യു.എസിനും ബ്രിട്ടനും ഫ്രാന്‍സിനും യമനിലെ യുദ്ധക്കുറ്റങ്ങളില്‍ പങ്കെന്ന് യു.എന്‍
വിയന്ന: സഊദി സഖ്യത്തിന് ആയുധവും പിന്തുണയും നല്‍കുന്ന യു.എസിനും ബ്രിട്ടനും ഫ്രാന്‍സിനും യമനില്‍ നടക്കുന്ന യുദ്ധക്കുറ്റങ്ങളില്‍ പങ്കുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ റിപോര്‍ട്ട്. യുദ്ധക്കുറ്റകേസുകള്‍ നേരിടാന്‍ സാധ്യതയുള്ള 160 പേരടങ്ങുന്ന ഉദ്യോഗസ്ഥരുടെ പട്ടികയും യു.എന്‍ വിദഗ്ധസമിതി തയ്യാറാക്കിയിട്ടുണ്ട്.
സൈനിക ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഉള്‍പ്പെടുന്ന പട്ടികയില്‍ സഊദി അറേബ്യ, യു.എ.ഇ, ഹൂതി വിമതര്‍, യമന്‍ സര്‍ക്കാര്‍ സേനാംഗങ്ങള്‍ എന്നിവരും ഉള്‍പ്പെടുന്നു.
ഞെട്ടിക്കുന്ന ഈ റിപ്പോര്‍ട്ട് യുകെ സര്‍ക്കാരിനുള്ള ശക്തമായ മുന്നറിയിപ്പാണ്. സഊദിക്കും സഖ്യകക്ഷികള്‍ക്കും ആയുധവില്‍പ്പന നടത്തിയതിന്റെ ഭാഗമായി യമന്‍ ജനത അനുഭവിക്കേണ്ടിവന്ന ദുരിതത്തിന്റെയും കഷ്ടപ്പാടിന്റെയും തെളിവുകള്‍ അതില്‍ അടങ്ങിയിട്ടുണ്ടെന്ന് അന്താരാഷ്ട്ര എന്‍.ജി.ഒയായ ഓക്‌സ്ഫാമിന്റെ യമനിലെ ഡയറക്ടര്‍ മുഹ്‌സിന്‍ സിദ്ദിഖി പറഞ്ഞു.
സഊദി നേതൃത്വത്തിലുള്ള സഖ്യസേന യുദ്ധക്കുറ്റങ്ങള്‍ ചെയ്യാനുള്ള സാധ്യതയെക്കുറിച്ച് ശരിയായ അന്വേഷണം നടത്താതെ അവര്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നത് തുടരുകയാണെന്നും ഇത് പരിഹരിക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാമെന്ന് യു.കെ സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ജൂണ്‍ 20ന് യു.കെയിലെ അപ്പീല്‍ കോടതി വിധിച്ചിരുന്നു.
അതിന് സര്‍ക്കാര്‍ ഈ മാസംതന്നെ മറുപടി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറ്റകൃത്യങ്ങള്‍ നടത്തുന്നുണ്ടോ എന്നു പരിശോധിക്കാന്‍ ബ്രിട്ടണ്‍ സഊദി രൂപീകരിച്ച ടീമിനെയാണ് ആശ്രയിക്കുക എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. ആ സംഘത്തിന്റെ വിശ്വാസ്യതയെ യു..എന്‍ റിപോര്‍ട്ട് ആവര്‍ത്തിച്ച് ചോദ്യംചെയ്യുന്നുമുണ്ട്.
യമനില്‍ സാധാരണക്കാരെ കൊന്നൊടുക്കിയ നിരവധി അക്രമങ്ങള്‍ക്ക് ആരും ഉത്തരവാദികളല്ലെന്നാണ് സഊദി അന്വേഷണ സംഘത്തിന്റെ 'ഏറ്റവും വലിയ' കണ്ടെത്തല്‍. അതുകൊണ്ട് ആ അന്വേഷണത്തിന്റെ നിഷ്പക്ഷതയില്‍ യു.എന്‍ വിദഗ്ധ സമിതി ആശങ്ക പ്രകടിപ്പിക്കുന്നു.
തെക്കുപടിഞ്ഞാറന്‍ യമനില്‍ സഊദി നേതൃത്വത്തിലുള്ള സൈനികസഖ്യം ഞായറാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ ഹൂതികളുടെ ഒരു തടങ്കല്‍പാളയം പൂര്‍ണമായും തകരുകയും നിരവധിപേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."