ശ്രീറാം വെങ്കിട്ടരാമന്‍ കേസ്: മ്യൂസിയം സി.ഐയെ സ്ഥലം മാറ്റി
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാനായി പൊലിസ് നടപടികളില്‍ വീഴ്ചവരുത്തിയ മ്യൂസിയം പൊലിസ് സ്റ്റേഷനിലെ സി.ഐയും സ്റ്റേഷന്‍ ഹൗസ് ഓഫിസറുമായ ജി. സുനിലിനെ സ്ഥലം മാറ്റി. കേസില്‍ വന്‍ വീഴ്ച വരുത്തിയെന്ന് ഇദ്ദേഹത്തിനെതിരേ ആരോപണം ഉയര്‍ന്നിരുന്നു. കാസര്‍കോട് തൃക്കരിപ്പൂര്‍ കോസ്റ്റല്‍ പൊലിസിലേക്കാണ് സുനിലിനെ മാറ്റിയത്.
അപകടം നടന്ന സമയത്ത് സ്റ്റേഷന്‍ ഹൗസ് ഓഫിസറായ സുനില്‍ സ്ഥലത്തുണ്ടായിരുന്നില്ല. ക്രൈം എസ്.ഐ ജയപ്രകാശിനായിരുന്നു പകരം ചുമതല. വാഹനമോടിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമനെ രക്തപരിശോധന നടത്താതെ സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടയച്ചും കാറോടിച്ചത് ഒപ്പമുണ്ടായിരുന്ന യുവതി വഫാ ഫിറോസാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചും ക്രൈം എസ്.ഐ കേസ് വഴിതിരിച്ചുവിടാന്‍ തുടക്കത്തില്‍ തന്നെ ഇടപെട്ടിരുന്നു. എന്നാല്‍, ഈ ഇടപെടല്‍ സി.ഐ സുനിലിന്റെ നിര്‍ദേശ പ്രകാരമായിരുന്നുവെന്നാണ് ആരോപണം.
സുനിലാണ് ഉന്നത ഉദ്യോഗസ്ഥരെ കേസിനെക്കുറിച്ച് വിവരം അറിയിച്ചതും കേസ് അട്ടിമറിക്കുള്ള സാധ്യതകള്‍ സൃഷ്ടിച്ചതും.
ക്രൈം എസ്.ഐ ജയപ്രകാശിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ അറിയാതെ കേസ് അട്ടിമറി നടക്കില്ലെന്ന് നിയമവിദഗ്ധരും മാധ്യമപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടിയിരുന്നു. ഇതുസംബന്ധിച്ച് സിറാജ് മാനേജ്‌മെന്റ് മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."