ഖത്തര്‍ പ്രതിസന്ധി: ഗള്‍ഫ് രാജ്യങ്ങളുടെ ആവശ്യം ഖത്തര്‍ മനസ്സിലാക്കിയതായി കുവൈത്ത്
കുവൈത് സിറ്റി: അറബ് രാജ്യങ്ങള്‍ക്കിടയില്‍ ഉയര്‍ന്നു വന്ന പ്രതിസന്ധിക്കു അയവു വരുത്താന്‍ ഖത്തര്‍ സന്നദ്ധമായതായി സൂചന. ഖത്തറിനും മറ്റു അറബ് രാജ്യങ്ങള്‍ക്കുമിടയില്‍ പ്രശ്‌നപരിഹാരത്തിനായി പ്രവര്‍ത്തിക്കുന്ന കുവൈത്താണ് ഞായറാഴ്ച ഇക്കാര്യ വ്യക്തമാക്കിയത്. സഊദി അറേബ്യ, ബഹ്‌റൈന്‍, യു.എ.ഇ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറിന് മേല്‍ നടത്തിയ ഉപരോധം എട്ടാം ദിവസത്തേക്ക് കടന്നതോടെയാണ് അറബ് രാജ്യങ്ങളുടെ ആരോപണം മനസ്സിലാക്കി തങ്ങളുടെ നിലപാടുകള്‍ക്ക് അയവ് വരുത്താന്‍ ഖത്തര്‍ സന്നദ്ധമാണെന്നു മധ്യസ്ഥ റോളില്‍ പ്രവര്‍ത്തിക്കുന്ന കുവൈത്തിനെ അറിയിച്ചത്.
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ മധ്യസ്ഥ ശ്രമത്തിനു ഏതറ്റം വരെയും പോകാന്‍ കുവൈത്ത് സന്നദ്ധമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് വ്യക്തമാക്കിയതായി കുവൈത്ത് ദേശീയ വാര്‍ത്താ ഏജന്‍സി കുന റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ അവസ്ഥയില്‍ അനുയോജ്യമായ തീരുമാനം കൈക്കൊള്ളാന്‍ ഖത്തര്‍ സന്നദ്ധമായതായി അറിയിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. മറ്റു അറബ് രാജ്യങ്ങള്‍ ഉയര്‍ത്തുന്ന ആശങ്ക മനസ്സിലാക്കാന്‍ സഹോദര രാജ്യമായ ഖത്തറിന് കഴിയുമെന്നും മേഖലയുടെ സുരക്ഷക്കും സമാധാനത്തിനും വേണ്ട നടപടികള്‍ അവര്‍ കൈകൊള്ളുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സഹോദര രാജ്യങ്ങളുടെ സഹകരണത്തിന് വേണ്ട മധ്യസ്ഥ ശ്രമങ്ങള്‍ കുവൈത്ത് ഒരിക്കലും നിര്‍ത്തിവയ്ക്കില്ലെന്നും ഏതറ്റം വരെയും പോകാനും കുവൈത്ത് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച്ച ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ച സഊദിയടക്കമുള്ള അറബ് രാജ്യങ്ങള്‍ ഓരോ ദിവസം കഴിയുംതോറും നിലപാട് കടുപ്പിച്ചത് മധ്യസ്ഥ ശ്രമങ്ങള്‍ക്ക് വിലങ്ങു തടിയാവുകയായിരുന്നു. പ്രശ്‌നപരിഹാരത്തിനായി കുവൈത്ത് പ്രസ്തുത ദിവസം മുതല്‍ ശ്രമം തുടങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."