സൗഹൃദ ഫുട്‌ബോള്‍: ബൊളീവിയയെ ഗോള്‍മഴയില്‍ മുക്കി അര്‍ജന്റീന കുട്ടികള്‍
ബ്യൂനസ് ഐറിസ്: അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോളില്‍ (അണ്ടര്‍ 23) ബൊളീവിയയെ 5-0ന് തോല്‍പ്പിച്ച് അര്‍ജന്റൈന്‍ യുവത്വത്തിന്റെ കുതിപ്പ്. രണ്ടാം പകുതിയില്‍ പകരക്കാരനായിറങ്ങിയ ഇസക്കീല്‍ പോണ്‍സിന്റെ ഹാട്രിക്കാണ് നീലപ്പടയ്ക്ക് വിജയം എളുപ്പമാക്കിയത്.
ഈമാസം സൗഹൃദ ഫുട്‌ബോളില്‍ ഫെര്‍ണാന്‍ഡോ ബാറ്റിസ്റ്റയുടെ ടീം നേടുന്ന ആദ്യ വിജയമാണിത്. ഓഗസ്റ്റില്‍ ഹോണ്ടുറാസിനെ 4-1ന് തോല്‍പ്പിച്ച അര്‍ജന്റീന കുട്ടികള്‍ ഉറുഗ്വേ (3-0), പാനമ (3-1) എന്നിവയെയും തോല്‍പ്പിച്ചിരുന്നു. മെക്‌സിക്കോക്കു മുന്നില്‍ മാത്രമാണവര്‍ തോല്‍വി സമ്മതിച്ചത് (1-2).
31ാം മിനുട്ടില്‍ ജൂലിയന്‍ ആല്‍വാരസിലൂടെയാണ് അര്‍ജന്റീന ഗോള്‍ വേട്ട തുടങ്ങിയത്. രണ്ടാം പകുതിയില്‍ വലന്‍സ്വേലയും ലക്ഷ്യം കണ്ടു. തുടര്‍ന്നായിരുന്നു ഇസക്കീല്‍ പോണ്‍സിന്റെ മാസ്മരിക ഹാട്രിക് പ്രകടനം. റഷ്യന്‍ ക്ലബ്ബായ സ്പാര്‍ട്ടക് മോസ്‌കോയ്ക്കു വേണ്ടി കളിക്കുന്ന പോണ്‍സിന് സ്പാനിഷ് പൗരത്വവുമുണ്ട്. പരുക്കു മൂലം പുറത്തിരിക്കുന്ന അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ഇസക്കീല്‍ ബാര്‍സോ ഇല്ലാതെയാണ് അര്‍ജന്റീന ടീം ബൊളീവിയക്കെതിരേ ഇത്രയും മികച്ച വിജയം നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."