ഡ്രൈനേജിന്റെ അശാസ്ത്രീയ നിര്‍മാണം; പകര്‍ച്ചവ്യാധി ഭീതിയില്‍ മണങ്ങുവയല്‍ നാലുസെന്റു കോളനി
മീനങ്ങാടി: മഞ്ഞപ്പിത്തവും പകര്‍ച്ചപ്പനിയും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അശാസ്ത്രീയമായി നിര്‍മിച്ച ഡ്രൈനേജിലൂടെ മാലിന്യം ഒഴുകാനിടമില്ലാതെ രോഗ സമാനമായ സാഹചര്യത്തില്‍ നിരവധി കുടുംബങ്ങള്‍.
96 ഓളം കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മണങ്ങുവയല്‍ നാല് സെന്റ് കോളനിയിലാണ് മാലിന്യം കലര്‍ന്ന വെള്ളം കൊണ്ട് പൊറുതിമുട്ടുന്നത്.
താഴ്ന്ന വയല്‍പ്രദേശമായതിനാല്‍ വീടുകളിലെ കക്കൂസ് ടാങ്ക് നിറഞ്ഞൊഴുകുന്ന വെള്ളവും, മറ്റ് മലിനജലവും ഡ്രൈനേജിലൂടെ ഒഴുകി ഡ്രൈനേജ് തീരുന്ന ഭാഗത്ത് കോളനി വീടുകളോട് ചേര്‍ന്ന് കെട്ടിക്കിടക്കുകയാണ്.
ഒരു മഴ പെയ്താല്‍ കെട്ടിക്കിടക്കുന്ന മലിനജലവും മഴവെള്ളവും കോളനികള്‍ക്കിടയിലൂടെ പരന്നൊഴുകുന്ന സാഹചര്യമാണിപ്പോഴുള്ളത്.
കഴിഞ്ഞ പ്രളയ സമയത്ത് നിരവധി വീടുകളില്‍ ഇത്തരത്തില്‍ മാലിന്യം കലര്‍ന്നവെള്ളം കെട്ടിക്കിടന്നിരുന്നു.
പകര്‍ച്ചവ്യാധി ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തില്‍ മലിനജലം കെട്ടി നില്‍ക്കുന്ന അവസ്ഥക്ക് പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
അതു കൊണ്ട് തന്നെ കോളനിയില്‍ ഡ്രൈനേജ് തീരുന്ന ഭാഗത്തുള്ള കുടുംബങ്ങളാണ് മാലിന്യത്താല്‍ കൂടുതലായും പൊറുതിമുട്ടുന്നത്. വെള്ളപ്പൊക്കത്താലും കാലപ്പഴക്കം കൊണ്ടും പാതി തകര്‍ന്ന വീടുകളിലാണ് ഒട്ടുമിക്ക കുടുംബങ്ങളും കഴിയുന്നത്. വീട് നിര്‍മിക്കാന്‍ പഞ്ചായത്ത് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും രോഗസമാനമായ നിലവിലെ സാഹചര്യത്തില്‍ എങ്ങനെയാണ് വീട് പുതുക്കിപ്പണിയുക എന്നാണ് പ്രദേശവാസികള്‍ ചോദിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."