നവകേരള സൃഷ്ടിക്കായി 'വീണ്ടെടുപ്പ് '
തൃശൂര്‍: പ്രളയാനന്തരം കേരളത്തെ വീണ്ടെടുക്കുന്നതിനും നവകേരള സൃഷ്ടിക്കുമായി തൃശൂരിലെ സാമൂഹിക സാംസ്‌കാരിക സ്ഥാപനങ്ങളും ജില്ലാ ഭരണകൂടവും കൈകോര്‍ക്കുന്നു. വീണ്ടെടുപ്പ് എന്ന പേരില്‍ കലാസാംസ്‌കാരിക പ്രവര്‍ത്തകരുടെ സംഗമം സംഘടിപ്പിക്കാനാണു പരിപാടി. കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി, കേരള കലാമണ്ഡലം സംയുക്തമായി ജില്ലാ ഭരണകൂടവുമായി സഹകരിച്ചാണു പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. പ്രളയാനന്തരമുള്ള കേരളത്തെ പുനര്‍നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണയും ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. അടുത്ത മാസം അവസാനം തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന പരിപാടിയില്‍ കലാസാഹിത്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് ജില്ലാ കലക്ടര്‍ ടി.വി അനുപമ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സൗജന്യമായി പരിപാടികള്‍ അവതരിപ്പിക്കാമെന്നാണു കലാകാരന്മാര്‍ അറിയിച്ചിരിക്കുന്നതെന്നു സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍, സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞു. പ്രമുഖര്‍ പങ്കെടുക്കുന്ന മേളം, നാടകം, സംഗീത പരിപാടികള്‍, ചിത്രരചന തുടങ്ങിയവ ഉണ്ടാകും. ജനങ്ങള്‍ക്കു സൗജന്യമായി പരിപാടികള്‍ ആസ്വദിക്കാം. സ്‌പോണ്‍സര്‍മാര്‍ മുഖേനെയാണു പണം സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നു കലക്ടര്‍ വ്യക്തമാക്കി. വീണ്ടെടുപ്പിന്റെ പ്രാരംഭ ഘട്ടമെന്ന നിലയില്‍ മലയാളത്തിലെ പ്രശസ്ത എഴുത്തുകാരുടെ മാനവിക സ്പര്‍ശമുള്ള രചനകള്‍ ഉള്‍ച്ചേര്‍ത്തു പ്രളയാക്ഷരങ്ങള്‍ എന്ന പുസ്തകം പ്രസിദ്ധീകരിക്കാനുള്ള ഒരുക്കവും നടത്തിവരികയാണ് കേരള സാഹിത്യ അക്കാദമി. 200 രൂപയാണ് കഥ, നോവല്‍, കവിത, ആത്മകഥ, പഠനങ്ങള്‍, കുറിപ്പുകള്‍, അഭിമുഖം തുടങ്ങിയ ശാഖകളിലെ 34 കൃതികളും ചിത്രങ്ങളും ഉള്‍പ്പെടുന്ന പുസ്തകത്തിന്റെ മുഖവിലയായി ഈടാക്കുക. ആദ്യം 25000 കോപ്പിയും തുടര്‍ന്നു ആവശ്യകതക്കനുസരിച്ച് കൂടുതല്‍ കോപ്പികളും അച്ചടിക്കാനാണു ഉദ്ദേശിക്കുന്നത്.
വില്‍പന വഴി കിട്ടുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറും. വീണ്ടെടുപ്പിന്റെയും സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന ഏകദിന സെമിനാറിന്റെയും ഉദ്ഘാടനം 29നു രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്നു സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രളയാക്ഷരങ്ങള്‍ പുസ്തകത്തിന്റെ പ്രകാശനം തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ.സി മൊയ്തീനു നല്‍കി മുഖ്യമന്ത്രി നിര്‍വഹിക്കും. സാംസ്‌കാരിക വകുപ്പു മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനാകും. കൃഷി വകുപ്പു മന്ത്രി വി.എസ് സുനില്‍ കുമാര്‍, പൊതു വിദ്യാഭ്യാസ വകുപ്പു മന്ത്രി സി. രവീന്ദ്രനാഥ്, ജില്ലാ കലക്ടര്‍ ടി.വി അനുപമ സംസാരിക്കും.
സെമിനാറില്‍ ഡോ. ബി. രാജീവന്‍ (പ്രളയാനന്തര മാനവികത), ഡോ. ജി. മധുസൂദനന്‍ (നവകേരള നിര്‍മിതിയും പ്രകൃതി പരിണാമവും), പ്രൊഫ. ടി.പി കുഞ്ഞിക്കണ്ണന്‍ (പുനര്‍ നിര്‍മാണവും വികസന സങ്കല്‍പവും), ഇ.പി രാജഗോപാലന്‍ (പ്രളയവും പ്രകൃതവും) പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ചടങ്ങില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."