കൊയിലാണ്ടി നഗരം: ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു
കൊയിലാണ്ടി: നഗരത്തിലെ ഗതാഗത പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ കൊയിലാണ്ടി ടൗണ്‍ഹാളില്‍ യോഗം ചേര്‍ന്നു.
കൊയിലാണ്ടി കോടതി സ്‌റ്റേഡിയം പ്രദേശം മുതല്‍ കോഴിക്കോട് ഭാഗത്തേക്കുള്ള പ്രദേശം വരെ രണ്ട് ഭാഗത്ത് നിന്നും ഏകദേശം രണ്ട് കിലോമീറ്റര്‍ ദൂരം റോഡില്‍ ഇരുവശത്തും വീതി വര്‍ധിപ്പിച്ചു കൊണ്ട് കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി നടക്കാനാവശ്യമായ സംവിധാനങ്ങളും സിഗ്‌നലിങ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കി ഗതാഗതപരിഷ്‌ക്കരണത്തിന് യോഗത്തില്‍ തീരുമാനമായി. നിലവിലെ ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ടുള്ള ബൈപ്പാസ് നിര്‍മാണത്തില്‍ നിന്ന് പിന്മാറുന്നില്ല. ഗതാഗതക്കുരുക്കിന് ശാശ്വതമായ പരിഹാരം ബൈപ്പാസ് നിര്‍മാണം തന്നെയാണെന്നും അതിനുള്ള നടപടികള്‍ ത്വരിതഗതിയില്‍ പുരോഗമിച്ച് വരികയാണെന്ന് മന്ത്രി പറഞ്ഞു.
ബൈപ്പാസ് നിര്‍മാണം പൂര്‍ത്തിയായാലും നഗര ഹൃദയഭാഗമെന്ന നിലയില്‍ കൊയിലാണ്ടിയില്‍ ഗതാഗതകുരുക്ക് ഇല്ലാതെ ഭാവിയില്‍ യാത്രക്കാര്‍ക്ക് സഞ്ചരിക്കാനും ഇതുപോലെ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള ട്രാഫിക് നിയന്ത്രണപരിപാടികള്‍ ആവശ്യമാണ് ഇത് സംബന്ധിച്ച വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കി നല്‍കാന്‍ നാറ്റ്പാക്, റോഡ് സേഫ്റ്റി അതോറിറ്റിയെയും ജില്ലാ കലക്ടറെയും ചുമതലപ്പെടുത്തി.
റോഡിലേക്കുള്ള അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് ഭൂമി ലഭ്യമാക്കാനും യോഗത്തില്‍ തീരുമാനമായി.
എം.എല്‍.എ, സര്‍ക്കാര്‍ ഫണ്ടുകള്‍ ഉപയോഗിച്ചുള്ള വികസനപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും നഗരമധ്യത്തിലെ ട്രാന്‍സ്‌ഫോര്‍മര്‍, വൈദ്യുതിക്കാലുകള്‍ എന്നിവ നവംബര്‍ 10 നകം മാറ്റി സ്ഥാപിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ഗതാഗത പരിഷ്‌കരണം സംബന്ധിച്ച് ദേശീയപാതയില്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കാനും തീരുമാനമായി.
യോഗത്തില്‍ കെ ദാസന്‍ എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ അഡ്വ.കെ സത്യന്‍, ജില്ലാ കലക്ടര്‍ യു.വി ജോസ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍(കെ.ആര്‍.എസ്.എ) ടി. ഇളങ്കോവന്‍, ആര്‍.ഡി.ഒ വി.പി അബ്ദുറഹ്മാന്‍, വടകര ആര്‍.ടി.ഒ വി.വി മധുസൂദനന്‍, കൊയിലാണ്ടി സി.ഐ കെ ഉണ്ണികൃഷ്ണന്‍, തഹസില്‍ദാര്‍ പി പ്രേമന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."