പട്ടികജാതി പട്ടികവര്‍ഗക്കാരുടെ വികസനം; ഉദ്യോഗസ്ഥര്‍ കാണിക്കുന്ന അനാസ്ഥക്കെതിരേ നിയമസഭാ സമിതിയുടെ രൂക്ഷ വിമര്‍ശം
പാലക്കാട് :പട്ടികജാതി പട്ടികവര്‍ഗക്കാരുടെവികസനത്തില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ കാണിക്കുന്ന അനാസ്ഥക്കെതിരെ നിയമസഭ പട്ടികജാതി പട്ടിക വര്‍ഗ കമ്മിറ്റിയുടെ രൂക്ഷ വിമര്‍ശം. ഇന്നലെ കലക്ടറേറ്റില്‍ നടന്ന സിറ്റിങ്ങില്‍ ഉദ്യോഗസ്ഥര്‍ക്ക് സമിതിയുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാന്‍ കഴിഞ്ഞില്ല. എന്ത് നടപടി സ്വീകരിച്ചുവെന്ന് കൃത്യമായ ഉത്തരവും നല്‍കാന്‍ കഴിഞ്ഞില്ല. 2012 മുതല്‍ സമിതിക്ക് ലഭിച്ച പരാതികള്‍ പരിഹരിക്കാനാണ് സമിതി തെളിവെടുപ്പ് നടത്തിയത്. കൂടുതലും ജില്ലയിലെ അട്ടപ്പാടി മേഖലയില്‍ നിന്നുള്ള പരാതികളായിരുന്നു. അഹാഡ്‌സ് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാവാത്തതും വിമര്‍ശനത്തിന് കാരണമായി.
അഹാഡ്‌സ് നിര്‍ത്തി പോയതോടെ പല പദ്ധതികളും പാതിവഴിയില്‍ നില്‍ക്കുകയാണ്. അതിനെക്കുറിച്ച് ആദിവാസികള്‍ സമിതിക്കു നല്‍കിയ പരാതികളില്‍ എന്ത് നടപടിയെടുത്തുവെന്ന് വ്യക്തമായി പറയാന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. സ്ഥലംമാറി വന്ന ഉദ്യോഗസ്ഥര്‍ ഞങ്ങള്‍ക്കൊന്നുമറിയില്ലെന്ന രീതിയിലാണ് സമിതിയോട് സംസാരിച്ചത്. കോട്ടത്തറയില്‍ നിന്നും ആനക്കട്ടിവരെ കുടിവെള്ള വിതരണ പദ്ധതി നടപ്പിലാക്കിയതില്‍ അഴിമതി നടന്നതിനെക്കുറിച്ചു് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു മുരളിമാസ്റ്റര്‍ 2012 ല്‍ നല്‍കിയ പരാതിയെക്കുറിച്ചു് അന്വേഷിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് പരാതി അയച്ചു കൊടുത്തെങ്കിലും പദ്ധതി സംബന്ധിച്ച് ഫയലുകള്‍ കാണാനില്ലെന്ന മറുപടിയാണ് ബന്ധപ്പെട്ടവര്‍ സമിതിക്ക് നല്‍കിയതെന്ന് ചെയര്‍മാന്‍ വി സത്യന്‍ എം.എല്‍.എ പറഞ്ഞു. പട്ടിക വര്‍ഗ വകുപ്പും തദ്ദേശസ്വയംഭരണവകുപ്പുമാണ് അന്വേഷിക്കേണ്ടത്.
ഫയലില്ലാതെ തുടര്‍ അന്വേഷണം നടത്താന്‍ കഴിയില്ലെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍. എന്നാല്‍ ഇതിനിടയില്‍ പദ്ധതി നടപ്പിലാക്കാന്‍ ഷോളയൂര്‍ പഞ്ചായത്ത് 2016 ല്‍ ഒരുകോടി 30 ലക്ഷം രൂപ ചിലവില്‍ പദ്ധതി വീണ്ടും നടപ്പിലാക്കാന്‍ ഫണ്ട് അനുവദിച്ചു. ജല അതോറിട്ടി ടെണ്ടറും നല്‍കിയിരിക്കുകയാണ്.എന്നാല്‍ ജലനിധി പ്രകാരം നടപ്പിലാക്കിയ ആദ്യ പദ്ധതിക്കായി ചിലവിട്ട കോടികള്‍ എവിടെ പോയെന്നു ആര്‍ക്കും പറയാന്‍ പറ്റുന്നുമില്ല. നിലവിലെ ഉദ്യോഗസ്ഥരും കൈമലര്‍ത്തുകയാണ് ഇതിനെ സമിതി ഉദ്യോഗസ്ഥരെ ശ്വാസിക്കുകയും ചെയ്തു.
പരാതിക്കാരെത്തിയില്ല: ഉദ്യോഗസ്ഥരോട് തീര്‍പ്പാക്കാന്‍ സമിതി നിര്‍ദേശിച്ചു
പാലകാട്: പട്ടികജാതി പട്ടികവര്‍ഗ നിയമസഭാ സമിതി ഇന്നലെ കലക്ടറേറ്റില്‍ നടത്തിയ അദാലത്തില്‍ പരാതിക്കാരുടെ സാന്നിധ്യമില്ലാതെ തന്നെ പരാതികള്‍ തീര്‍പ്പാക്കാന്‍ സമിതി നിര്‍ദേശിച്ചു.2012 ല്‍ ജില്ലയില്‍ നിന്നും സമിതിക്കു ഒന്‍പതു പരാതികളാണു് ലഭിച്ചിരുന്നത് .പരാതി നല്‍കിയവരില്‍ ആരും ഇന്നലെ നടന്ന സിറ്റിങ്ങില്‍ പങ്കെടുത്തില്ല . പലതും ഗൗരവമുള്ള പരാതികളായിരുന്നുവെങ്കിലും, ഉദ്യോഗസ്ഥര്‍ പറഞ്ഞ പ്രകാരമുള്ള റിപ്പോര്‍ട്ട് കേട്ട് പരാതികള്‍ തീര്‍പ്പാക്കുകയായിരുന്നു സമിതി. എന്നാല്‍ രണ്ടാഴ്ച മുന്‍പ് ബന്ധപെട്ട ഉദ്യോഗസ്ഥര്‍ക്ക് സമിതി നോട്ടീസ് അയച്ചു വിവരങ്ങള്‍ സമിതിയെ അറിയിക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നുവെങ്കിലും ആരും കൃത്യമായ മറുപടി നല്‍കിയതുമില്ല. എല്ലാ പരാതിയിന്മേലും രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയാണുണ്ടായത്.
എന്നാല്‍ പരാതിക്കാരിലൊരാള്‍ മരിച്ചുപോയിരുന്നു. പറമ്പിക്കുളം തേക്കടിയിലെ പൊതു പ്രവര്‍ത്തകനായ ഉത്തമന്‍ തേക്കടി- അല്ലിമൂപ്പന്‍ കോളനിയിലേക്ക് റോഡും,പാലവും വേണമെന്ന പരാതി നല്‍കിയിരുന്നു. 2012 ല്‍ നല്‍കിയ പരാതി ഇപ്പോഴാണ് പരിഹരിക്കാന്‍ സമിതി തയാറായത് .ഇതിനിടക്ക് നാല് വര്‍ഷം മുന്‍പ് ഉത്തമന്‍മരിച്ചു. പരാതി പരിഹരിക്കാന്‍ സമിതി എത്തും മുന്‍പേ ഇവിടെ പാലവും റോഡും എത്തിയത് ഉത്തമന്റെ കുടുംബക്കാര്‍ക്ക് ആശ്വാസത്തിന് വകയായി. എന്നാല്‍ പാലം,റോഡ് നിര്‍മ്മിച്ച വിവരം സമിതിയെ ബന്ധപ്പെട്ട വകുപ്പ് അറിയിക്കാത്തതില്‍ സമിതി അതൃപ്തി രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."