കവളപ്പാറയിലെ കണ്ണീര്‍പൂക്കള്‍
കരീമിനൊപ്പം ഓണമുണ്ണാന്‍ ഉടുക്കന്‍കുട്ടിയില്ല
ത്തപ്പന്‍കുന്നിന് മറുവശത്ത് അബ്ദുല്‍ കരീം വീടുവച്ചിട്ട് നാലു പതിറ്റാണ്ടിലേറെയായി. 40 സെന്റ് സ്ഥലത്ത് വാഴ കൃഷിയും, കറവപ്പശുക്കളുമായിരുന്നു ഉപജീവന മാര്‍ഗം. നാലുപെണ്‍കുട്ടികളാണ് കരീമിന്. നാലുപേരും വിവാഹിതര്‍. ഉടുക്കന്‍ കുട്ടി എന്ന ചന്ദ്രന്‍ സുഹൃത്തും കൃഷിയില്‍ സഹായിയുമായിരുന്നു. പലപ്പോഴും വീട്ടില്‍ നിന്നു തന്നെയാണ് അവന്റെ ഭക്ഷണമെന്ന് കരീം ഓര്‍ക്കുന്നു. ഞങ്ങളുടെ പെരുന്നാളും അവന്റെ ഓണവുമെല്ലാം പലപ്പോഴും എന്റെ വീട്ടിലാണ്. പെണ്‍മക്കള്‍ വിവാഹിതരായതിനാല്‍ അവനായിരുന്നു എന്റെ കൂട്ട്. ഇത്തവണ നാനൂറോളം വാഴകളുണ്ടായിരുന്നു. നാലു പശുക്കളും. ഇവയില്‍ രണ്ടെണ്ണം മണ്ണിനടയില്‍ പെട്ടു. രണ്ടെണ്ണത്തിനെ മറ്റൊരിടത്തേക്ക് അഴിച്ചുകെട്ടിയതിനാല്‍ അവ രക്ഷപ്പെട്ടു. 'സംഭവദിവസം ഞാനും ഭാര്യയും ഉടുക്കന്‍ കുട്ടിയും മകള്‍ ഷറഫുന്നീസയും അവളുടെ കൈക്കുഞ്ഞുമാണ് വീട്ടിലുണ്ടായിരുന്നത്. പ്രസവം കഴിഞ്ഞു കിടക്കുകയായിരുന്നു മകള്‍. മുത്തപ്പന്‍ കുന്നിന്റെ താഴെ ഭാഗത്താണ് വീട്. സമീപത്തെ തോട്ടില്‍ വെളളം കയറുന്നത് കണ്ടതോടെ മകളേയും കുഞ്ഞിനേയും മറ്റൊരിടത്തേക്ക് മാറ്റി.
രാത്രി ഭക്ഷണം കഴിച്ച് വെളളത്തിന്റെ തോതുനോക്കി താമസം മാറാമെന്നായിരുന്നു ഞങ്ങളുടെ തീരുമാനം. ഭാര്യ ഉമ്മറപ്പടിയോട് ചേര്‍ന്ന് ഖുര്‍ആന്‍ ഒതുകയാണ്. ഞാനും ഒടുക്കന്‍ കുട്ടിയും വീടിന്റെ രണ്ടറ്റത്തായി ഇരുന്നു സംസാരിക്കുന്നു. ഭാര്യയുടെ കയ്യിലുള്ള എമര്‍ജന്‍സി ലാമ്പിലെ വെളിച്ചമല്ലാതെ മറ്റൊന്നുമില്ല. ഇതിനിടയില്‍ ഭാര്യ അടുക്കളഭാഗത്തേക്ക് പോയി വെളളത്തിന് കുറവുണ്ടോയെന്ന് നോക്കിയതാണ്. വലിയ ശബ്ദം കേട്ടത് ഓര്‍മയുണ്ട്. അപ്പോഴേക്കും വെളളവും ചെളിയും ഇരച്ചെത്തി സമീപത്തെ ഉയര്‍ന്ന മതിലും കടന്ന് എന്നെ തെറിപ്പിച്ചു. പെട്ടെന്നാണ് ഒരു തെങ്ങോല തൂങ്ങിയത് കച്ചിത്തുരുമ്പായി പിടികിട്ടിയത്. അതില്‍ പിടിച്ച് ഉയരാന്‍ ശ്രമിച്ചു. അപ്പോഴേക്കും കാല് മുറിഞ്ഞെന്ന് ബോധ്യമായി. പിന്നീട് ആരെല്ലാമോ വന്ന് ഉയര്‍ന്ന സ്ഥലത്തേക്ക് മാറ്റി. മണിക്കൂറുകള്‍ കഴിഞ്ഞാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഭാര്യയും ഒടുക്കന്‍കുട്ടിയും മണ്ണിനടയില്‍ പെട്ട് മരിച്ചത് ഏറെ വൈകിയാണ് അറിഞ്ഞത്. ഭാര്യയെ ദിവസങ്ങള്‍ക്കുളളില്‍ കിട്ടിയെങ്കിലും ഒടുക്കന്‍കുട്ടിയുടെ മൃതദേഹം ഇന്നുവരെ ലഭിച്ചിട്ടില്ല'- ഭയപ്പാടിന്റെ വിഹ്വലതയോടൊപ്പം കരീം കണ്ണീരണിഞ്ഞിരുന്നു.
അത്തപ്പിറവി പോലുമറിയാതെ
ഓണം മാത്രമല്ല, ഞങ്ങള്‍ക്ക് പെരുന്നാളും ക്രിസ്മസും ഒക്കെ ആഘോഷങ്ങളാണ്. പക്ഷെ ഈ ഭൂമി ഇങ്ങിനെ കാണുമ്പോള്‍ ജീവിതത്തോട് ഒരുമരവിപ്പാണ്'- രാജേഷിന്റെ വാക്കുകള്‍ പലപ്പോഴും ഇടറി. കവളപ്പാറയില്‍ ദുരന്തത്തില്‍ പെട്ടവരുടെ വീടുകള്‍ ചൂണ്ടിക്കാട്ടിയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞും മുഴുസമയവും രജേഷ് കൂടെയുണ്ടായിരുന്നു. മണ്ണില്‍ ഏതു രീതിയില്‍ അവരുടെ മൃതദേഹം കണ്ടാലും ഞങ്ങള്‍ അയല്‍വാസികള്‍ക്ക് അറിയാനാകും. കാരണം അവരെല്ലാം ഞങ്ങളുടെ കൂടിപ്പിറപ്പുകളായിരുന്നു. ദുരന്തഭൂമിയില്‍ നിന്ന് വിളിപ്പാടകലെയാണ് താമസമെങ്കിലും ദുരന്തത്തില്‍ പെട്ടവരുമായി ഏറ്റവും അടുപ്പമുളളയാളാണ് രാജേഷ്.
ഏറ്റവും നല്ല ഓണം കഴിഞ്ഞ വര്‍ഷം ഭൂദാനം വായനശാലയുടെ കീഴിലാണ് ഞങ്ങള്‍ നടത്തിയത്. ജാതി-മത ഭേദമന്യേ എല്ലാവരും ഒരുമിച്ചുളള ആഘോഷം. എന്നാല്‍ ഈ വര്‍ഷം അത്തം പിറന്നത് പോലും ഞങ്ങള്‍ അറിഞ്ഞിട്ടില്ല. ഒരു വീട്ടിലും ഓണപ്പൂക്കളവുമില്ല. വര്‍ഷത്തില്‍ ഓണത്തിനും പെരുന്നാളിനുമാണ് ഭക്ഷണം രുചിയറിഞ്ഞ് കഴിക്കുന്നത്. ഇന്ന് തൊണ്ടയില്‍ നിന്ന് ഭക്ഷണം ഇറക്കാന്‍ പറ്റാത്ത അവസ്ഥയാണ്. മഴ കാണുന്നതും കൊളളുന്നതും പേടിയാണ്.
സോളാറിന്റെ ജോലിയാണ് എനിക്ക്. ജോലിക്ക് കൂടെപ്പോരുന്നയാളാണ് ദുരന്തത്തില്‍ മരിച്ച മുഹമ്മദ് കാക്ക. ഭാര്യ ഫൗസിയതാത്തയും മകള്‍ തുമ്പിയും ദുരന്തത്തില്‍ മരിച്ചു. അവരുടെ കുടംബവുമായി വല്ലാത്ത അടുപ്പമായിരുന്നു. പെരുന്നാളിന് അവരുടെ വീട്ടിലേക്ക് പോവും. ഓണത്തിന് തിരിച്ചിങ്ങോട്ടും. ദുരന്തത്തില്‍ മരിച്ച വിജയേട്ടനുമായും മകന്‍ വിഷ്ണുവുമായും അടുത്ത ബന്ധമായിരുന്നു. വിഷ്ണുവിന് പട്ടാളത്തിലായിരുന്നു ജോലി. സഹോദരി ജിഷ്ണയുടെ വിവാഹനിശ്ചയത്തിന് എത്തിയതായിരുന്നു വിഷ്ണു. വിജയേട്ടന്റെ മറ്റൊരു മകന്‍ ജിഷ്ണു വെളളം ഉയര്‍ന്ന മേഖലയില്‍ ആളുകളെ രക്ഷിക്കാന്‍ പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴേക്കും നാലുപേരും വീടും മണ്ണിനടയിലായി. മാജിഷ്ണയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടുമില്ല.
പൂ പറിക്കാനും പൂവട്ടിയെടുക്കാനും മക്കളില്ല
ഴിഞ്ഞ ഓണത്തിന് പൂ പറിക്കാന്‍ മുന്‍പെ നടന്നത് മകന്‍ സുജിത് ആയിരുന്നു. സഹോദരി സുശീലയുടെ മക്കളായ കര്‍ത്തിക്കും, കമലും കൂടി ചേര്‍ന്നാല്‍ പിന്നെ വീട്ടില്‍ ഉല്‍സവമാണ്. അവര്‍ മൂന്നു പേര്‍ മാത്രമല്ല, അച്ഛനും സഹോദരിയും മറ്റൊരു മകനും എന്റെ ഭാര്യയും എല്ലാവരും പോയി. ഇനി ജീവിതത്തില്‍ എന്ത് ആഘോഷം എന്ത് സന്തോഷം?'- പറഞ്ഞ് തീരും മുന്‍പെ സുനില്‍ വിതുമ്പി. വിശ്വാസപ്രകാരം അടക്കം ചെയ്യാന്‍ പോലും മക്കളുടെ മൃതദേഹം കവളപ്പാറയുടെ മണ്ണില്‍ നിന്ന് കിട്ടിയിട്ടില്ല. ഈവര്‍ഷം ഓണക്കോടി നേരത്തെ വാങ്ങണമെന്നായിരുന്നു മകന്റെ ആവശ്യം. ആഘോഷങ്ങള്‍ എപ്പോഴും കുരുന്നുകള്‍ക്കാണല്ലോ ഉണ്ടാവുക.
കവളപ്പാറയിലെ മണ്ണിനടയില്‍ കാണാമറയത്തുളള 11 പേരില്‍ ആറു പേരും കുട്ടികളാണ്. ദുരന്തത്തില്‍ പെട്ടവരും, സമീപത്തുമായി കഴിയുന്ന 140 കുടംബങ്ങള്‍ക്കു മാത്രമല്ല, നാട്ടിലെങ്ങും ഇത്തവണ ആഘോഷത്തിന്റെ പൂവിളികളില്ല. പിറന്ന നാട്ടിലേക്ക് മടങ്ങാനുളള മാര്‍ഗം തേടുകയാണവര്‍. മണ്ണുകൊണ്ടും ജലംകൊണ്ടും മുറിവേറ്റവര്‍ പുനരധിവാസത്തിന്റെ വാതായനങ്ങള്‍ തുറക്കുന്നതു കാത്ത് ദുരിതാശ്വാസ ക്യാംപിന്റെയും ബന്ധുവീടിന്റെയും വാടക വീടിന്റെയും ഉമ്മറപ്പടിയില്‍ പ്രതീക്ഷയുടെ വെട്ടത്തിനായി കാത്തിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."