മഴ
"നിര്‍ത്താതെ,കരഞ്ഞതിനാണത്രെ.മഴയെ,നഴ്‌സറി ക്ലാസില്‍നിന്നുംപുറത്താക്കിയത്."
കരച്ചില്‍
ധന്യാരാജ്
ഏത് തരം പ്രതിസന്ധികള്‍ക്കിടയിലും മലയാളിയെ വിശ്വത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്മാരാക്കി മാറ്റുന്നത് അവന് അനുഭവിക്കാന്‍ സാധിക്കുന്ന മഴയെന്ന പ്രതിഭാസത്താലാണ്. മലയാളി ലോകത്തിന്റെ ഏതു കോണില്‍ ജീവിതം തള്ളാന്‍ വിധിക്കപ്പെട്ടാലും അവന്‍ തന്നിലൂടെ കടന്നുപോയ കാലവര്‍ഷത്തിന്റെ കുളിരും തണുപ്പും നാട്ടില്‍ മഴ പെയ്‌തൊഴിയുന്ന മാസങ്ങളില്‍ അയവിറക്കുമെന്നത് തീര്‍ച്ചയാണ്.
മഴ ഇടയ്‌ക്കൊന്ന് കാണാമറയത്തേക്ക് നീങ്ങുമ്പോള്‍ പറമ്പുകളില്‍ വെയിലുദിക്കും. പറമ്പായ പറമ്പിലെല്ലാം തുമ്പികള്‍ പാറിപ്പറക്കും. വെള്ളിയാങ്കല്ലില്‍ ആത്മാക്കളായി പറന്നു നടക്കുന്ന തുമ്പികളില്‍പ്പെട്ടവതന്നെ.
കടുത്ത വരള്‍ച്ചയുടെ ആദി നിറഞ്ഞ ദിനങ്ങള്‍ക്കിടയിലേക്കാണ് 2017ലെ മഴക്കാലം കടന്നുവന്നത്. സംസ്ഥാനം കണ്ട ആശങ്കാജനകമായ ഒരു വരള്‍ച്ചയെ മറികടന്നാണ് ആശ്വാസമായി മഴയെത്തിയത്. വേനല്‍മഴകൂടി വേണ്ടത്ര ലഭിക്കാതിരുന്നത് ജലക്ഷാമം രൂക്ഷമാക്കിയിരുന്ന ആ ദിനങ്ങള്‍ എല്ലാവര്‍ക്കും ഇപ്പോള്‍ പേക്കിനാവാണ്.
നമുക്ക് പണ്ടൊക്കെ വറുതിയുടെ കാലമായിരുന്നു മഴക്കാലം. പടിഞ്ഞാറന്‍ തീരത്ത് കടല്‍ സംഹാരതാണ്ഡവമാടുമ്പോള്‍ അരയന്മാര്‍ പ്രതീക്ഷചത്ത കണ്ണുമായി തീരത്ത് കാറ്റും മഴയും നോക്കിയിരിക്കും. തീ പുകയാത്ത അടുപ്പില്‍ പൂച്ച സുഖമായി ഉറക്കം തുടരുന്ന ദിനങ്ങള്‍. നാട്ടിന്‍പുറങ്ങളില്‍ പഴുത്ത്ചീഞ്ഞു വീഴുന്ന ചക്കയില്‍നിന്നു കുരുവെടുത്ത് ചുട്ടുതിന്ന് പശിയടക്കിയിരുന്ന ഒരു കാലം. പുതുമഴയില്‍ തളിര്‍ത്ത താളും തളിരും വിശപ്പിന് അറുതിയാവുന്ന നാളുകള്‍.
കര്‍ക്കിടകവും ഞാറ്റുവേലയുമായി മഴ കനക്കുന്നതോടെ നടപ്പുദിനം കച്ചമുറുക്കി പെറുക്കാനിറങ്ങും. അതുവരെ നാട്ടുവഴിയിലും വീടിന്റെ ഉമ്മറത്തും മഴ നോക്കി കാലംകഴിച്ച മുത്തച്ഛന്മാരുടെയും മുത്തശ്ശിമാരുടെയും ഒപ്പം തൊണ്ണുകാട്ടി ചിരിച്ച പിഞ്ചുപൈതങ്ങളുടെയുമെല്ലാം എണ്ണം കുറയാന്‍ തുടങ്ങും. ഇടിയും മിന്നലുമായി മഴ തിമിര്‍ക്കും. തോടായ തോടെല്ലാം നിറയും. വയലും പുഴയും പെരുവെള്ളപ്പാച്ചിലില്‍ കടലായി മാറും.
ചൂട്ടും പാനീസും പെട്രോള്‍ മാക്‌സും കത്തിച്ച് തലയില്‍ പാളക്കുടയും ചൂടി അര്‍ധരാത്രിയില്‍ തിരുതയും വരാലും മഞ്ഞളേട്ടയും അന്വേഷിക്കുന്നവരുടെ ആരവങ്ങളാല്‍ തണുത്ത രാത്രികള്‍ക്ക് ജീവന്‍വയ്ക്കും.
എഴുത്തുകാര്‍ക്കിടയില്‍ സര്‍ഗാത്മകത പതിവിലും കനത്തിലും വണ്ണത്തിലും വാര്‍ന്നുവീഴുന്ന നാളുകളുമാണ് മലയാളക്കരയിലെ മഴക്കാലം. നമ്മുടെ എഴുത്തുകാരും കവികളും ഈ കാലഘട്ടത്തിന്റെ വശ്യതയെയും അനുഭൂതിയെയും ദുരിതങ്ങളെയും എഴുത്തിന് ധാരാളമായി വിഷയമാക്കിയിട്ടുണ്ട്.
'കോലായില്‍ ഒരോടത്തില്‍ ഭാര്യ എണ്ണ കൊണ്ടുവന്നുവെച്ചു. അയാള്‍ മണത്തുനോക്കി. നല്ല എള്ളെണ്ണ തന്നെ. എണ്ണ തേയ്ക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു:
''ഇന്നലീംകൂടി രാത്രീല് മഴ പെയ്തു. കിണറ്റില് വെള്ളം പൊന്തിയിരിക്കണത് കണ്ടല്ലോ''?
''ഇന്നും രാത്രി പെയ്യും. കണ്ട്‌ലേ ആകാശം? ആദ്യം പെയ്യില്ലാന്നു വിചാരിച്ചു''.
അവള്‍ വിഷയം മാറ്റിക്കൊണ്ട് ചോദിച്ചു: ''നാളെ രാവിലെതന്നെ പോണോ''?
''പോണം. ഒരീസത്തെ ലീവ്‌ന്ന്യെ. 'ലോസ് ഓഫ് പേ'യില്‍ എടുത്തതാന്ന് പറഞ്ഞീലെ''.
അതിനെന്താണ് സമാധാനം പറയേണ്ടതെന്നറിയാതെ അവള്‍ ഒന്നു സംശയിച്ചുനിന്ന ശേഷം പതുക്കെ പറഞ്ഞു.
''ഞാനും പോരും''.
''എങ്ങട്ട്? സേലത്തേക്കോ''?
''ഉം''.
''അതൊക്കെ കൊണ്ടോവാം. നീ ആദ്യം പെറ്''?
സേലത്തു വന്നാല്‍ പെറ്റൂടെ''?
''പേറ് അവനോന്റെ വീട്ടിലാ സുഖം''.
''ന്ന്ട്ട് എല്ലാവരും അങ്ങ്‌നെല്ല്യോ''...
ഒരു വര്‍ഷകാലരാത്രി
നന്തനാര്‍
നന്തനാരുടെ എഴുത്ത് വായനക്കാരന് ഏറെ പ്രിയപ്പെട്ടതാവുന്നത് എന്തുകൊണ്ടാണെന്ന് ഈ കഥയിലൂടെ നീങ്ങുമ്പോള്‍ വായനക്കാരന് അറിയാനാവും. ഇതേ കഥയുടെ മറ്റൊരു ഭാഗം നോക്കാം.
'അയാള്‍ ഉല്‍ക്കണ്ഠയോടെ ആകാശത്തേക്ക് നോക്കി. ആകാശം മുഴുക്കെ കാര്‍മേഘമാണ്. ഏതു നിമിഷത്തിലും മഴ പെയ്‌തേക്കും. എത്ര ക്ഷണത്തിലാണ് ആകാശത്തിന്റെ മുഖം മാറിയത്! കാറ്റ്, തണുതണുത്ത കാറ്റ് മൂളിക്കൊണ്ടെത്തി. കാറ്റില്‍ വൃക്ഷത്തലപ്പുകള്‍ ഉലഞ്ഞു.
മഴ പെയ്തുവരുന്ന ശബ്ദം കേള്‍ക്കുന്നു. വടക്കുഭാഗത്തുനിന്നാണ് പെയ്തുവരുന്നത്. ഒരു നിമിഷത്തിനകം മഴ ഇരമ്പി പെയ്യാന്‍ തുടങ്ങി. തുമ്പിക്കൈ വണ്ണത്തില്‍ തന്നെയെന്നു പറയാം. പെയ്തു തുടങ്ങി.
അയാള്‍ മുറ്റത്തു മഴ കൊണ്ട് നിന്നു.
അലറിക്കരഞ്ഞുകൊണ്ടിരിക്കുന്ന മഴയിലൂടെ രാത്രി മുന്നേറുന്നത് ഈ കഥയില്‍ നമുക്ക് അനുഭവിക്കാനാവും.
''ആ സ്ത്രീ അപ്പോഴും നനഞ്ഞ കോഴിയെപ്പോലെ ചൂളിപ്പിടിച്ചുകൊണ്ട് എന്റെ മുന്‍പില്‍ നില്‍ക്കുകയാണ്. അവള്‍ നില്‍ക്കുന്നിടത്തും മഴവെള്ളം വീഴുന്നുണ്ട്. ''ബെറച്ചു ചത്തു പോകും. ഇച്ചിരി കേറിനിക്കാന്‍ സ്ഥലം തരണേ''. ദയനീയമായിരുന്നു ആ അഭ്യര്‍ഥന. അത് എന്നെ വിചാരങ്ങളില്‍നിന്ന് തട്ടിയുണര്‍ത്തി. അതൊരു മനുഷ്യജീവിയാണ്. ഞാനൊരു മനുഷ്യനും.
''അകത്തുവരൂ''. ഞാന്‍ പറഞ്ഞുപോയി. അവള്‍ അകത്തേക്കു കടന്നപ്പോള്‍ ഞാന്‍ വാതില്‍ ഭദ്രമായി അടച്ചു. എന്നിട്ട് വിളക്കിലെ തിരി നീട്ടി. അവളെ ആകെ ഒന്നു നോക്കി. വെള്ളത്തില്‍ മുക്കിയെടുത്ത ഒരു സ്ത്രീ രൂപം. ഉടുതുണിത്തുമ്പില്‍നിന്ന് നിലത്തുവെള്ളം ഇറ്റിവീഴുന്നു.
''ഇതാ പിന്‍പുറത്തെ മുറിയിലേക്ക് പോയ്‌ക്കൊള്ളൂ. ഇതൊക്കെ പിഴിഞ്ഞെടുക്കുവാന്‍ അവിടെ സൗകര്യമുണ്ട് ''. ഞാന്‍ വിളക്കെടുത്തു വഴി കാണിച്ചു. മുറിയിലേക്ക് കടക്കുമ്പോള്‍ അവളെ ഒന്നു നോക്കി. ഇരുപത്താറു വയസിലധികമില്ല. വെള്ളത്തുള്ളികള്‍ അവളുടെ നാസാഗ്രത്തില്‍നിന്ന് മിന്നുന്നു. കവിളുകള്‍ അല്‍പം തൂങ്ങിയിട്ടില്ലേ. തലയിലിട്ട തട്ടത്തില്‍നിന്ന് വെള്ളത്തുള്ളികള്‍ അവളുടെ ചുമലില്‍ ഊര്‍ന്നുവീഴുകയാണ്.
''ഉം. ചെല്ലൂ. പിഴിഞ്ഞു തോര്‍ത്തൂ''.
പിമ്പുറത്തെ മുറിയിലേക്ക് അവളെ കടത്തിവിട്ടുകൊണ്ട് ഞാന്‍ വാതില്‍ ചാരി.
കിലുകിലു-കിലുകിലു-ആ കൈകളിലെ കുപ്പിവളകളുടെ കിലുക്കം എന്റെ മുറിയിലിരുന്നാല്‍ കേള്‍ക്കാം. കടിച്ചുതിന്നുന്ന ഈ തണുപ്പില്‍ ഈറനും ചുറ്റി കഴിച്ചുകൂട്ടിയാല്‍, പുലരാറാകുമ്പോഴേക്കും അതുസിദ്ധികൂടും. അയ്യോ, പിന്നെ ഞാനതിനു ജവാബു പറയേണ്ടിവരും.
നനഞ്ഞ ഒരു രാത്രി
ഉറൂബ്
വയനാട്ടിലെ മഴയും തണുപ്പുമാണ് ഈ കഥയില്‍ ഉറൂബിന്റെ വരികളിലൂടെ പെയ്‌തൊഴിയുന്നത്. മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരന്റെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട കഥകളില്‍ ഒന്നാണിത്. ഒറ്റൊക്ക് താമസിക്കുന്ന വാടകമുറിയിലേക്ക് മഴയുടെ സംസാരത്തെ മുറിച്ചെത്തുന്ന ഒരു യുവതിയാണ് കഥാപാത്രം.
നേരിയ കാറ്റ്. വൃക്ഷത്തലപ്പുകള്‍ മൂടിവലിയൊരു കരിങ്കല്‍മല പോലെ കാഴ്ചകളെ മറയ്ക്കുന്നു.
മഴ പെയ്യുകയാണ്.
ആത്മസ്രവം വന്നു പറഞ്ഞു.
പെട്ടെന്ന് ഈ മഴ പോയേക്കും. ഒന്നു പാറിപ്പോകുന്ന ലഘുമഴ.
പക്ഷേ, മഴ മുറുകുക തന്നെയാണ് ബധിരനായ ഒരു ചെണ്ടകൊട്ടുകാരനെപ്പോലെ മഴ അയാള്‍ക്ക് മുന്നില്‍ ആടിത്തിമിര്‍ത്തു.
അയാള്‍ നിശ്ചലനായി ഇരുന്നുപോയി. അകത്തുനിന്ന് ആരോ കരയുന്നുണ്ടോ? എന്തോ മറിഞ്ഞു വീഴുന്നുണ്ടോ? നേരമെത്രയായി?
വിളക്കുവച്ചോ?
അലംഘനീയമായ വിധിപ്രസ്താവമായി മഴ പെയ്യുകയാണ്.
ഊടുവഴിയിലെ ചെളിക്കുമേല്‍ സാഹസപ്പെട്ട് കോരിയിട്ടതൊക്കെ ഒലിച്ചുപോയിട്ടുണ്ടാകും. ഇറക്കത്തിലെ പായലിനുമീതെ വിതറിയ തരിമണലിന്റെ സ്ഥിതിയോ?
പെരുമഴയ്ക്കുള്ളിലൂടെ ആരോ നടന്നടുക്കുന്നുണ്ടല്ലോ.
ആരാണത്?
ഒന്നും തെളിയുന്നില്ല
എല്ലായിടവും ഇരുണ്ടു പോയിരിക്കുന്നു. ശബ്ദവും കാഴ്ചയും എല്ലാം മഴയായിരിക്കുന്നു. ഓവിലൂടെയും ഇറക്കത്തിലൂടെയും വളഞ്ഞുപുളഞ്ഞൊഴുകുന്ന ചുവന്ന വെള്ളം.
അയാള്‍ പെരുമഴയിലേക്ക് വിളിച്ചു ചോദിച്ചു.
ആരാണ്?
മഴക്കാട്ടില്‍നിന്ന് ആരോ ആര്‍ത്തു പറയുന്നു.
പെരുമഴയിലൂടെ വന്ന ആള്‍
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
മരങ്ങള്‍ക്കുമേലെനിന്ന് ആവിയില്‍ പുതഞ്ഞ മഴ. മഴയുടെ തുള്ളി, വയനമരത്തോടു തൊട്ടുനില്‍ക്കുന്ന കൊന്നത്തെങ്ങിന്റെ തുഞ്ചാണിയോലയുടെ തുമ്പില്‍ കുരുങ്ങി കീഴോട്ടൊഴുകി ഒഴുകിയൊഴുകി മടലിലുടക്കാതെ ഓലയില്‍ച്ചിതറാതെ തടിയിലൂടെ നെടുനീളെ കീഴോട്ടുരണ്ടു തടിയോടുരുമ്മിക്കിടക്കുന്ന മണലില്‍ ഒരു തുളയുണ്ടാക്കി മറയുമ്പോള്‍ കുട്ടി വാതിലിന്റെ സാക്ഷയിളക്കി ശബ്ദമുണ്ടാക്കാതെ പുറത്തേക്കിറങ്ങുന്നു.
പുറത്തിരുട്ടാണ് ഇരുട്ടില്‍ മഴ കനക്കുന്നു. പാറിവന്ന മഴ. ചിറകുകള്‍ വിടര്‍ത്തിപ്പറക്കുന്ന കഴുകന്‍മഴ. ഉച്ചയ്ക്ക് മുറ്റത്തിന്റെ കോണിലെ വാകമരത്തില്‍ നിറയെ മഞ്ഞപ്പൂക്കള്‍ വിരിഞ്ഞുനിന്നു. തോരമുറിയാതെ പെയ്ത്താരംഭിച്ചപ്പോള്‍ പൂക്കള്‍ നിലംപറ്റി. വെളുത്ത മണലില്‍ മഞ്ഞവിരിപ്പു പരന്നുവീണു. ഇടയ്ക്ക് ഓരോ പൂവുകള്‍ കൂട്ടം പിരിഞ്ഞ് ഒഴുകിപ്പോകുന്നത് കുട്ടി വേദനയോടെ നോക്കിനിന്നു. വെള്ളത്തിലിറങ്ങണമെന്നും മഞ്ഞവിരിപ്പില്‍ മലര്‍ന്നുകിടക്കണമെന്നും ആശയുണ്ടായിരുന്നു. ധൈര്യം വന്നില്ല. അടികൊള്ളേണ്ട പ്രായം കഴിഞ്ഞെങ്കിലും ചീത്ത കേള്‍ക്കേണ്ടിവരും. പകല്‍ പോവട്ടെ, രാത്രി വരട്ടെ.
മഴ
പി. പത്മരാജന്റെ
പരിഷ്‌കാരവും പട്ടണവല്‍ക്കരണവും ഗള്‍ഫും തിരക്കുമൊന്നും സ്വാധീനിക്കാത്ത പഴയകാലത്തായിരുന്നു നാം കേരളീയര്‍ മഴ കണ്ടതും അനുഭവിച്ചതുമെല്ലാം. നമ്മുടെ മുന്‍ തലമുറ രാത്രി മത്സ്യം വെട്ടിപ്പിടിക്കാന്‍ പോയിരുന്ന പല തോടുകളും എന്നോ തിരോഭവിച്ച് ഫുട്പാത്തുകളായിരിക്കുന്നു. ജലജീവികളുടെ പ്രജനനത്തിന്റെ കളിത്തൊട്ടിലായിരുന്നു ചാലി (വയലുകള്‍ക്ക് കീഴ്ഭാഗത്തായി പുഴയുമായി അടുത്തുകിടക്കുന്ന ഏക്കര്‍ കണക്കായ ആമ്പലും മറ്റും വിരിഞ്ഞുനില്‍ക്കുന്ന വെള്ളക്കെട്ട്)കളില്‍ ഭൂരിഭാഗവും നാം വീടുവയ്ക്കാനായി നികത്തിക്കഴിഞ്ഞു.
ഇന്ന് നാട്ടില്‍ അനാഥനായ മഴയെയാണ് നാം കണ്ടുമുട്ടുക. എവിടെ എങ്ങോട്ട് ഏത് വഴിയില്‍ ഒഴുകണമെന്ന് ശങ്കിച്ച് എവിടേക്കും പോകാന്‍ കഴിയാതെ മഴയും വെള്ളവും കെട്ടിനിര്‍ത്തപ്പെടുകയാണ് കോണ്‍ക്രീറ്റു ചെയ്ത മുറ്റങ്ങളിലും വീടിന്റെ പാരപ്പെറ്റുകളിലുമെല്ലാം.
ലോകത്തിന്റെ ഏതു കോണില്‍ ജീവിതം തള്ളാന്‍ വിധിക്കപ്പെട്ടാലും അവന്‍ തന്നിലൂടെ കടന്നുപോയ കാലവര്‍ഷത്തിന്റെ കുളിരും തണുപ്പും നാട്ടില്‍ മഴ പെയ്‌തൊഴിയുന്ന മാസങ്ങളില്‍ അയവിറക്കുമെന്നതില്‍ സംശയമില്ല. മണല്‍ക്കാട്ടില്‍ മാനസിക സംഘര്‍ഷങ്ങള്‍ അവസാനമില്ലാതെ തുടരുന്ന ഏകാന്തത മുറ്റിത്തളിര്‍ക്കുന്ന രാവുകളില്‍ ഗള്‍ഫ് മലയാളിയെ സംബന്ധിച്ചിടത്തോളവും മഴ ഗൃഹാതുരത്വത്തിന്റെ ഏറ്റവും തീവ്രത വിതയ്ക്കുന്ന ഒരേടാണ്.
അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍ കാറ്റും മഴയും മഞ്ഞുമെല്ലാം മാറിമാറി കടന്നുപോകുന്നതിനാല്‍ മരുഭൂമിയില്‍ കഴിയാന്‍ ഇടയാവുന്ന മലയാളിയുടെ അത്രയും തീവ്രത അതിന് ഉണ്ടണ്ടാവണമെന്നില്ല. പത്തും ഇരുപതും വര്‍ഷങ്ങള്‍ മരുഭൂമിയിലെ ദാഹം തീരാത്ത മണലില്‍ മോഹങ്ങളാല്‍ തീര്‍ക്കപ്പെടുന്ന തടങ്കല്‍പ്പാളയങ്ങളില്‍ ജീവിതം ആര്‍ക്കെല്ലാമോ വേണ്ടണ്ടണ്ടി ചുട്ടെരിക്കപ്പെടുന്നവന്റെ ഹൃദയത്തില്‍ എന്നും തുലാവര്‍ഷമായിരിക്കും.
വര്‍ഷത്തില്‍ ശരാശരി ഒരു മാസം പോലും അവധി ലഭിക്കാത്തവരാണ് ഒട്ടുമിക്ക ഗള്‍ഫ് പ്രവാസികളും. പത്തും ഇരുപതും വര്‍ഷമായി സ്വന്തം നാട്ടില്‍ പെയ്‌തൊഴിയുന്ന മഴയുടെ ശതമാന കണക്കുകളും കാമറ ഒപ്പിയെടുത്ത ചിത്രങ്ങളും മാത്രം കാണാന്‍ വിധിക്കപ്പെട്ടവര്‍. ഇന്ന് സാമൂഹിക മാധ്യമങ്ങള്‍ കൂടുതല്‍ സജീവമായതിനാല്‍ കുറേക്കൂടി അവരിലേക്ക് മഴയനുഭവങ്ങള്‍ എത്തുന്നുണ്ടണ്ടണ്ടാവാം.
ദൈര്‍ഘ്യം കൂടിക്കൂടി അനന്തമാക്കപ്പെടുന്ന പ്രവാസത്തിനിടയില്‍ സ്വന്തം വീട്ടില്‍ മഴയുടെ സംഗീതം കേട്ട് ഇടിനാദത്തില്‍ നെഞ്ചില്‍ അള്ളിപ്പിടിച്ച് കിടക്കുന്ന പൊന്നോമനകളുടെ കുഞ്ഞുഹൃദയങ്ങളുടെ മിടിപ്പും നിശ്വാസവും ഏറ്റുവാങ്ങി ഒരു രാത്രിയെങ്കിലും ഉറങ്ങാന്‍ കൊതിക്കുന്നവര്‍ മരുഭൂമിയുടെ കൊടുംചൂടില്‍ പാഴ്ക്കിനാക്കളെയും ചുമലിലേറ്റി നടക്കുന്ന അനേകം പ്രവാസികളെ നമുക്ക് കണ്ടുമുട്ടാനാവും.
പോത്തിറച്ചിയും കൂട്ടി കുറുവയരിയുടെ ചോറും തിന്ന് ദേഹം പുറത്തുവിടുന്ന സുഖമുള്ളചൂടില്‍ വയല്‍വരമ്പിലൂടെ, പാതവക്കിലൂടെ ഒരു നടത്തം. കലങ്ങിതുള്ളിയൊഴുകുന്ന തോട്ടുവക്കില്‍ അല്‍പം നിന്ന്, ചളിവെള്ളം തെറിപ്പിച്ച് കുതിച്ചോടുന്ന വാഹനത്തെ മനസ്സാശപിച്ച് മഴ നനഞ്ഞെത്തുന്ന അരുമസന്തതിയെ നോക്കി രൗദ്രഭാവത്തില്‍ മുരണ്ട് അങ്ങനെയങ്ങനെ...
മഴ പെയ്തുകൊണ്ടേയിരിക്കുകയാണ്. നിര്‍ത്താതെ അലറിവിളിച്ച് അറേബ്യന്‍ ഉപഭൂഖണ്ഡത്തിന്റെ ഉഷ്ണക്കാറ്റുകള്‍ക്കിടയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മലയാളി മനസുകളില്‍.
അയാള്‍ ആകാശത്തിലേക്ക് നോക്കി അസ്വസ്ഥനായിനിന്നു. കടുത്ത ചാരനിറത്തിലുള്ള ആകാശം നനഞ്ഞൊലിക്കുകയായിരുന്നു. ഈ ചാരനിറത്തിന്റെ ഇടയില്‍ വല്ല വിടവുകളുമുണ്ടോ? വെളിച്ചം ഏതിലൂടെയെങ്കിലും അരിച്ചുവരുന്നുണ്ടോ എന്ന് അയാള്‍ ആകാംക്ഷയോടെ നോക്കിനിന്നു. പക്ഷേ, എവിടെയും വെളിച്ചം ഉണ്ടായിരുന്നില്ല. മഴയുടെ ശക്തി കൂടുകയായിരുന്നു.
കാറ്റ് മൂളിക്കൊണ്ടിരുന്നു. മുളങ്കാടുകളെ കിടിലംകൊള്ളിച്ചുകൊണ്ട് ശരംപോലെ പാഞ്ഞുപോകുന്ന കാറ്റ്. കാറ്റിന്റെ മുഴക്കം മാത്രമേയുണ്ടായിരുന്നുള്ളൂ. കാറ്റ് ഊക്കോടെ വീശുമ്പോള്‍ മഴയുടെ ശബ്ദം നിലച്ചുപോകുന്നു. താളം തെറ്റിപ്പോകുന്നു. കാറ്റിന്റെ ശക്തി കുറയുമ്പോള്‍ വീണ്ടും മഴ; മഴയുടെ ശബ്ദം; മഴയുടെ താളം; മഴ, മഴ...
മഴ ഒടുവിലത്തെ മഴ
ടി. പത്മനാഭന്‍
വന്ധ്യമേഘങ്ങളെല്ലാം ആകാശങ്ങളില്‍നിന്ന് അകന്നുപോയിരിക്കുന്നു. കൊതിപ്പിച്ചു മറയുന്ന അവയെല്ലാം എങ്ങുപോയെന്ന് നാം ആരും ഇപ്പോള്‍ ചിന്തിക്കുന്നില്ല. ഇരുണ്ട ആകാശച്ചെരുവില്‍ മിന്നലുകള്‍ ഇണചേരുമ്പോള്‍ ഇടിയുടെ മുഴക്കത്തില്‍ സര്‍വവും ഞെട്ടിത്തരിക്കുന്നു. പിന്നെ മഴയാണ്...
ആകാശങ്ങളിലെ ആനമേഘക്കൂട്ടങ്ങളില്‍ നിന്ന് വിണ്ണിന്റെ ആഴങ്ങളിലേക്ക് മഴ വീഴുന്നു. മാളങ്ങളില്‍ ഇടിമുഴക്കത്താല്‍ നനാജാതി ജീവജാലങ്ങളുടെ മുട്ടകള്‍ പൊട്ടിവിരിഞ്ഞ് ഇഴജീവികള്‍ ഉള്‍പ്പെടെ മഴയി ലേക്കിറങ്ങുന്നു...
മഴനാരുകള്‍ നക്കിത്തുടച്ച് അനേകം ജീവികള്‍ നിര്‍വൃതിയടയുന്നു...
രാവിന് കൂട്ടായി മഴയുണ്ട്. വിണ്ണിന് കുളിരായി മഴയുണ്ട്. സ്‌കൂളിലേക്ക് ബാഗും കുടയുമായി നീങ്ങുന്ന കുഞ്ഞുങ്ങളെ നക്കിരസിക്കാന്‍ അകമ്പടിയായി മഴയുണ്ട്. വിവിധ തൊഴിലിടങ്ങളിലേക്ക് ഗമിക്കുന്നവരുടെ കുടയുടെ ഇത്തിരിപ്പോന്ന ഇടത്തിന് പുറത്തും മഴയുടെ മേളമാണ്.
ഇനി നമുക്ക് മാസങ്ങളോളം മഴയുടെ ചുവട്ടില്‍ ഇടിയുടെ മുഴക്കങ്ങളില്‍ മിന്നലില്‍ ഭൂമിയിലെ പുതുനാമ്പുകള്‍ നോക്കി മഴ കണ്ടു കഴിയാം. വര്‍ഷകാലം അവസാനിക്കുവോളം...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."