കുടുംബസംഗമമൊരുക്കി കോണ്‍ഗ്രസ് പ്രവര്‍ത്തനം ശക്തമാക്കുന്നു
തിരുവനന്തപുരം: അടിത്തറ ബലപ്പെടുത്താന്‍ കോണ്‍ഗ്രസ് കുടുംബ സംഗമമൊരുക്കി താഴെക്കിടയില്‍ പ്രവര്‍ത്തനം ശക്തമാക്കുന്നു. സുധീര പക്ഷത്തുണ്ടായിരുന്ന നിരവധി പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്ന് അകലം പാലിക്കുന്നതും മറ്റു പാര്‍ട്ടികളിലേയ്ക്ക് ചേക്കേറുന്നതും നേതൃത്വത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ഇടതു സര്‍ക്കാരിനെതിരേ ശക്തമായ പ്രതിപക്ഷമില്ലായെന്ന് താഴെക്കിടയില്‍ തന്നെ അഭിപ്രായമുണ്ട്. സംഘടനാ തെരഞ്ഞെടുപ്പിനുമുമ്പായുള്ള കണക്കെടുപ്പില്‍ താഴെക്കിടയില്‍ പ്രവര്‍ത്തകരുടെ വ്യാപകമായ കൊഴിഞ്ഞുപോക്ക് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് കുടുംബ സംഗമമെന്ന ആശയവുമായി നേതൃത്വം രംഗത്തെത്തുന്നത്. ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് 24,000 കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റികളുടേയും നേതൃത്വത്തില്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കുന്നത്.
കോണ്‍ഗ്രസ് കുടുംബസംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകുന്നേരം നാലിന് തിരുവനന്തപുരം ജഗതി വാര്‍ഡിലെ കാര്‍മല്‍ സ്‌കൂളിലാണ് നടക്കുന്നത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ.ആന്റണിയാണ് ഉദ്ഘാടകന്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ജഗതി വാര്‍ഡിലെ താമസക്കാരായ കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും പങ്കെടുക്കും.
കോണ്‍ഗ്രസ് അംഗങ്ങളുടെ ബന്ധുക്കളെ കൂടി പങ്കെടുപ്പിച്ച് വൈകുന്നേരങ്ങളിലാണ് കുടുംബസംഗങ്ങള്‍ സംഘടിപ്പിക്കുന്നത്. ജൂണ്‍, ജൂലൈ മാസങ്ങളിലായി നടക്കുന്ന കുടുംബയോഗങ്ങളില്‍ ഇന്ദിരാഗാന്ധി അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തുന്നതോടൊപ്പം കെ.പി.സി.സി തയാറാക്കിയ ഇന്ദിരയുടെ ജീവിതത്തെ കുറിച്ചുള്ള സമഗ്ര വിവരണങ്ങള്‍ അടങ്ങിയ ഹ്രസ്വചിത്രവും പ്രദര്‍ശിപ്പിക്കും.
കേരള, കേന്ദ്ര സര്‍ക്കാരുകളുടെ ജനദ്രോഹ ഫാസിസ്റ്റ് ഭരണ ശൈലിയും ഭരണപരാജയങ്ങളും ജനങ്ങള്‍ക്ക് മുന്നില്‍ വ്യക്തമായി വിശദീകരിക്കുന്ന ഹ്രസ്വചിത്രവും കുടുംബസംഗമങ്ങളില്‍ പ്രദര്‍ശിപ്പിക്കും. ബൂത്ത് കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കുന്നതിനായി എല്ലാ ജില്ലകളിലേക്കും രണ്ട് കെ.പി.സി.സി ഭാരവാഹികളേയും ബ്ലോക്ക് കമ്മിറ്റികളിലേക്ക് ഡി.സി.സി. ഭാരവാഹികളേയും നിയമിച്ചിട്ടുണ്ട്.
എല്ലാ ബൂത്തുകളിലുമായി ഒരുലക്ഷം വ്യക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കണമെന്നും കെ.പി.സി.സി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."