മര്‍കസിന് മുന്നില്‍ സമരക്കാര്‍ വീണ്ടും പന്തല്‍ കെട്ടി; പൊലിസ് അഴിച്ചുമാറ്റി
കുന്ദമംഗലം: മര്‍കസ് വിദ്യാഭ്യാസ തട്ടിപ്പിനെതിരേ പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ഥികള്‍ ഇന്നലെ പ്രധാന കവാടത്തിന് മുന്നില്‍ കെട്ടിയ പന്തല്‍ പൊലിസ് അഴിച്ചു മാറ്റിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് വന്‍ പൊലിസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്. വിദ്യാര്‍ഥികളുടെ ആവശ്യം ന്യായമാണെന്നും സമരം ചെയ്യാന്‍ അവസരമൊരുക്കണമെന്നും ഹൈക്കോടതിയുടെ വിധിയുണ്ടെന്ന് കുന്ദമംഗലം മണ്ഡലം മുസ്‌ലിം ലീഗ് ജന. സെക്രട്ടറി ഖാലിദ് കിളിമുണ്ട അറിയിച്ചപ്പോള്‍ 'മുകളില്‍നിന്നുള്ള ഓര്‍ഡര്‍' അനുസരിച്ചാണ് സമരപ്പന്തല്‍ പൊളിച്ചുനീക്കുന്നതെന്നാണ് പൊലിസ് പ്രതികരിച്ചത്.
മര്‍കസിന് മുന്നില്‍ സമരപ്പന്തല്‍ കെട്ടാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും സമരസമിതി നേതാക്കളും നേരത്തെ പൊലിസ് കമ്മിഷണറെ സമീപിച്ചിരുന്നു. രണ്ടു ദിവസം കാത്തിരിക്കാനാണ് അന്ന് കമ്മിഷണര്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ എട്ടു ദിവസം കഴിഞ്ഞിട്ടും കമ്മിഷണറുടെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഇന്നലെ വിദ്യാര്‍ഥികള്‍ പന്തല്‍ കെട്ടിയത്. സ്ഥലത്തെത്തിയ കുന്ദമംഗലം പൊലിസ് ഉടനെ തന്നെ പന്തല്‍ പൊളിച്ചു മാറ്റുകയായിരുന്നു. രണ്ട് കട്ടില്‍, ലാപ്‌ടോപ്പുകള്‍, മൈക്ക്‌സെറ്റ് തുടങ്ങിയവ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സംഘര്‍ഷാവസ്ഥ ഉടലെടുത്തതിനെ തുടര്‍ന്ന് ചേവായൂര്‍ സി.ഐ കെ.കെ ബിജു സംഭവ സ്ഥലത്തെത്തി വിദ്യാര്‍ഥികളുമായി സംസാരിച്ചു. ഇന്ന് കാലത്ത് പൊലിസ് കമ്മിഷണറുമായി സംഭവം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. കമ്മിഷണറുമായി ചര്‍ച്ച നടത്തി അനുകൂല തീരുമാനമുണ്ടായാലും ഇല്ലെങ്കിലും സമരപ്പന്തല്‍ സ്ഥാപിക്കുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇന്നലെ പി.ടി.എ റഹീം എം.എല്‍.എയുമായും വിദ്യാര്‍ഥികള്‍ ചര്‍ച്ച നടത്തിയിരുന്നു.
എം.എസ്.പി ഉള്‍പ്പെടെയുള്ള പൊലിസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. മര്‍കസിന് പൊലിസ് സംരക്ഷണം ആവശ്യപ്പെട്ട് നേരത്തേ മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ആവശ്യം ഹൈക്കോടതി തള്ളുകയും വിദ്യാര്‍ഥികളുടെ ആവശ്യം ന്യായമാണെന്നും സമരം ചെയ്യാന്‍ അവസരമൊരുക്കണമെന്നും നിരീക്ഷിച്ചിരുന്നു.
നേരത്തെ 20 ദിവസത്തോളം നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ മര്‍കസ് മെയിന്‍ ഗെയിറ്റില്‍ പന്തല്‍ കെട്ടി സമരം നടത്തിയിരുന്നു.
ഇതിനിടെ സമരപ്പന്തല്‍ കഴിഞ്ഞ മാസം 25ന് പൊലിസ് പൊളിച്ചുമാറ്റുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സമരക്കാര്‍ ദേശീയ പാത ഉപരോധിക്കുന്നതിനിടെ മര്‍കസ് സ്ഥാപനങ്ങളില്‍ നിന്ന് കല്ലേറ് നടന്നിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെപേരില്‍ കുന്ദമംഗലം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഒ. സലിമിനേയും ഒന്‍പത് വിദ്യാര്‍ഥികളെയും പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടാഴ്ചത്തെ റിമാന്‍ഡ് കഴിഞ്ഞ് ഇവര്‍ കഴിഞ്ഞ ദിവസമാണ് ജയില്‍ മോചിതരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."