അത്താഴ വിരുന്നൊരുക്കി അത്തര്‍ ജുമാമസ്ജിദ് കാരുണ്യത്തിന്റെ കനകകവാടം തുറക്കുന്നു
ഒലവക്കോട് : പരിശുദ്ധ റംസാനിലെ വ്രതാനുഷ്ഠാനാളുകളില്‍ വിശ്വാസികള്‍ക്ക് അത്താഴ വിരുന്നൊരുക്കി അത്തര്‍ ജുമാമസ്ജിദ് മേട്ടുപ്പാളയം ഹനഫി മസ്ജിദ് മാതൃകയാവുന്നു.
മറുനാടുകളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും തൊഴില്‍പരമായും മറ്റും ലോഡ്ജുകളിലും ക്വാര്‍ട്ടേഴ്‌സുകളിലും താമസിക്കുന്ന മുസ്ലീം സഹോദരങ്ങള്‍ക്ക് അത്താഴ ഭക്ഷണമൊരുക്കിയാണ് അത്തര്‍ജുമാ മസ്ജിദ് കാരുണ്യത്തിന്റെ കനകകവാടം തുറക്കുന്നത്. ദൂരദേശങ്ങളില്‍ നിന്നും വന്നു താമസിക്കുന്നവര്‍ക്ക് റമദാനിലെ രാത്രികളില്‍ അത്താഴത്തിനായി ഹോട്ടലുകളില്‍ ചോറ് കിട്ടാത്തതിനാലും അരിഭക്ഷണം കഴിച്ച് വ്രതമെടുക്കുന്നതിന്റെ സംതൃപ്തിയും കണക്കിലെടുത്താണ് 2013 ല്‍ മഹല്ല് സംരംഭത്തിന് തുടക്കമിട്ടത്.
തുടക്കത്തില്‍ 30-40 പേര്‍മാത്രമായിരുന്നു അത്താഴത്തിന് വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ 150 ഓളം പേര്‍ അത്താഴത്തിനെത്തുന്നുണ്ടെന്നും കാര്യങ്ങള്‍ സുഗമമാക്കുന്നതിനായി 2014-ല്‍ ഇതിനായി മൂന്നംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് ഫാറൂഖ് ഹാജി പറയുന്നു.
സാധാരണ ദിവസങ്ങളില്‍ ചോറിനൊപ്പം സാമ്പാറും മീന്‍കറിയും കട്ടന്‍ചായയും നല്‍കുമ്പോള്‍ വെള്ളിയാഴ്ചകളിലും മറ്റു വിശേഷദിവസങ്ങളിലും സ്‌പെഷല്‍ അത്താഴവുമൊരുക്കുന്നുണ്ട്. തുടക്കത്തില്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ തുടങ്ങിയ മഹത് സംരംഭം ഇപ്പോള്‍ പള്ളിക്കമ്മിറ്റിയുടെ കൂടി നേതൃത്വത്തിലാണ് നടത്തുന്നത്. രണ്ടാമത്തെ നോമ്പുമുതലാണ് അത്താഴവിരുന്ന് തുടങ്ങുന്നത്. പുലര്‍ച്ചെ 3 നും 4 നും ഇടയ്ക്കാണ് അത്താഴ സമയമെന്നതിനാല്‍ അത്താഴത്തിനുശേഷം സുബ്ഹി നമസ്‌ക്കാരവും കഴിഞ്ഞ് പോകാമെന്ന കൃതാര്‍ഥതയും വിശ്വാസികള്‍ക്കുണ്ട്.
പള്ളിക്കു മുന്നില്‍ ഇതിനായി പ്രത്യേക ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും അത്താഴത്തിനെത്തുന്നവരുടെ സംതൃപ്തി നിറഞ്ഞ നന്ദിയും കാതുകളില്‍ നിന്ന് കാതുകളിലേക്ക് അത്താഴ വിരുന്നിന്റെ മാഹാത്മ്യം പറഞ്ഞറിയിക്കുന്നു.
അത്താഴ വിരുന്നിനെത്തുന്നവര്‍ക്ക് ഭക്ഷണം വിളമ്പാനും മറ്റുമായി ഏകദേശം പത്തോളം പേര്‍ സ്ഥിരമായി പള്ളിക്കുമുന്നിലെ മദ്രസാഹാളില്‍ രാത്രി സജീവമായുണ്ടാകും. നോമ്പു തുറക്കായി പ്രത്യേകം ഫണ്ടു സ്വരൂപിക്കുന്നുണ്ടെങ്കിലും ഏകദേശം ഒന്നരലക്ഷത്തോളം രൂപ ചിലവു വരുന്ന സംരംഭത്തിന് സഹായിക്കാന്‍ താത്പര്യമുള്ളവര്‍ കമ്മിറ്റിയുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിക്കുന്നു.
ഏകദേശം നാനൂറോളം കുടുംബങ്ങളുണ്ടായിരുന്ന മഹല്ലിന്റെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് പതിനേഴംഗകമ്മിറ്റിയാണ്. മുസമ്മില്‍ മഖ്ദൂമിയാണ് പള്ളി ഇമാം. സമൂഹനോമ്പുതുറയും ഇഫ്താര്‍ സംഗമങ്ങളുമൊക്കെ നടത്തി റമദാനില്‍ വ്യക്തികളും സംഘടനകളുമൊക്കെ ശ്രദ്ധ നേടുമ്പോള്‍ ഒരു മഹല്ലിന്റെ നേതൃത്വത്തില്‍ നടത്തുന്ന മഹത് സംരംഭമായ അത്താഴവിരുന്ന് കരുണാവഹമാണ്.
വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പേര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന അത്താഴവിരുന്ന് മുടങ്ങാതെ നടത്താന്‍ കഴിയണമെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റു പള്ളികളും മാതൃകയാവണമെന്നുമാണ് മഹല്ല് കമ്മിറ്റിയുടെയും വിശ്വാസികളുടെയും അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."