മദ്യനയത്തിനെതിരേ ജനകീയ പ്രക്ഷോഭമെന്ന് യു.ഡി.എഫ്
പാലക്കാട്: കേരളത്തെ മദ്യാലയമാക്കി മാറ്റാനുള്ള എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ത്താന്‍ യു.ഡി.എഫ് മുന്നോട്ടുവരുമെന്ന് മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസ പറഞ്ഞു.
പാലക്കാട് ജില്ലാ യു.ഡി.എഫ് നേതൃയോഗം ജവഹര്‍ ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഘട്ടംഘട്ടമായി സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം ലക്ഷ്യമാക്കി യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയത്തെ പൂര്‍ണമായും അട്ടിമറിച്ച് മദ്യലോബിയുമായി തിരഞ്ഞെടുപ്പിന് മുന്‍പുണ്ടാക്കിയ രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലാണ് മദ്യശാലകള്‍ തുറക്കാന്‍ ഇടതുസര്‍ക്കാര്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയര്മാന് എ. രാമസ്വാമി അധ്യക്ഷനായിരുന്നു. കടുത്ത ജാതീയ വിവേചനം, തൊഴിലില്ലായ്മ, ദാരിദ്ര്യം മൂലം പ്രയാസം നേരിടുന്ന മുതലമട അംബേദ്കര്‍ കോളനിയിലെ പട്ടികജാതിക്കാരായ കുടുംബങ്ങളുടെ ദുരിതങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കൈക്കൊള്ളണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് യോഗം ഒരു പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
ഇടതുസര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ ജൂണ്‍ 15ന് നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ ജനകീയ സദസുകള്‍ സംഘടിപ്പിക്കാനും ജൂലായ് ഒന്നിന് കലക്ടറേറ്റ് ധര്‍ണ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ജൂണ്‍ 13ന് നിയോജക മണ്ഡലം യു.ഡി.എഫ് യോഗങ്ങള്‍ ചേരാനും യോഗത്തില്‍ തീരുമാനമെടുത്തു. വി.എസ്. വിജയരാഘവന്, വി.കെ. ശ്രീകണ്ഠന്, ഷാഫി പറമ്പില്‍ എം.എല്‍.എ, വി.സി. കബീര്‍, സി. ചന്ദ്രന്, സി.വി. ബാലചന്ദ്രന്, കളത്തില്‍ അബ്ദുള്ള, മരയ്ക്കാര്‍ മാരായമംഗലം, അഡ്വ. എന്‍. ഷംസുദ്ദീന് എം.എല്‍.എ, പി.എ. തങ്ങള്‍, എം.എം ഹമീദ് (മുസ്ലീംലീഗ്), എ. ഭാസ്കരന് (ജെ.ഡി.യു), ടി.എം. ചന്ദ്രന്, വി.കെ. നിശ്ചലാനന്ദന്‍ (ആര്.എസ്.പി), വി.പി. ഉലഹന്നാന് (കേരളാ കോണ്‍ഗ്രസ്-ജേക്കബ്ബ്), പി കലാധരന്‍ (സി.എം.പി), കെ.എ. രഘുനാഥന് (ഫോര്‍വേഡ് ബ്ലോക്ക്) സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."