നഗരപാതയിലെ കുഴികളടച്ചില്ല; യാത്രക്കാരുടെ നടുവൊടിയുന്നു
കാസര്‍കോട്: നഗരപാതയിലെ കുഴികളടക്കാനുള്ള നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് യാത്രക്കാരുടെ നടുവൊടിയുന്നു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നു പഴയ ബസ് സ്റ്റാന്‍ഡിലേക്കുപോകുന്ന പാതയിലാണ് നിറയെ പാതാളക്കുഴികളുള്ളത്.
കുഴികള്‍ നിറഞ്ഞതിനെ തുടര്‍ന്ന് പാതയില്‍ കൂടി സഞ്ചരിക്കുന്ന ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇഴഞ്ഞിഴഞ്ഞു നീങ്ങുകയാണ്. ഇതേതുടര്‍ന്ന് നഗരത്തില്‍ കടുത്ത ഗതാഗതകുരുക്കും അനുഭവപ്പെടുകയാണ്. മാസങ്ങളായി പാതയില്‍ കുഴികള്‍ രൂപപ്പെട്ടു കിടക്കുന്നെങ്കിലും ഇതുനികത്താനുള്ള നടപടികളൊന്നും നഗരസഭാ അധികൃതരോ ബന്ധപ്പെട്ട അധികാരികളോ നടത്തിയിട്ടില്ല.
കാഞ്ഞങ്ങാട്-കാസര്‍കോട് കെ.എസ്.ടി.പി പാത വന്നുചേരുന്ന പാത കൂടിയാണ് കുഴികള്‍ കാരണം ഗതാഗത സ്തംഭനമുണ്ടാക്കുന്ന ഈ റോഡ്. ഓട്ടോ ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങള്‍ കുഴികളില്‍ പതിച്ചാല്‍ പിന്നെ കുഴിയില്‍ നിന്നു മുകളിലേക്ക് കയറണമെങ്കില്‍ പൊക്കിയെടുക്കേണ്ട അവസ്ഥയാണുള്ളത്.
ഇതിനുപുറമെ ഇരു ഭാഗങ്ങളില്‍നിന്നുവരുന്ന വാഹനങ്ങള്‍ കുഴകളില്‍ പതിക്കാതിരിക്കാന്‍ തലങ്ങും വിലങ്ങും ഓടുന്നതിനെ തുടര്‍ന്ന് ഗതാഗത കുരുക്ക് മുറുകുകയും ചെയ്യുന്നു.
അതേസമയം, കെ.എസ്.ടി.പി പാതയില്‍ കൂടി സഞ്ചരിക്കുന്നതിനു വേണ്ടി ചരക്കു കയറ്റിയ കൂറ്റന്‍ വാഹനങ്ങളും ഇതു വഴിയാണ് കടന്നുപോകുന്നത്.
ചെറുവാഹനങ്ങളുടെയും യാത്രക്കാരുടെയും നടുവൊടിക്കുന്ന കുഴികള്‍ നികത്താന്‍ അധികൃതര്‍ നടപടി കൈക്കൊള്ളാത്തത് യാത്രക്കാരിലും വാഹന ഡ്രൈവര്‍മാരിലും കടുത്ത പ്രതിഷേധം ഉടലെടുക്കാന്‍ കാരണമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."