യുവാവിനുനേരെ ആക്രമണം; ഒരാള്‍ പിടിയില്‍
കരുനാഗപ്പള്ളി: ദേശീയപാതയില്‍ കാറില്‍ യാത്ര ചെയ്ത യുവാവിനെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതായി പരാതി. സാരമായി മര്‍ദനമേറ്റ യുവാവിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തു. പതാരം കിടങ്ങയംവടക്ക് ചെപ്പള്ളില്‍ സന്ദീപ് (23) നാണ് യാത്രയ്ക്കിടയില്‍ മര്‍ദനമേറ്റത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി പത്തരയോടെ ദേശീയപാതയില്‍ വവ്വാക്കാവിനു സമീപമാണ് സംഭവം.
കാറില്‍ പോകുകയായിരുന്ന സന്ദീപിനെ എതിര്‍ദിശയില്‍ മറ്റൊരു കാറില്‍ എത്തിയ സംഘം തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞതായി പൊലിസിനു നല്‍കിയ പരാതിയില്‍ പറയുന്നു. കാര്‍ തിരിച്ചപ്പോള്‍ സിഗ്‌നല്‍ നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു സംഭവം. അല്‍പസമയം കഴിഞ്ഞ് ആറുപേരടങ്ങുന്ന ഒരുസംഘം എത്തി സന്ദീപിനെ മര്‍ദിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. മര്‍ദനത്തില്‍ സന്ദീപിന് സാരമായി പരുക്കേറ്റു.
സന്ദീപിന് ഒപ്പം ഉണ്ടായിരുന്നയാള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലിസ് സ്ഥലത്ത് എത്തിയപ്പോഴേക്കും സംഘം സ്ഥലംവിടുകയായിരുന്നു. സന്ദീപിന്റെ തലയ്ക്കും, കൈകള്‍ക്കും, ദേഹത്തും മുറിവേറ്റിട്ടുണ്ട്. അക്രമം നടത്തിയ ആറുപേര്‍ക്കെതിരെ വധശ്രമത്തിന് കരുനാഗപ്പള്ളി പൊലിസ് കേസെടുത്തു. ഇതില്‍ ഉള്‍പ്പെട്ട കടത്തൂര്‍ സ്വദേശി ഷാജി എന്നയാളെ പൊലിസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മറ്റുള്ളവര്‍ക്കായി അന്വേഷണം നടന്നു വരുന്നതായി പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."