ഐ.എന്‍.എല്ലില്‍ വിഭാഗീയത രൂക്ഷമാകുന്നു
മലപ്പുറം: ഐ.എന്‍.എല്ലിലെ വിഭാഗീയത വീണ്ടും മറനീക്കി പുറത്ത്. അച്ചടക്കലംഘനം നടത്തിയതിന് ഐ.എന്‍.എല്ലില്‍ നിന്ന് പുറത്താക്കപ്പെട്ട കെ.പി ഇസ്മായിലിനെ അനുകൂലിക്കുന്ന വിഭാഗം 14ന് മലപ്പുറത്ത് പ്രത്യേക കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ത്തു.
നിലവില്‍ മലപ്പുറം ജില്ലയില്‍ ഔദ്യോഗിക വിഭാഗമായി പ്രവര്‍ത്തിക്കുന്ന കമ്മിറ്റിയെ അംഗീകരിക്കാത്ത വിമത വിഭാഗം കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ത്തത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് കരുത്തുകാട്ടാനാണ് വിമത വിഭാഗത്തിന്റെ നീക്കം. ഭൂരിഭാഗം മണ്ഡലം കമ്മിറ്റികളും പ്രവര്‍ത്തകരും തങ്ങള്‍ക്കൊപ്പമാണെന്നാണ് ഇവരുടെ അവകാശവാദം.
ഒരുവര്‍ഷം മുന്‍പ് നടന്ന മലപ്പുറം ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഐ.എന്‍.എല്‍ നേതാക്കള്‍ക്കിടയില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസം ആരംഭിച്ചത്. മുതിര്‍ന്ന നേതാക്കളായ പ്രൊഫ. എ.പി വഹാബ്, കെ.പി ഇസ്മായില്‍ എന്നിവര്‍ പിന്തുണച്ച പാനല്‍ പരാജയപ്പെട്ടതോടെ പോര് ശക്തമായി. ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ പലതവണ ഇരുവിഭാഗത്തിനിടയിലും സമവായങ്ങള്‍ രൂപപ്പെടുത്തിയെങ്കിലും ഇതെല്ലാം പരാജയപ്പെടുകയായിരുന്നു. സമവായ നിര്‍ദേശത്തെ പരസ്യമായി തള്ളി കെ.പി ഇസ്മായില്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തിനെതിരേ രംഗത്തെത്തിയതോടെ മലപ്പുറത്തെ വിഭാഗീയത സംസ്ഥാനതലത്തിലേക്കും വ്യാപിച്ചു. ഇസ്മായിലിനെതിരായ അച്ചടക്കനടപടിയെ പാര്‍ട്ടിയിലെ പല മുതിര്‍ന്ന നേതാക്കളും അനുകൂലിച്ചപ്പോള്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി വഹാബും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന നേതാക്കളും അച്ചടക്ക നടപടിക്കെതിരായിട്ടാണ് നിലകൊണ്ടത്. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഐ.എന്‍.എല്ലിന് ഇടതുമുന്നണിയില്‍ അംഗത്വം ലഭിച്ചത്. എന്നാല്‍, ഇപ്പോള്‍ ഐ.എന്‍.എല്ലിലെ ഗ്രൂപ്പ് പോര് ഇടതുമുന്നണിക്കും തലവേദനയായിരിക്കുകയാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."