വിദ്യാര്‍ഥികള്‍ക്ക് പോഷക സമൃദ്ധമായ ഉച്ചഭക്ഷണം
മണ്ണാര്‍ക്കാട്: എട്ടാം തരം വരെയുളള വിദ്യാര്‍ഥികള്‍ക്ക് പോഷക സമൃദ്ധമായ ഉച്ചഭക്ഷണം വിദ്യാലയങ്ങളില്‍ തന്നെ വിതരണം ചെയ്യുന്നതിനുളള നോണ്‍ ഫീഡിങ് കമ്മിറ്റി പല വിദ്യാലയങ്ങളിലും പേരിനു മാത്രം. മാസം തോറും യോഗം ചേര്‍ന്ന് മെനു നിശ്ചയിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനും പുല്ലുവില.
സര്‍ക്കാര്‍ ഒരു വിദ്യാര്‍ഥിക്ക് അനുവദിക്കുന്ന തുകകൊണ്ട് സര്‍ക്കാര്‍ പറയുന്ന തരത്തില്‍ ഭക്ഷണം നല്‍കാന്‍ കഴിയില്ലെന്ന മുടന്തന്‍ ന്യായം പറഞ്ഞ് സ്‌കൂള്‍ അധികൃതര്‍ ഒഴിഞ്ഞ് മാറുകയാണെന്ന പരാതിക്കും കാലങ്ങളുടെ പഴക്കമുണ്ട്. ഉച്ചഭക്ഷണത്തിനൊപ്പം ആഴ്ചയില്‍ രണ്ടു ദിവസം പാലും, ഒരു ദിവസം കോഴി മുട്ടയും, കോഴിമുട്ട കഴിക്കാത്തവര്‍ക്ക് 150 ഗ്രാം തൂക്കം വരുന്ന നേന്ത്രപ്പഴവും നല്‍കണമെന്നും സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തില്‍ പ്രതിബാധിക്കുന്നുണ്ട്. എന്നാല്‍ പലയിടത്തും ഇതൊന്നും തന്നെ യഥാവിധി നടക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്നു മുതല്‍ എട്ടുവരെയുളള വിദ്യാര്‍ഥികള്‍, ഇവിടുങ്ങളിലെ പി.ടി.എ നടത്തുന്നതുള്‍പ്പെടെയുള്ള പ്രീപ്രൈമറി വിദ്യാര്‍ഥികള്‍, എം.ജി.എല്‍.സി ബദല്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍ അംഗീകരാമുളള ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കുള്ള സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍, ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ എട്ടാം തരത്തിലെ വിദ്യാര്‍ഥികള്‍ എന്നിവരാണ് നോണ്‍ ഫീഡിങിന്റെ ഗുണഭോക്താക്കള്‍.
നോണ്‍ ഫീഡിങ് പദ്ധതി നടത്തിപ്പിനാവശ്യമായ കമ്മിറ്റിയുടെ ചെയര്‍മാന്‍ പി.ടി.എ പ്രസിഡന്റും, പ്രധാനാധ്യാപകന്‍ മെമ്പര്‍ സെക്രട്ടറിയുമാണ്.
കൂടാതെ വാര്‍ഡ് മെമ്പര്‍, ഒരു വനിതയടക്കം രണ്ട് അധ്യാപകര്‍, ഒരു മദര്‍ പി.ടി.എ അംഗം, എസ്.സി, എസ്.ടി വിദ്യാര്‍ഥികളുടെ രണ്ട് പ്രതിനിധികള്‍, 500 കുട്ടികളില്‍ കൂടുതലായുളള വിദ്യാലയങ്ങളില്‍ അധ്യാപക പ്രതിനിധിയായി നാലുപേരില്‍ കുറയാത്തവരും അടങ്ങുന്നതാണ് നോണ്‍ ഫീഡിങ് കമ്മിറ്റി.
ജൂലൈ 15നു മുമ്പ് ചേരുന്ന പി.ടി.എ ജനറല്‍ ബോഡിയില്‍നിന്നാണ് ഒരു വര്‍ഷത്തെ കാലാവധിയുളള നോണ്‍ ഫീഡിങ് കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നത്.
പദ്ധതി നടത്തിപ്പിന് സ്‌കൂളുകളില്‍ കെ-2 രജിസ്റ്റര്‍ ബുക്ക്, എന്‍.എം.പി ഒന്നിന്റെ ഓഫിസ് കോപ്പി, അതത് ദിവസത്തെ വരവ് ചെലവ് കണക്ക്, നൂണ്‍ ഫീഡിങ് ഹാജര്‍ പുസ്തകം - അക്കൗണ്ട് പുസ്തകം, മാവേലി സ്റ്റോര്‍ ബില്ലുകള്‍, വൗച്ചര്‍ ഫയലുകള്‍, നൂണ്‍ ഫീഡിങ് കറണ്ട് അക്കൗണ്ട് പാസ്ബുക്ക്, മെനു രജിസ്റ്റര്‍, മുട്ട, പാല്‍ തുടങ്ങിയ വിതരണം ചെയ്യുന്നതിനുള്ള രജിസ്റ്റര്‍ സൂക്ഷിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
ചില സ്‌കൂളുകളിലും ഇതൊന്നും തന്നെ ഗൗനിക്കാതെ ഇഷ്ടാനുസരണമാണ് പദ്ധതി നടപ്പിലാക്കുന്നത്. പേരിനു പോലും യോഗം വിളിക്കാതെ കമ്മിറ്റി അംഗങ്ങളെ കൊണ്ട് മിനുട്‌സില്‍ ഒപ്പുവെപ്പിച്ച് തടിതപ്പുകയാണ് പതിവെന്ന ആരോപവും ശക്തമാണ്. സ്‌കൂളില്‍ വിളിച്ചുചേര്‍ക്കാറുളള പി.ടി.എ യോഗങ്ങള്‍ക്കിടയില്‍ നൂണ്‍ ഫീഡിങ് മിനുട്‌സില്‍ കാര്യങ്ങളൊന്നും തന്നെ ചര്‍ച്ച ചെയ്യാതെ ഒപ്പിടിവിക്കുകയാണ് പല വിദ്യാലയങ്ങളിലും സാധാരണയായി നടന്നുവരുന്നത്. എന്നാല്‍ സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നതിനെക്കാള്‍ നല്ല രീതിയില്‍ നടത്തുന്ന മാതൃകാപരമായ സ്‌കൂളുകളുമുണ്ട്.
ഇവിടെ സര്‍ക്കാര്‍ നല്‍കുന്ന ഫണ്ട് തന്നെ മിച്ചം വരുകയും ഈ തുക ആഘോഷ വേളകളിലും മറ്റും വിദ്യാര്‍ഥികള്‍ക്ക് നോണ്‍ വെജ് ഭക്ഷണമടക്കം നല്‍കുന്നതിനും ചെലവഴിക്കുന്നതായും കണ്ടുവരുന്നുണ്ട്. പദ്ധതി നടത്തിപ്പിന് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, എ.ഇ.ഒ, ജില്ലാ തല മോണിറ്ററിങ് സമിതികളുണ്ടെങ്കിലും കാര്യക്ഷമമായ ഇടപെടലുകളില്ലാത്തതാണ് പദ്ധതിക്ക് പല കോണുകളില്‍നിന്ന് പരാതികളുയരാന്‍ ഇടയാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."