ചിദംബരത്തെ സന്ദര്‍ശിക്കുന്നതിന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അനുമതി നിഷേധിച്ചു
സി.ബി.ഐ കസ്റ്റഡിയില്‍ ചിദംബരം നേരിട്ടത് 400ല്‍ കൂടുതല്‍ ചോദ്യങ്ങള്‍
ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ തിഹാര്‍ ജയിലില്‍ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പി. ചിദംബരത്തെ സന്ദര്‍ശിക്കുന്നതിന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അനുമതി നിഷേധിച്ചു.
മുകുള്‍ വാസ്നിക്, പി.സി ചാക്കോ, മാണിക്യം ടാഗോര്‍, അവിനാഷ് പാണ്ഡെ തുടങ്ങിയ നേതാക്കളാണ് ചിദംബരത്തെ സന്ദര്‍ശിക്കാനായി കഴിഞ്ഞ ദിവസം ജയിലില്‍ എത്തിയത്.
എന്നാല്‍ സന്ദര്‍ശന സമയം കഴിഞ്ഞെന്ന് ജയില്‍ സുപ്രണ്ട് ഇവരെ മടക്കിയയക്കുകയായിരുന്നു. കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് ജയിലിലെത്തിയതെന്നും ചിദംബരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നും കോണ്‍ഗ്രസ് നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
സി.ബി.ഐ കസ്റ്റഡി അവസാനിച്ചതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം റോസ് അവന്യുവിലെ സി.ബി.ഐ കോടതി ചിദംബരത്തെ ഈ മാസം 19 വരെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. ചിദംബരത്തിന് ജയിലില്‍ ഇ സഡ് കാറ്റഗറി സുരക്ഷയും യൂറോപ്യന്‍ ശൈലിയിലുള്ള ക്ലോസറ്റുള്ള ശുചിമുറിയും കട്ടിലുമുള്ള പ്രത്യേക സെല്ലും നല്‍കാനും മരുന്നുകള്‍ അനുവദിക്കാനും ജസ്റ്റിസ് അജയ് കുമാര്‍ കുഹാര്‍ ഉത്തരവിട്ടിരുന്നു.
അതിനിടെ സി.ബി.ഐ കസ്റ്റഡിയിലായിരിക്കെ പി. ചിദംബരം നേരിട്ടത് 400ല്‍ കൂടുതല്‍ ചോദ്യങ്ങളെയാണെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അഞ്ചോളം ഉദ്യോഗസ്ഥന്മാരാണ് ചിദംബരത്തെ ചോദ്യം ചെയ്തത്. കേന്ദ്ര മന്ത്രിയായിരിക്കെ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡില്‍ നടത്തിയ ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."