സ്‌കൂള്‍ ഐ.ടി മേള ഇനങ്ങളില്‍ ഈ വര്‍ഷം മുതല്‍ മാറ്റം
തിരുവനന്തപുരം: സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായുളള ഐ.ടി. മേളകളില്‍ അനിമേഷന്‍ നിര്‍മാണവും സ്‌ക്രാച്ച് പ്രോഗ്രാമിങും ഉള്‍പ്പെടെ മത്സര ഇനമായി ഉള്‍പ്പെടുത്തി പരിഷ്‌കരിച്ച മാന്വല്‍ പുറത്തിറങ്ങി. പ്രൈമറി വിഭാഗത്തില്‍ ഐ.ടി ക്വിസ്, ഡിജിറ്റല്‍ പെയിന്റിങ്, മലയാളം ടൈപ്പിങ് എന്നിങ്ങനെ മത്സര ഇനങ്ങള്‍ക്കും രീതികള്‍ക്കും മാറ്റമില്ല.
ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ നിലവിലുള്ള ഐ.ടി ക്വിസ്, ഡിജിറ്റല്‍ പെയിന്റിങ്, വെബ്‌പേജ് നിര്‍മാണ ഇനങ്ങള്‍ തുടരും.
നിലവിലുണ്ടായിരുന്ന പ്രോജക്ട് പ്രസന്റേഷന്‍ മത്സരം ഒഴിവാക്കി. പകരം മള്‍ട്ടിമീഡിയാ പ്രസന്റേഷന്‍ ഇനത്തില്‍ പ്രസന്റേഷന്‍ തയാറാക്കലും അവതരിപ്പിക്കലും എന്നാക്കിയിട്ടുണ്ട്.
വിഷയം മത്സരത്തിനു മുന്നോടിയായി മത്സരാര്‍ഥികള്‍ക്ക് നല്‍കും. മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ തയാറാക്കിയതിനു ശേഷം അഞ്ചു മിനിറ്റില്‍ അത് അവതരിപ്പിക്കണം.
മലയാളം ടൈപ്പിങ് മത്സരം ടൈപ്പിങും രൂപകല്‍പനയും എന്നാക്കി മാറ്റി. വേഗതയ്ക്കും ലേഔട്ടിനും പകുതി വീതം മാര്‍ക്കുകള്‍ ലഭിക്കും. ഈ വര്‍ഷം മുതല്‍ അനിമേഷന്‍ മത്സരവും ഐ.ടി മേളയിലുണ്ടാകും.
ടുപ്പിട്യൂബ്‌ഡെസ്‌ക് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് 20 സെക്കന്റില്‍ കുറയാത്ത ഒരു ചലച്ചിത്രം ഒരു മണിക്കൂറിനുള്ളില്‍ കുട്ടികള്‍ തയാറാക്കേണ്ടത്. പത്തു മിനിറ്റു മുമ്പ് വിഷയം നല്‍കും.
അമേരിക്കയിലെ മാസച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി തയാറാക്കിയ 'സ്‌ക്രാച്ച്' സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഗെയിമുകളും അനിമേഷനുകളും തയാറാക്കുന്ന പ്രോഗ്രാമുകള്‍ ആണ് ഈ വര്‍ഷം മുതലുളള മറ്റൊരു മത്സര ഇനം. ഈ വര്‍ഷം മുതല്‍ ഹൈസ്‌കൂള്‍ വിഭാഗത്തിലും ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലും ഏഴ് മത്സരങ്ങളുണ്ട്.
കൈറ്റ് സംസ്ഥാനതലത്തില്‍ തയാറാക്കുന്ന പൊതുചോദ്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഈ വര്‍ഷം സ്‌കൂള്‍, ഉപജില്ലാ, റവന്യൂ ജില്ലാ തലങ്ങളില്‍ ഐ.ടി ക്വിസ് മത്സരം. ഉപജില്ലാതലം മുതല്‍ ഒരേ സമയം ഓണ്‍ലൈനിലൂടെ പുതിയ രീതിയിലായിരിക്കും ഐ.ടി ക്വിസ് മത്സരങ്ങള്‍ നടത്തുക.
ഐ.സി.ടി പഠന വിഭവങ്ങള്‍ സ്വന്തമായി തയാറാക്കുന്ന അധ്യാപകരെ പ്രോത്സാഹിപ്പിക്കാനായി ഐ.സി.ടി ടീച്ചിങ് എയിഡ് മത്സരവും ഈ വര്‍ഷം മുതല്‍ ഐ.ടി മേളകളില്‍ പുതുതായി തുടങ്ങും. നിലവിലുള്ള പാഠപുസ്തകങ്ങളില്‍ നിര്‍വചിച്ചിട്ടുള്ള പഠന നേട്ടങ്ങള്‍ക്ക് അനുയോജ്യമായതും ഒരു പീരിയഡില്‍ വിനിമയം ചെയ്യാന്‍ കഴിയുന്നതരത്തിലുള്ളതുമായ ഡിജിറ്റല്‍ വിഭവങ്ങളാണ് ഈ ഇനത്തില്‍ അധ്യാപകര്‍ തയാറാക്കേണ്ടത്.
സ്‌കൂള്‍, ഉപജില്ല, ജില്ല, സംസ്ഥാന തലങ്ങളില്‍ അധ്യാപകര്‍ക്ക് മത്സരമുണ്ട്. ഇങ്ങനെ ലഭിക്കുന്ന മെച്ചപ്പെട്ട ഡിജിറ്റല്‍ ഉള്ളടക്കം 'സമഗ്ര' വിഭവപോര്‍ട്ടലില്‍ അപ്‌ലോഡു ചെയ്യും.
6,200 സ്‌കൂളുകളില്‍നിന്നു തിരഞ്ഞെടുക്കുന്ന 19,000 കുട്ടികളാണ് മുന്‍വര്‍ഷങ്ങളില്‍ സബ്ജില്ലാതല ഐ.ടി മേളയില്‍ മത്സരിച്ചത്.
ജില്ലാമേളയില്‍ 4,150ഉം സംസ്ഥാനമേളയില്‍ 308ഉം കുട്ടികള്‍ പങ്കെടുത്തു. ഐ.ടി മേളകളിലെ മത്സരങ്ങളെല്ലാം പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."