ ഒരു ചാനലിന്റെ ചര്‍ച്ചയില്‍ ഇതും സംബന്ധിച്ച് മാനേജ്‌മെന്റിന്റെ ഭാഗം വിശദീകരിക്കാന്‍ ഒരാള്‍പോലുമെത്തിയില്ല. ഇതുതന്നെ ഇരട്ടത്താപ്പാണെന്നും ഇത് മാനേജ്‌മെന്റിന്റെ നെറികേടിനുള്ള തെളിവാണെന്നും ജീവനക്കാര്‍ പറയുന്നു.
കഴിഞ്ഞ ആറ് മാസമായി തങ്ങള്‍ സമരം ചെയ്തുവരികയാണെന്നാണ് സമരാനുകൂലികളായ ജീവനക്കാര്‍ പറയുന്നത്. സി.ഐ.ടി.യു സംഘടന സമരം നടത്താന്‍ ഇങ്ങോട്ടുവന്നതല്ല, ഞങ്ങളുടെ പ്രശ്നം അവരോട് പറഞ്ഞപ്പോഴാണ് അവര്‍ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നതെന്നും ഇവര്‍ പറയുന്നു. എത്രയോ കാലമായി ശമ്പള കുടിശ്ശികയാണ്. തൊഴില്‍ നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നില്ല. ബോണസ് നല്‍കുന്നില്ല. തുടങ്ങിയ ആവശ്യങ്ങള്‍ നേടിയെടുക്കാനാണ് ആറ് മാസമായി തങ്ങള്‍ സമരം ചെയ്യുന്നത്. ആറ് തവണ കമ്പനിക്ക് കത്ത് നല്‍കി. നിരവധി സൂചനാ പ്രക്ഷോഭങ്ങള്‍ നടത്തി. ഓഗസ്റ്റ് 20 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും മാനേജ്മെന്റിനെ അറിയിച്ചിരുന്നതുമാണ്.
ഇതിലൊന്നും യാതൊരു പ്രതികരണവും മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. തുടര്‍ന്ന് ലേബര്‍ കമ്മിഷന്‍ ചര്‍ച്ചയ്ക്ക് വിളിച്ചപ്പോഴാണ് മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് രണ്ട് പേര്‍ വന്ന് ചര്‍ച്ചയ്ക്ക് തയാറായത്. എന്നാല്‍, തങ്ങള്‍ക്കിതില്‍ തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് അവര്‍ തിരികെ പോകുകയായിരുന്നു. തുടര്‍ന്നാണ് സമരം തുടങ്ങാന്‍ നിര്‍ബന്ധിതരായത്. കോടതിയില്‍ ഞങ്ങള്‍ നടത്തുന്ന സമരം നിയമവിരുദ്ധമാണെന്ന് മാനേജ്മെന്റ് വാദിച്ചിരുന്നതായും സമരക്കാര്‍ പറഞ്ഞു.
തൊഴിലാളികളുടെ ആനുകൂല്യം അടക്കമുള്ള വിവിധ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് സി.ഐ.ടി.യു സമരം നടത്തുന്നത്. നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും മാനേജ്‌മെന്റ് സമയവായത്തിന് തയ്യാറാവാതിരുന്നതോടെ സമരം നീണ്ടുപോകുകയായിരുന്നു.
അതേസമയം മുത്തൂറ്റ് സമരം സങ്കീര്‍ണമാകുന്ന സാഹചര്യത്തില്‍ പ്രഴ്‌നപരിഹാരത്തിനായി ഇന്ന് തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കും. വൈകീട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്താണ് ചര്‍ച്ച. തൊഴിലാളി സംഘടനാ പ്രതിനിധികളും മൂത്തൂറ്റ് ഫിനാന്‍സ് പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."