ശബരിമല വിഷയത്തില്‍ സംഘ്പരിവാറിനെതിരെ കനിമൊഴി എം.പി
#ഉബൈദുല്ല റഹ്മാനി
മനാമ: ശബരിമല വിഷയത്തില്‍ സംഘ് പരിവാര്‍ മുതലെടുപ്പ് നടത്തുകയാണെന്നും വിഷയം അവര്‍ ആളിക്കത്തിക്കുകയാണെന്നും കനിമൊഴി എം.പി ബഹ്‌റൈനില്‍ വ്യക്തമാക്കി. ബഹ്‌റൈന്‍ സന്ദര്‍ശനത്തിനെത്തിയ അവര്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് സംഘ്പരിവാറിനെതിരെ തുറന്നടിച്ചത്.
ശബരിമല വിഷയം ആളിക്കത്തിച്ചതിന് പിന്നില്‍ സംഘപരിവാരാണ്. ആരാധനാലയങ്ങളിലും നിയമ നിര്‍മ്മാണ സഭകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജാതിയുടെയും മതത്തിന്റെയും പേരില്‍ സ്ത്രീകളെ ആര്‍ക്കും മാറ്റി നിര്‍ത്താനാവില്ല. ജാതി, ലിംഗം, വംശം. നിറം എന്നിവയുടെ അടിസ്ഥാനത്തില്‍ ആരുടെയും അവകാശങ്ങള്‍ ആര്‍ക്കും നിഷേധിക്കാന്‍ സാധ്യമല്ലെന്നിരിക്കെ. പിന്നെ എങ്ങിനെയാണ് ഒരു സ്ത്രീയുടെ അവകാശം നിഷേധിക്കുകയെന്നും അവര്‍ ചോദിച്ചു.
ഈ സാഹചര്യത്തില്‍ ശക്തമായ സമ്മര്‍ദ്ധങ്ങള്‍ക്കിടെയും ഉറച്ച നിലപാട് സ്വീകരിച്ച കേരള മുഖ്യമന്ത്രിയുടെ നിലപാടിനെ താന്‍ സ്വാഗതം ചെയ്യുന്നതായും അവര്‍ അറിയിച്ചു.
കേരളം എല്ലായ്‌പ്പോഴും ഒരു പുരോഗമന സംസ്ഥാനമാണ്. രാഷ്ട്രീയമോ അല്ലാത്തതോ ആയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാത്തതാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട ജീവിതാന്തരീക്ഷം സൃഷ്ടിക്കുന്നതിന് മീടു ക്യാന്പയിന്‍ കാരണമായെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ഡി.എം.കെ ക്കുള്ള സാധ്യതകള്‍ വരുന്ന നിയമ സഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടിരിക്കുമെന്നും ഡി.എം.കെ. നേതാവും രാജ്യസഭാ എം.പിയുമായ കനിമൊഴി ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
പുതിയ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ബി.ജെ.പിക്ക് വലിയ പ്രാധാന്യമൊന്നുമില്ല. ഒരു ആണ്‍റി ബി.ജെ.പി മൂവ്‌മെന്റ് ആണ് അവിടെ ഇപ്പോള്‍ നിലനില്‍ക്കുന്നത്. തൂത്തുക്കുടി വെടിവെപ്പ് സംഭവത്തില്‍ ദയയില്ലാതെയാണ് അവര്‍ ജനങ്ങളെ കൊന്നൊടുക്കിയത്. ഇതിനെതിരെ പ്രതികരിക്കാന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണ്. അത് അടുത്ത തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
വാജ്‌പേയിയുടെ കാലത്തേതില്‍ നിന്ന് വ്യത്യസ്തമായി ആര്‍.എസ്.എസിന്റെ പിടിയിലമര്‍ന്ന ബി.ജെ.പിയാണ് ഇപ്പോഴുള്ളത്. അതു കൊണ്ടു തന്നെ പ്രഖ്യാപിത അടിയന്തിരാവസ്ഥയേക്കാള്‍ ഭീകരമാണ് നിലവിലുള്ള ഇന്ത്യയുടെ സ്ഥിതി.
മതപരമായ അസഹിഷ്ണുതയും അഭിപ്രായ പ്രകടനത്തോടുള്ള അസഹിഷ്ണുതയും പ്രകടമാണ്. വിയോജിക്കുന്നവരെയും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവരെയും ഒതുക്കാനാണ് അവര്‍ ശ്രമിക്കുന്നത്.
തമിഴ് നാഷണലിസ്റ്റ് പാര്‍ട്ടി നേതാവും മാധ്യമ പ്രവര്‍ത്തകനുമായ ശുഭ വീര പാണ്ഢ്യവും അവര്‍ക്കൊപ്പം വാര്‍ത്താസമ്മേളത്തില്‍ സംബന്ധിച്ചു. ബഹ്‌റൈന്‍ കലഞ്ജര്‍ സെന്‍മുഴി പേരവെ എന്ന സംഘടന ഇവിടെ സംഘടിപ്പിക്കുന്ന തമിഴ് സാഹിത്യ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് കനിമൊഴി ബഹ്‌റൈനിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."