ശബരിമല: സി.പി.എം വിട്ടുവീഴ്ചക്കില്ല
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന് സി.പി.എം തീരുമാനം. ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് തീരുമാനമെടുത്തത്. സ്ത്രീ പ്രവേശനത്തിനെതിരേ സംഘ്പരിവാറും ബി.ജെ.പിയും നടത്തുന്ന പ്രചാരണങ്ങള്‍ക്കും കോണ്‍ഗ്രസ് നടത്തുന്ന മുതലെടുപ്പിനുമെതിരേ സംസ്ഥാന വ്യാപകമായി വിശദീകരണ യോഗങ്ങളും പ്രചാരണ പരിപാടികളും സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
നിയമസഭാ മണ്ഡലം അടിസ്ഥാനത്തില്‍ കാല്‍നട ജാഥകളും മഹിളാ അസംബ്ലികള്‍ ചേരുന്നതിനും 3,4 തിയതികളില്‍ ശബരിമല വിഷയം വിശദീകരിച്ചുകൊണ്ടുള്ള ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിനും നേരത്തെ തീരുമാനിച്ചിരുന്നു. പാര്‍ട്ടിയുടെ കീഴ്ഘടകങ്ങളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ടാകും പ്രചാരണ പരിപാടികള്‍ നടത്തുക. കാല്‍നട ജാഥകള്‍ക്ക് മന്ത്രിമാരും എം.എല്‍.എമാരും സെക്രട്ടേറിയറ്റ് അംഗങ്ങളും നേതൃത്വം നല്‍കും. ആലപ്പുഴ, കാസര്‍കോട്, ഇടുക്കി, വയനാട്, മലപ്പുറം ഒഴിച്ചുള്ള ജില്ലകളിലെ വിശദീകരണ യോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ തിരിച്ചടിയാകില്ലെന്നും കൃത്യമായ പ്രചാരണങ്ങളിലൂടെ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിലപാടും സുപ്രിംകോടതി വിധിയുടെ സാരാംശവും ജനങ്ങളെ ബോധ്യപ്പെടുത്താനാകുമെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."