ഭീഷണിപ്പെടുത്തിയ സി.പി.എം നേതാവിന് എസ്.ഐയുടെ ചുട്ടമറുപടി 'ടെസ്റ്റ് എഴുതി പാസായതാ, പേടിച്ച് ജീവിക്കാനാവില്ല'
സ്വന്തം ലേഖിക
കൊച്ചി: എസ്.എഫ്.ഐ നേതാവിനെ പൊലിസ് ജീപ്പില്‍ കയറ്റിക്കൊണ്ടുപോയതിന് ഭീഷണിയുടെ ഭാഷയില്‍ സംസാരിച്ച സി.പി.എം കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന് എസ്.ഐയുടെ ചുട്ടമറുപടി.
'താന്‍ ടെസ്റ്റ് എഴുതി പാസായതാ... നല്ല ധൈര്യമുണ്ട്... പേടിച്ച് ജീവിക്കാന്‍ കഴിയില്ല'- എന്നിങ്ങനെയായിരുന്നു കളമശേരി എസ്.ഐ അമൃത രംഗന്‍ ഫോണില്‍ മറുപടി നല്‍കിയത്. എസ്.ഐയോട് തട്ടിക്കയറുന്ന ഏരിയാ സെക്രട്ടറിയുടെ ഓഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
നിലപാടുനോക്കി ജോലി ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞതോടെ ഏരിയാ സെക്രട്ടറി എസ്.ഐയോട് ക്ഷുഭിതനാകുകയായിരുന്നു. അവരുടെ സൈഡ് ചേര്‍ന്ന് സംസാരിക്കുകയാണെങ്കില്‍ തനിക്ക് ഒന്നും പറയാനില്ലെന്ന് എസ്.ഐ പറഞ്ഞതോടെ നിങ്ങളെക്കുറിച്ച് വളരെ മോശം അഭിപ്രായം ജനങ്ങള്‍ക്കിടയിലും രാഷ്ട്രീയക്കാര്‍ക്കിടയിലും ഉണ്ടെന്നും രാഷ്ട്രീയ ഇടപെടലുകള്‍ മനസിലാക്കിവേണം വിഷയങ്ങളില്‍ ഇടപെടാനെന്നും സെക്രട്ടറി ഭീഷണിയുടെ സ്വരത്തില്‍ പറയുന്നതും ഓഡിയോയിലുണ്ട്.
തനിക്ക് എല്ലാ വിദ്യാര്‍ഥികളും ഒരുപോലെയാണെന്നും നേരെ വാ നേരെ പോ എന്നതാണ് തന്റെ രീതിയെന്നും ആരുടെയും കാലുപിടിച്ചല്ല താന്‍ കളമശേരിയില്‍ വന്നതെന്നുമൊക്കെ എസ്.ഐ വ്യക്തമാക്കുന്നുണ്ട്. പ്രവര്‍ത്തകരോട് മാന്യമായി പെരുമാറണമെന്നും കളമശേരിയില്‍ ഇതിനുമുന്‍പും പല എസ്.ഐമാരും വന്നിട്ടുണ്ടെന്നും സക്കീര്‍ ഹുസൈന്‍ ഇതിന് മറുപടി നല്‍കി.
ഇവിടെ ചത്തുകിടന്നാലും പിള്ളേരെ തല്ലാന്‍ സമ്മതിക്കില്ല. ചാകാനും തയാറായാണ് യൂനിഫോമിട്ട് വന്നിരിക്കുന്നത്. നിങ്ങള്‍ എന്താന്ന് വച്ചാല്‍ ചെയ്‌തോളൂ. ഇവിടെ ഇരിക്കാമെന്ന് ആര്‍ക്കും വാക്കുകൊടുത്തിട്ടില്ലെന്നും എസ്.ഐ മറുപടി നല്‍കി.
താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും വിദ്യാര്‍ഥി സംഘര്‍ഷം ഒഴിവാക്കാനാണ് ശ്രമിച്ചതെന്നും എസ്.ഐ പറഞ്ഞിട്ടും എസ്.എഫ്.ഐ നേതാവാണെന്ന് പറഞ്ഞിട്ടും എന്തിനാണ് ജീപ്പില്‍ കയറ്റിയതെന്ന ചോദ്യം ഏരിയ സെക്രട്ടറി ആവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞദിവസം നടന്ന കുസാറ്റ് യൂനിയന്‍ തെരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു സംഭവം. തെരഞ്ഞെടുപ്പിലെ വിജയം ആഘോഷിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. ഇതേസമയം തന്നെ ബി.ടെക് വിദ്യാര്‍ഥികളുടെ ഓണാഘോഷവും നടന്നിരുന്നു. ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടുകയും സംഘര്‍ഷത്തില്‍ ഒരു വിദ്യാര്‍ഥിയുടെ തലപൊട്ടുകയും ചെയ്തു.
സ്ഥലത്തെത്തിയ പൊലിസ് ഹോസ്റ്റലിലേക്ക് തള്ളിക്കയറി കൂടുതല്‍ സംഘര്‍ഷത്തിന് ശ്രമിച്ച വിദ്യാര്‍ഥികളെ തടയുകയായിരുന്നു. അതിനിടെ സ്ഥലത്തുണ്ടായിരുന്ന എസ്.എഫ്.ഐ ജില്ലാപ്രസിഡന്റിനെ പിടികൂടി യൂനിവേഴ്‌സിറ്റി അമിനിറ്റി സെന്ററിലാക്കിയിരുന്നു.
സംഘര്‍ഷത്തില്‍ അഞ്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരേ കളമശേരി പൊലിസ് കേസെടുത്തിരുന്നു. വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണ് ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."