ആനയെ പാട്ടത്തിന് കൊടുക്കുന്നതിന് കര്‍ശന നിബന്ധന
തൊടുപുഴ: നാട്ടാനകളെ പാട്ടത്തിനു കൊടുക്കുന്നതിന് കര്‍ശന ഉപാധികളും നിബന്ധനകളുമായി സംസ്ഥാന വനംവകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ സുരേന്ദ്രകുമാറിന്റെ ഉത്തരവ്. സുപ്രിം കോടതിയുടെ രണ്ട് ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് നാട്ടാനകളുടെ അനധികൃത കൈമാറ്റങ്ങള്‍ തടയുന്നതിനായി ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
കേരളത്തിലെ മുഴുവന്‍ ആനകളെയും സുപ്രിംകോടതി വിധി പ്രകാരം അതത് ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആനകളെ ജില്ലയില്‍നിന്ന് പുറത്തേക്കു കൊണ്ടുപോകുന്ന സാഹചര്യങ്ങളില്‍ എന്താവശ്യത്തിന്, എത്ര ദിവസത്തേക്ക്, എവിടേക്കു കൊണ്ടുപോകുന്നു എന്നതു സംബന്ധിച്ച് ഉടമ സാമൂഹ്യ വനവല്‍ക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററെ അറിയിക്കണം. ഒറ്റത്തവണയായി പതിനഞ്ചു ദിവസത്തില്‍ കൂടുതല്‍ സ്വന്തം ജില്ല വിട്ട് ആനകളെ മാറ്റി പാര്‍പ്പിക്കാന്‍ പാടില്ല. കൂടുതല്‍ ദിവസങ്ങള്‍ പാര്‍പ്പിക്കേണ്ട സാഹചര്യങ്ങളില്‍ മുന്‍കൂര്‍ അനുമതി വാങ്ങുകയും മതിയായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ബോധ്യപ്പെടുത്തുകയും വേണം. ആനയുടെ പരിചരണം, വൃത്തിയുള്ള ആഹാരം, വെള്ളം, തളയ്ക്കുന്നതിനുള്ള സൗകര്യം എന്നിവയും ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."