അഖിലഭാരത അയ്യപ്പസേവാസംഘം ഭാരവാഹികള്‍ക്കെതിരേ സംസ്ഥാന നിര്‍വാഹക സമിതി അംഗം
തളിപ്പറമ്പ്: ഏഴായിരം കോടി ആസ്തിയുള്ള അഖില ഭാരത അയ്യപ്പസേവാ സംഘത്തില്‍ നടക്കുന്ന അഴിമതിയെപ്പറ്റി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്നും ഇക്കാര്യത്തില്‍ ഗവണ്‍മെന്റ് ആവശ്യമായ പരിശോധനകള്‍ നടത്താന്‍ തയാറാകണമെന്നും സംസ്ഥാന നിര്‍വാഹക സമിതി അംഗം കെ.സി മണികണ്ഠന്‍ നായര്‍ ആവശ്യപ്പെട്ടു.
ശബരിമല കേന്ദ്രീകരിച്ച് അയ്യപ്പ ഭക്ത വിശ്വാസികളെ സഹായിക്കാനായി 1945 ല്‍ രൂപം കൊണ്ട അഖില ഭാരത അയ്യപ്പസേവാസംഘം സ്വാമിമാരെ സഹായിക്കുന്നതിനായി നിരവധി സേവന പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. അഖിലേന്ത്യാതലത്തില്‍ നിന്നും വിദേശങ്ങളില്‍ നിന്നും സംഭാവനയായി ലഭിക്കുന്ന പണം കൊണ്ടാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. എന്നാല്‍ കഴിഞ്ഞ 15 കൊല്ലത്തിലേറെയായി ചിലരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചാണ് കാര്യങ്ങള്‍ നടത്തിവരുത്തുന്നതെന്നാണ് മണികണ്ഠന്‍ നായരുടെ ആരോപണം. ഇപ്പോള്‍ നേതൃസ്ഥാനത്തെത്തിയ കൊയ്യം ജനാര്‍ദ്ദനന്റെ നേതൃത്വത്തിലുള്ള അയ്യപ്പസേവാസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടില്‍ പിരിവ് നടത്തിക്കൊണ്ടാണെന്നും, ലാഭക്കൊതികൊണ്ട് മാത്രമാണ് ഇലക്ഷന് പകരം സെലക്ഷന്‍ നടത്തി അയ്യപ്പ സേവാ സംഘത്തിന് താല്‍ക്കാലിക കമ്മിറ്റി തട്ടിക്കൂട്ടിയതെന്നും മണികണ്ഠന്‍ നായര്‍ ആരോപിച്ചു. സംഘടനയില്‍ നടന്നുവരുന്ന ക്രമക്കേടുകളും അഴിമതിയും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും പരാതിയും നല്‍കും. തമിഴ്‌നാട്ടില്‍ നിന്നുളളവരുടെ പ്രവര്‍ത്തനം കൊണ്ടാണ് ഇപ്പോള്‍ സേവനപ്രവര്‍ത്തനങ്ങള്‍ മുടക്കമില്ലാതെ നടക്കുന്നത്.
എന്നാല്‍ കര്‍ണ്ണാകയില്‍ നിലവിലുള്ള അയ്യപ്പസേവാസംഘം വ്യക്തികളുടെ കൈയിലാണെന്നും കോടികള്‍ പിരിച്ചെടുത്ത് നക്കാപ്പിച്ച മാത്രം അയ്യപ്പസേവാസംഘത്തിന് വേണ്ടി ചെലവഴിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതെല്ലാം കൃത്യമായി അറിയുന്ന ദേശീയ പ്രസിഡന്റ് തന്റെ കസേര ഉറപ്പിക്കാനായി കണ്ണടച്ച് ഇരിക്കുകയാണെന്നും അതിനുദാഹരണമാണ് ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പെന്നും മണികണ്ഠന്‍ നായര്‍ ആരോപിച്ചു. കണ്ണൂര്‍ ജില്ലയില്‍ ബക്കളം നെല്ലിയോട്ട് ക്ഷേത്രപരിസരത്ത് കഴിഞ്ഞ നാല് വര്‍ഷമായി നടത്തിവന്നിരുന്ന ഇടത്താവളത്തിന് നേതൃത്വം നല്‍കിയ മണികണ്ഠന്‍ നായര്‍ കഴിഞ്ഞ വര്‍ഷം അയ്യപ്പസേവാസംഘം പിളര്‍ന്നപ്പോള്‍ സി.പി.എം പക്ഷത്തേക്ക് മാറിയിരുന്നു.
കഴിഞ്ഞ വര്‍ഷം സി.പി.എം നേരിട്ട് നടത്തിയ ഇടത്താവളത്തിന്റെ പ്രധാന ചുമതലക്കാരനും മണികണ്ഠന്‍ നായര്‍ ആയിരുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍ഗോഡ് ഏരിയാ കമ്മറ്റി അംഗം പി.വി സതീഷ് കുമാര്‍, പി. പ്രഭാകരന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."