ഖത്തറിനെതിരേ നയതന്ത്ര വിലക്ക്
ജനീവ: ഖത്തര്‍ ചാരിറ്റി ഉള്‍പ്പെടെ രാജ്യത്തെ ജീവകാരുണ്യ സംഘടനകളെ ഉള്‍പ്പെടുത്തി സഊദി അറേബ്യയുടെ നേതൃത്വത്തില്‍ നാല് അറബ് രാജ്യങ്ങള്‍ പ്രസിദ്ധീകരിച്ച ഭീകരപ്പട്ടിക അംഗീകരിക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി. ഖത്തര്‍ ചാരിറ്റി വിവിധ രാജ്യങ്ങളില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്ന സംഘടനയാണ്. ഐക്യരാഷ്ട്രസഭയുമായി അവര്‍ക്ക് സഹകരണ കരാറുണ്ടെന്നും യു.എന്‍ അറിയിച്ചു. യു.എന്‍ രക്ഷാ സമിതി പോലുള്ള അംഗീകൃത ഘടകങ്ങള്‍ തയാറാക്കുന്ന പട്ടികകള്‍ മാത്രമാണ് അംഗീകരിക്കുകയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്‌റ്റെഫാനെ ദുജാരിക് പറഞ്ഞു.
ഖത്തറിലെ ഏറ്റവും വലിയ ജീവകാരുണ്യ സംഘടനയായ ഖത്തര്‍ ചാരിറ്റി യു.എന്‍.എച്ച്‌സി.ആര്‍, യൂനിസെഫ്, വേള്‍ഡ് ഫുഡ് പ്രോഗ്രാം, ഓക്‌സ്ഫാം, കെയര്‍, ഉസൈദ് പോലുള്ള സംരംഭങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു വരുന്നുണ്ട്. യു.എന്നുമായുണ്ടക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ സഹകരണം തുടരും. യു.എന്‍ ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് കോര്‍ഡിനേഷന്‍ ഓഫിസിന് വര്‍ഷങ്ങളായി ഖത്തര്‍ ചാരിറ്റിയുമായി നല്ല ബന്ധമുണ്ട്. രാഷ്ട്രീയേതരമായി മാനുഷിക പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്ന സംഘടനയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
1984ല്‍ രൂപീകൃതമായ ഖത്തര്‍ ചാരിറ്റി ഇതിനകം 2,13,750 അനാഥക്കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്ത് വിദ്യാഭ്യാസവും ജീവിത സൗകര്യങ്ങളും നല്‍കി സംരക്ഷിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."